യൂറോ കപ്പിൽ സ്പെയിന് നാലാം കിരീടം, തുടർച്ചയായ രണ്ടാം ഫൈനലും തോറ്റ് ഇംഗ്ലണ്ട് (2-1)
- Williams 47
- Oyarzabal 86
- Palmer 71
Mail This Article
ബർലിൻ∙ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്‍ത്തെറിഞ്ഞ് സ്പെയിന് യൂറോ കപ്പിൽ നാലാം കിരീടം. നിക്കോ വില്യംസ് (47), മികേൽ ഒയർസബാൽ (86) എന്നിവരാണ് സ്പെയിനിനായി ഗോൾ നേടിയത്. പകരക്കാരൻ കോൾ പാമർ 73–ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ തോൽക്കുന്നത്. കഴിഞ്ഞ തവണ ഇറ്റലിയോട് ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് വീണിരുന്നു. 1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ മുൻപ് യൂറോ കപ്പ് വിജയിച്ചത്.
നാലു പ്രാവശ്യം യൂറോ കപ്പ് നേടുന്ന ആദ്യ ടീമാണ് സ്പെയിൻ. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡെടുത്ത സ്പെയിനെ കോൾ പാമറുടെ മറുപടി ഗോളിലൂടെ ഇംഗ്ലണ്ട് ഞെട്ടിച്ചിരുന്നു. എന്നാൽ 86–ാം മിനിറ്റിൽ ഒയർസബാൽ സ്പെയിനിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. 89–ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ കോർണറിൽനിന്നുള്ള ഗോൾ ശ്രമങ്ങൾ സ്പെയിൻ ഗോളി ഉനായ് സിമോണും ഡാനി ഒൽമോയും തടഞ്ഞത് മത്സരത്തിൽ നിർണായകമായി.
ഗോൾ രഹിതം ആദ്യ പകുതി
മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ ഇംഗ്ലണ്ട് ബോക്സിൽ അപകടം വിതയ്ക്കുന്ന നീക്കങ്ങളുമായി സ്പെയിൻ കളം നിറഞ്ഞു. എട്ടാം മിനിറ്റിൽ ഇടതു വിങ്ങിൽനിന്ന് ഒൽമോയെയും റൂയിസിനെയും കണ്ടെത്താൻ നിക്കോ വില്യംസിന്റെ ശ്രമം. പക്ഷേ ഡെക്‌ലാൻ റൈസിന്റെ ഇന്റർസെപ്ഷൻ ഇംഗ്ലണ്ടിനെ രക്ഷപ്പെടുത്തി. 11–ാം മിനിറ്റിൽ ഇംഗ്ലണ്ട് ബോക്സിനകത്തുനിന്ന് കിക്കെടുക്കാനുള്ള നിക്കോ വില്യംസിന്റെ ശ്രമവും പ്രതിരോധ താരം റൈസ് പരാജയപ്പെടുത്തി.
കൗണ്ടർ ആക്രമണങ്ങളിലൂടെയായിരുന്നു ആദ്യ മിനിറ്റുകളിൽ ഇംഗ്ലണ്ടിന്റെ മറുപടി.സ്പാനിഷ് താരം ഫാബിയൻ റൂയിസിനെതിരായ ഫൗളിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ യെല്ലോ കാർഡ് കണ്ടു. 30–ാം മിനിറ്റിൽ ഡെക്‌ലാന്‍ റൈസിനെതിരായ ഫൗളിൽ സ്പാനിഷ് മിഡ്ഫീൽഡർ ഡാനി ഒൽമോയ്ക്കും യെല്ലോ കാർഡ് ലഭിച്ചു. സ്പാനിഷ് താരങ്ങളായ ലാമിൻ യമാലിന്റെയും നിക്കോ വില്യംസിന്റെയും നീക്കങ്ങളെ ആദ്യ പകുതിയിൽ ഇംഗ്ലിഷ് പ്രതിരോധ നിര പിഴവുകളില്ലാതെ തടഞ്ഞുനിർത്തി.
36–ാം മിനിറ്റില്‍ കോർണറിൽനിന്നു പന്ത് ലഭിച്ച ഒൽമോ ഷോട്ടെടുത്തെങ്കിലും ദുർബലമായ നീക്കം ഇംഗ്ലിഷ് പ്രതിരോധം പരാജയപ്പെടുത്തി. 42–ാം മിനിറ്റിൽ ഇംഗ്ലണ്ട് ബോക്സില്‍ സ്പെയിൻ ക്യാപ്റ്റൻ അൽവാരോ മൊറാട്ടയ്ക്കു പന്തു ലഭിച്ചെങ്കിലും പ്രതിരോധ താരങ്ങളെ മറികടന്ന് ഷോട്ടെടുക്കാൻ സാധിച്ചില്ല. 43–ാം മിനിറ്റിൽ ഡെക്‌ലൻ റൈസിനെ നിക്കോ വില്യംസ് വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് അനുകൂലമായ ഫ്രീകിക്ക്. സ്പെയിന് അപകടകരമായ പൊസിഷനില്‍നിന്ന് എടുത്ത കിക്ക് ഫിൽ ഫോഡൻ കൃത്യമായി വലയിലെത്തിക്കാൻ ശ്രമിച്ചു. പക്ഷേ സ്പാനിഷ് ഗോളി ഉനായ് സിമോൺ പന്ത് പിടിച്ചെടുത്തു. ആദ്യ പകുതിക്ക് രണ്ട് മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. ഈ സമയത്തും ഗോളൊന്നും വന്നില്ല.
കളി മാറിയ രണ്ടാം പകുതി
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റോഡ്രിയെ പിൻവലിച്ച് സ്പെയിൻ മാർട്ടിൻ സുബിമെൻഡിയെ ഗ്രൗണ്ടിലിറക്കി. തൊട്ടുപിന്നാലെയാണ് സ്പെയിനിന്റെ ഗോളെത്തിയത്. 47–ാം മിനിറ്റിൽ ബോക്സിന്റെ വലതു ഭാഗത്തുനിന്ന് പന്തുമായി ലമീൻ യമാലിന്റെ നീക്കം. ബോക്സിന്റെ ഇടതു ഭാഗത്തുണ്ടായിരുന്ന കൂട്ടുകാരൻ നിക്കോ വില്യംസിന് പാസ് നൽകാൻ യമാലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പന്തു പിടിച്ചെടുത്ത വില്യംസ് ഇംഗ്ലിഷ് ഗോളി ജോർദാൻ പിക്ഫോർഡിനെ മറികടന്ന് ലക്ഷ്യം കണ്ടു.
തൊട്ടുപിന്നാലെ സ്പെയിന് അടുത്ത അവസരവും ലഭിച്ചു. വില്യംസിന്റെ പാസിൽ ഡാനി ഒൽമോ എടുത്ത ഷോട്ട് പുറത്തേക്കു പോയി. 60–ാം മിനിറ്റിൽ ഹാരി കെയ്നെ പിൻവലിച്ച് ഇംഗ്ലണ്ട് ഒലി വാറ്റ്കിൻസിനെ പകരക്കാരനാക്കി. 64–ാം മിനിറ്റിൽ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാം എടുത്ത ഷോട്ട് നേരിയ വ്യത്യാസത്തിലാണു ഗോളാകാതെ പോയത്. രണ്ടാം പകുതിയിൽ ഹൈ ബോൾ ഗെയിമിലേക്കു മാറിയ ഇംഗ്ലണ്ട് കൂടുതൽ അവസരങ്ങൾ തുറന്നെടുത്തു. 67–ാം മിനിറ്റിൽ ലാമിൻ യമാലിന്റെ തകർപ്പനൊരു ഷോട്ട് ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ഫോർഡ് തട്ടിയകറ്റി. രണ്ടാം പകുതിയിൽ സ്പെയിൻ അൽവാരോ മൊറാട്ടയെ പിൻവലിച്ചു. 82–ാം മിനിറ്റിൽ ബോക്സിൽവച്ച് ലാമിൻ യമാൽ എടുത്ത ഷോട്ട് ഇംഗ്ലണ്ട് ഗോളി പ്രതിരോധിച്ചു.
നിശ്ചിത സമയത്തെ കളി അവസാനിക്കാൻ നാലു മിനിറ്റു മാത്രം ബാക്കിയുള്ള സമയത്താണ് സ്പെയിന്‍ വീണ്ടും ലീഡെടുത്തത്. ഇടതു വിങ്ങിൽനിന്ന് കുര്‍ക്കുറെലയുടെ പാസിൽ പകരക്കാരൻ ഒയർസബാൽ ലക്ഷ്യം കണ്ടു. സ്കോർ 2–1. 89–ാം മിനിറ്റിൽ ഇംഗ്ലണ്ട് സമനില ഗോളിനു തൊട്ടടുത്ത്. ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ ജോൺ സ്റ്റോണ്‍സിന്റെ ഹെഡർ ഗോൾകീപ്പർ തട്ടിയകറ്റി. പന്തു ലഭിച്ച ഡെക്ലാൻ റൈസിന്റെ ഹെഡർ ഗോൾലൈനിൽനിന്ന ഓൽമോ ഹെഡ് ചെയ്തകറ്റി. ഇക്കുറി പന്തു ലഭിച്ച മാർക് ഗുയേഹിയുടെ ശ്രമം പുറത്തേക്ക് പോയി. ഇതോടെ സ്പെയിൻ കിരീട നേട്ടം ആഘോഷമാക്കി തുടങ്ങിയിരുന്നു.