ADVERTISEMENT

മയാമി∙ എക്സ്ട്രാ ടൈമിലേക്കു നീണ്ട പോരാട്ടത്തിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം. 112–ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനസാണ് അർ‌ജന്റീനയുടെ വിജയ ഗോൾ നേടിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും ഗോൾ രഹിതമായതോടെ ഫൈനൽ പോരാട്ടം എക്സ്ട്രാ ടൈമിലേക്കു കടക്കുകയായിരുന്നു. കോപ്പ അമേരിക്കയിൽ അർജന്റീനയുടെ 16–ാം കിരീടമാണിത്. രണ്ടാം പകുതിയിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസി പരുക്കേറ്റു പുറത്തായത് ആരാധകർക്കു നിരാശയായി. സ്റ്റേഡിയത്തിലേക്ക് ആരാധകർ തള്ളിക്കയറാൻ ശ്രമിച്ചതു കാരണം ഒന്നര മണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്.

ഗോളില്ലാ ആദ്യ പകുതി

ഇരു ടീമുകള്‍ക്കും ആദ്യ പകുതിയിൽ അവസരങ്ങൾ ഏറെ ലഭിച്ചിരുന്നെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. പന്തടക്കത്തിലും ഓൺടാര്‍ഗറ്റ് ഷോട്ടുകളുടെ എണ്ണത്തിലും പാസുകളിലും കൊളംബിയയ്ക്കായിരുന്നു ആദ്യ പകുതിയിൽ മേൽക്കൈ. ആദ്യ മിനിറ്റിൽ തന്നെ അർജന്റീനയുടെ ആക്രമണമെത്തി. ഗോൺസാലോ മോണ്ടിയൽ നൽകിയ പന്തുമായി യൂലിയൻ അൽവാരസിന്റെ കുതിപ്പ്. പക്ഷേ ഫസ്റ്റ് ടൈം ഷോട്ടെടുക്കാനുള്ള അൽവാരസിന്റെ ശ്രമം പിഴച്ചു. ഏഴാം മിനിറ്റിൽ അർജന്റീന ഗോൾ മുഖം വിറപ്പിച്ച് കൊളംബിയയുടെ നീക്കമെത്തി. ക്യാപ്റ്റൻ ഹാമിഷ് റോഡ്രിഗസ് കോർഡോബയെ ലക്ഷ്യമാക്കി ബോക്സിലേക്കു നൽകിയ ക്രോസ്. കോർഡോബയുടെ ഷോട്ട് പോസ്റ്റിൽ തട്ടിപുറത്തേക്കുപോയി. ആദ്യ മിനിറ്റുകളിൽ കൊളംബിയൻ താരങ്ങളുടെ തുടർച്ചയായ ആക്രമണങ്ങള്‍ക്ക് മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.

അർജന്റീനയ്ക്കായി ഗോൾ നേടിയ ലൊതാരോ മാർട്ടിനസിന്ററെ ആഹ്ലാദം. Photo: X@CopaAmerica
അർജന്റീനയ്ക്കായി ഗോൾ നേടിയ ലൊതാരോ മാർട്ടിനസിന്ററെ ആഹ്ലാദം. Photo: X@CopaAmerica

20–ാം മിനിറ്റിൽ ഏയ്ഞ്ചല്‍ ഡി മരിയയുടെ പാസിൽൽനിന്ന് മെസിയെടുത്ത ഷോട്ട് കൊളംബിയൻ പ്രതിരോധത്തിൽ തട്ടി ലക്ഷ്യത്തിലെത്താതെ പോയി. അർജന്റീന ബോക്സിൽവച്ച് ലിസാൻഡ്രോ മാർട്ടിനസിനെ വീഴ്ത്തിയതിന് കൊളംബിയൻ ഫോര്‍വേഡ് ജോൺ കോർഡോബ 27–ാം മിനിറ്റിൽ യെല്ലോ കാർഡ് കണ്ടു. 33–ാം മിനിറ്റിൽ കൊളംബിയൻ താരം ജെഫേർസൻ ലെർമയുടെ ഷോട്ട് അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് തട്ടിയകറ്റി. തൊട്ടുപിന്നാലെ കൊളംബിയ പ്രതിരോധ താരം സാന്റിയാഗോ അരിയാസിന്റെ ഫൗളിൽ ലയണൽ മെസി പരുക്കേറ്റു ഗ്രൗണ്ടിൽ വീണു. മത്സരം ഏതാനും നേരത്തേക്കു നിർത്തിവച്ചു. 43–ാം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായ ഫ്രീകിക്ക്. അർജന്റീന താരം തഗ്‍ലിയാഫികോയെ കൊളംബിയൻ താരം റിച്ചഡ് റിയൂസ് ഫൗൾ ചെയ്തു വീഴ്ത്തിയതിനാണു നടപടി. മെസിയെടുത്ത ഫ്രീകിക്കിൽ തഗ്‍ലിയാഫികോ ഹെഡ് ചെയ്തെങ്കിലും ലക്ഷ്യം കാണുന്നില്ല. ഒരു മിനിറ്റാണ് ആദ്യ പകുതിക്ക് അധികസമയമായി അനുവദിച്ചത്.

പരുക്കേറ്റു മടങ്ങി മെസി, രണ്ടാം പകുതിയും ഗോൾ രഹിതം

രണ്ടാം പകുതിയുടെ തുടക്കത്തിൽ അലക്സിസ് മാക് അലിസ്റ്ററിന് കൊളംബിയൻ ബോക്സിൽനിന്നു പന്തു ലഭിച്ചെങ്കിലും, ഷോട്ട് ഉതിർക്കാൻ സാധിക്കാതെ പോയി. ഏയ്ഞ്ചൽ ഡി മരിയയെ ലെർമ ഫൗൾ ചെയ്തു വീഴ്ത്തിയതോടെ പ്രതിഷേധവുമായി അർജന്റീന പരിശീലകൻ ലയണൽ സ്കലോനി രംഗത്തെത്തി. സപ്പോർട്ട് സ്റ്റാഫുകൾ ഏറെ പണിപ്പെട്ടാണ് സ്കലോനിയെ സമാധാനിപ്പിച്ചത്. തൊട്ടുപിന്നാലെ കൊളംബിയ ക്യാപ്റ്റൻ ഹാമിഷ് റോഡ്രിഗസിനെ ഫൗൾ ചെയ്തതിന് അർജന്റീന താരം മാക് അലിസ്റ്റർ യെല്ലോ കാർഡ് കണ്ടു.

64–ാം മിനിറ്റിൽ ലയണൽ മെസി പരുക്കേറ്റു ഗ്രൗണ്ടിൽ വീണു. വേദന അനുഭവപ്പെട്ടതോടെ അർജന്റീന മെസിയെ തിരികെ വിളിച്ചു. കരഞ്ഞുകൊണ്ടാണ് മെസി ഗ്രൗണ്ട് വിട്ടത്. പകരക്കാരനായി നിക്കോ ഗോൺസാലസ് ഗ്രൗണ്ടിലെത്തി. ഡഗ് ഔട്ടിൽവച്ചും പൊട്ടിക്കരഞ്ഞ മെസി മത്സരത്തിലെ സങ്കടക്കാഴ്ചയായി. 76–ാം മിനിറ്റിൽ നിക്കോ ഗോൺസാലസ് അർജന്റീനയ്ക്കായി വല കുലുക്കി. സ്ലൈഡിങ് ഫിനിഷിലൂടെ നേടിയ ഗോൾ ഓഫ് സൈഡ് വിളിച്ച് നിഷേധിച്ചതോടെ അർജന്റീന ആരാധകർ നിരാശയിലായി. 80–ാം മിനിറ്റിൽ അർജന്റീന താരം നിക്കോ ഗോൺസാലസ് പന്തുമായി കൊളംബിയ ബോക്സിലേക്ക് ഇരച്ചെത്തിയെങ്കിലും ഷോട്ട് ഉതിർക്കാൻ സാധിച്ചില്ല.

81–ാം മിനിറ്റിൽ ഹാമിഷ് റോഡ്രിഗസിന്റെ ഫ്രീകിക്ക് അർജന്റീന പ്രതിരോധം തട്ടിയകറ്റി. എയ്ഞ്ചൽ ഡി മരിയ ഉയര്‍ത്തി നൽകിയ ക്രോസ് ഗോളാക്കാനുള്ള അർജന്റീന ശ്രമം 88–ാം മിനിറ്റിൽ പരാജയപ്പെട്ടു. നിക്കോ ഗോൺസാലസ് പന്ത് ഹെഡ് ചെയ്തെങ്കിലും വലയിലേക്കു തട്ടിയിടാൻ യൂലിയൻ അൽവാരസിനു സാധിക്കാതെ പോയി. നാലു മിനിറ്റാണ് രണ്ടാം പകുതിക്ക് അധികസമയമായി അനുവദിച്ചത്. ഈ സമയത്തും ഗോളില്ലാതിരുന്നതോടെ കളി എക്സ്ട്രാ ടൈമിലേക്കു നീണ്ടു.

English Summary:

Copa America Final, Argentina vs Colombia Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com