'ടിക്കറ്റില്ലാത്ത കാണികൾ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറി; അർജന്റീന–കൊളംബിയ ഫൈനൽ വൈകിയത് ഒന്നര മണിക്കൂറോളം– വിഡിയോ
Mail This Article
മയാമി∙ സുരക്ഷാ വീഴ്ചയെ തുടർന്ന് കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീന– കൊളംബിയ ഫൈനൽ മത്സരം വൈകിയത് ഒന്നര മണിക്കൂറോളം. ഇന്ത്യൻ സമയം 5.30നു തുടങ്ങേണ്ടിയിരുന്ന മത്സരം ഏറെ നേരം നീണ്ട അനിശ്ചിതത്വങ്ങൾക്കും നാടകീയ നിമിഷങ്ങൾക്കുമൊടുവിൽ ഒന്നര മണിക്കൂറോളം വൈകി 6.55നാണ് ആരംഭിച്ചത്. ടിക്കറ്റില്ലാത്ത ആരാധകർ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇവരെ നിയന്ത്രിക്കാനാകാത്ത സ്ഥിതി വന്നതോടെ മത്സരം 30 മിനിറ്റ് വൈകുമെന്ന് സംഘാടകർ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണു മത്സരം നടക്കുന്നത്. ടിക്കറ്റില്ലാത്തവരെ സ്റ്റേഡിയത്തിലേക്കു കയറ്റില്ലെന്ന് കോപ്പ അമേരിക്ക സംഘാടകരായ കോൺമെബോൾ എക്സ് പ്ലാറ്റ്ഫോമിലും കുറിച്ചു. ടിക്കറ്റ് വാങ്ങിയവർക്ക് ഉടൻ തന്നെ സ്റ്റേഡിയത്തിലേക്കു കടക്കാമെന്നും കോൺമെബോൾ വ്യക്തമാക്കി. ഒടുവിൽ 6.55നാണ് മത്സരം ആരംഭിച്ചത്.
കോപ്പയിൽ 16 തവണ ജേതാക്കളാവുകയെന്ന റെക്കോർഡാണ് അർജന്റീന ലക്ഷ്യമിടുന്നതെങ്കിൽ കൊളംബിയ ഒരേയൊരു വട്ടം കപ്പ് നേടിയത് രണ്ടു പതിറ്റാണ്ടു മുൻപാണ്; 2001ൽ. എന്നാൽ സീനിയർ താരം ഹാമിഷ് റോഡ്രിഗസിന്റെ മികവിൽ ഇത്തവണ കോപ്പയിൽ മികച്ച പ്രകടനമാണ് കൊളംബിയ കാഴ്ച വച്ചത്. തുടർച്ചയായി 28 മത്സരങ്ങളിൽ അപരാജിതരായി നിൽക്കുകയാണ് അവർ.
കാനഡയ്ക്കെതിരെ സെമിഫൈനലിൽ ഗോൾ നേടിയ യൂലിയൻ അൽവാരസ് തന്നെ ഫോർവേഡ് ആയി ആദ്യ ഇലവനിലുണ്ട്. ടോപ് സ്കോറർ ലൗറ്റാരോ മാർട്ടിനസ് റിസർവ് ബെഞ്ചിൽ തന്നെയാകും. യുറഗ്വായ്ക്കെതിരെ സെമിഫൈനലിൽ ചുവപ്പു കാർഡ് കണ്ട കൊളംബിയൻ ഡിഫൻഡർ ഡാനിയേൽ മുനോസ് ഫൈനലിൽ കളിക്കുന്നില്ല. സാധാരണയായി ഇറങ്ങാറുള്ള 4–4–2 ഫോർമേഷൻ മാറി 4–3–3 ഫോർമേഷനിലാണ് അർജന്റീന ഫൈനലിന് ഇറങ്ങുന്നതെന്നാണു വിവരം. അൽവാരസിനൊപ്പം എഞ്ചൽ ഡി മരിയയും ലയണൽ മെസ്സിയും മുൻനിരയിൽ കളിക്കും.