യമാൽ, വില്യംസ്, ബെലിങ്ങാം, മുസിയാള എന്നിവർക്കൊപ്പം യൂറോയിൽ തിളങ്ങിയ യുവതാരങ്ങൾ; യൂറോയിലെ യൂത്ത് ഫെസ്റ്റ്!
Mail This Article
യൂറോ കപ്പ് സെമിഫൈനൽ വരെയുള്ള പോരാട്ടങ്ങളിലൂടെ ലോക ഫുട്ബോളിലേക്കു വരവറിയിച്ചത് ഒട്ടേറെ യുവതാരങ്ങൾ. സ്പെയിനിന്റെ ലമീൻ യമാൽ, നിക്കോ വില്യംസ്, ജർമനിയുടെ ജമാൽ മുസിയാള, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങാം തുടങ്ങിയവർ ഈ ‘പയ്യൻസ് ക്ലബ്ബിലെ’ അംഗങ്ങളാണ്.
ഇതിനകം ലോകം നോട്ടമിട്ട ഇവർക്കൊപ്പം ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഓടിക്കയറിയ ഉത്സാഹികളായ പയ്യൻമാർ വേറെയുമുണ്ട്. ലോക ഫുട്ബോളിലും വരും സീസണിൽ ക്ലബ് തലത്തിലും ഇവരാകും ശ്രദ്ധാകേന്ദ്രങ്ങൾ...
∙ അർദ ഗുലർ (19)
മികച്ച പാസിങ് റേഞ്ചുള്ള, എതിർ കളിക്കാർക്കിടയിലൂടെ അതിവേഗം സഞ്ചരിക്കാൻ കഴിവുള്ള പത്തൊൻപതുകാരൻ. ഒട്ടേറെ മികച്ച താരങ്ങളുള്ള റയൽ മഡ്രിഡ് ടീമിൽ സ്ഥിരം ഇടം നേടാൻ തയാറെടുക്കുകയാണ് ഗുലർ. ഗ്രൂപ്പ് ഘട്ടത്തിൽ ജോർജിയയ്‌ക്കെതിരെ തകർപ്പൻ ഗോളുമായി തുർക്കിയുടെ യൂറോ കുതിപ്പിനു തിരികൊളുത്തി. മികച്ച ഡ്രിബ്ലിങ്, പ്രവചനാതീതമായ ചലനങ്ങൾ, ഒന്നിലധികം പ്രതിരോധക്കാരെ അനായാസം മറികടക്കാനുള്ള കഴിവ് എന്നിവ സ്വന്തം.
പന്ത് എളുപ്പത്തിൽ നിയന്ത്രിച്ച് ചെറുതും വലുതുമായ പാസുകൾ കൃത്യമായി നൽകാൻ മിടുക്കൻ. തുർക്കി യൂറോയിൽ നിന്നു പുറത്തായെങ്കിലും ഗുലറിന്റെ പ്രകടനം യൂറോയിൽ വലിയ ശ്രദ്ധ നേടി.
∙ സാവി സിമൺസ് (21)
ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽനിന്നു വായ്പക്കരാറിൽ ജർമൻ ക്ലബ് ലൈപ്സീഗിലെത്തിയ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ. ആംസ്റ്റർഡാമിൽ ജനിച്ച സിമൺസ്, നെതർലൻഡ്സിനെ എല്ലാ യൂത്ത് തലങ്ങളിലും പ്രതിനിധീകരിച്ചു.
പരുക്കേറ്റ ഫ്രങ്കി ഡിയോങ്ങിന്റെ പകരക്കാരനായി ഈ യൂറോയിൽ തിളങ്ങി. കോച്ച് റൊണാൾഡ് കൂമാന്റെ പ്രിയപ്പെട്ട പ്ലേമേക്കർ. മുൻനിരയിൽ എവിടെയും കളിക്കാനാകും. ഡ്രിബ്ലിങ്, അതിവേഗത്തിൽ ദിശ മാറി മുന്നേറാനുള്ള കഴിവ്.
∙ റിക്കാർഡോ കലഫിയോറി (22)
ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പാവ്‌ലോ മാൾഡീനിക്കു പകരക്കാരൻ എന്ന ഖ്യാതിയോടെ യൂറോയ്ക്കെത്തിയ യുവ ഡിഫൻഡർ. നിലവിലെ ചാംപ്യന്മാരായ ഇറ്റലിക്കു തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും സീരി എയിലെ മികച്ച പ്രതിരോധ താരമായ കലഫിയോറി ആരാധക ഹൃദയം കവർന്നു.
മികച്ച ശരീരക്ഷമതയും പാസിങ് റേഞ്ചും. സെന്റർ ബാക്ക്, ലെഫ്റ്റ് ബാക്ക് എന്നീ പൊസിഷനുകളിൽ കളിക്കാൻ കഴിയും. ഇറ്റലിയുടെ ഭാവി വാഗ്ദാനമായ ഈ പ്രതിരോധ താരത്തെ ഇംഗ്ലിഷ് ക്ലബ് ആർസനൽ നോട്ടമിട്ടിട്ടുണ്ട്.
∙ ഫ്ലോറിയൻ വെറ്റ്സ് (21)
യൂറോയിൽ ജർമനിയുടെ ആദ്യ ഗോൾ നേടിയത് ഇരുപത്തൊന്നുകാരൻ ഫ്ലോറിയൻ വെറ്റ്സാണ്. യൂറോ ചാംപ്യൻഷിപ്പുകളുടെ ചരിത്രത്തിൽ ജർമനിയുടെ ആദ്യ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം. 2020 മുതൽ ജർമൻ ബുന്ദസ്‌ലിഗയിൽ ബയേർ ലെവർക്യൂസനായി കളിക്കുന്നു.
അവിടെ സാബി അലോൻസോയുടെ കീഴിൽ അറ്റാക്കിങ് മിഡ്ഫീൽഡറായി തെളിഞ്ഞു. 2021ലാണ് ജർമൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച പാസിങ് റേഞ്ചും എതിരാളികളെ അനായാസം മറികടക്കാനുള്ള മികവുമുണ്ട്.
∙ കോബി മൈനു (19)
ഇംഗ്ലണ്ടിന്റെ ആദ്യ ഇലവനിൽ സ്ഥിരം ഇടം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം. മധ്യനിരയിൽ സീനിയർ താരം ഡെക്ലാൻ റൈസിനൊപ്പം ഇംഗ്ലണ്ടിനായി കളി മെനയുന്നു. പന്ത് നിയന്ത്രിച്ചു വയ്ക്കാനും നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കാനും മിടുക്കൻ.
നെതർലൻഡ്സിനെതിരായ സെമിയിൽ ആദ്യ ഇലവനിൽ ഇടം നേടിയതോടെ യൂറോ സെമിയിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. മധ്യനിര നിറഞ്ഞുള്ള പ്രകടനത്തോടൊപ്പം പ്രതിരോധത്തിലും പ്രധാന സഹായി.