കൊളംബിയയുടെ ‘കൊമ്പൊടിച്ച’ സ്കലോണി മൂവ്; മെസ്സി ഇല്ലാതിരുന്നിട്ടും അർജന്റീന ഗോൾ അടിച്ചത് എങ്ങനെ?
Mail This Article
മയാമി∙ കൊളംബിയയെ പരാജയപ്പെടുത്തി, പതിനാറാം തവണ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ അർജന്റീനയ്ക്ക് ഫൈനൽ പോരാട്ടത്തിൽ നിർണായകമായത് കോച്ച് ലയണൽ സ്കലോണിയുടെ ‘ടാക്റ്റിക്കൽ സബ്സ്റ്റിറ്റ്യൂഷൻ’. നിശ്ചിത സമയത്ത് മത്സരം ഗോൾരഹിത സമനിലയിലായിരുന്നതോടെയാണ് ഫൈനൽ എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. 97–ാം മിനിറ്റിലായിരുന്നു സ്കലോണിയുടെ ട്രിപ്പിൾ സബ്സ്റ്റിറ്റ്യൂഷൻ.
എൻസോ ഫെർണാഡസ്, അലക്സിസ് മാക് അലിസ്റ്റർ, യൂലിയൻ അൽവാരസ് എന്നിവർക്കു പകരം ലിയാൻഡ്രോ പരേഡസ്, ജിയോവാനി ലൊ സെൽസോ, ലൗട്ടാരോ മാർട്ടിനസ് എന്നിവരാണ് കളത്തിലിറങ്ങിയത്. ഇവർ മൂന്നു പേരുടെയും കൂട്ടായ സംഭാവനയായിരുന്നു 112–ാം മിനിറ്റിൽ പിറന്ന അർജന്റീനയുടെ വിജയഗോൾ. മിഡ്ഫീൽഡിൽനിന്ന് പരേഡസിൽനിന്ന് ലഭിച്ച പന്ത്, ലൊ സെൽസോ ഫ്ലിക്ക് ചെയ്ത് മാർട്ടിനസിനു കൈമാറുകയായിരുന്നു. കിടിലൻ കിക്കിൽ മാർട്ടിനസ് ലക്ഷ്യ കണ്ടതോടെ ഗോളിനൊപ്പം പോന്നത് കോപ്പ കിരീടം കൂടിയാണ്. ലയണൽ മെസ്സി കളത്തിലില്ലാതെയിരുന്നിട്ടും അർജന്റീനയുടെ ഗോൾ പിറന്നത് കോച്ചിന്റെ ഈ നിർണായക തീരുമാനത്തിലൂടെയാണ്.
മത്സരത്തിന്റെ 64–ാം മിനിറ്റിലാണ് ലയണൽ മെസി പരുക്കേറ്റു ഗ്രൗണ്ടിൽ വീണത്. വേദന അനുഭവപ്പെട്ടതോടെ അർജന്റീന മെസിയെ തിരികെ വിളിച്ചു. കരഞ്ഞുകൊണ്ടാണ് മെസി ഗ്രൗണ്ട് വിട്ടത്. പകരക്കാരനായി നിക്കോ ഗോൺസാലസ് ഗ്രൗണ്ടിലെത്തി. ഡഗ് ഔട്ടിൽവച്ചും പൊട്ടിക്കരഞ്ഞ മെസി മത്സരത്തിലെ സങ്കടക്കാഴ്ചയായി. ഈ ടൂർണമെന്റിൽ ആകെ ഒരു ഗോളാണ് മെസ്സി അടിച്ചത്. സെമിയിൽ കാനഡയ്ക്കെതിരെയായിരുന്നു മെസ്സിയുടെ ഗോൾ.
സ്കലോണിയുടെ ‘തന്ത്രങ്ങളുടെ’ കൂടി ബലത്തിലാണ് അർജന്റീനയുടെ ഈ കിരീടനേട്ടം. ശരാശരിപ്രകടനം മാത്രമാണ് അർജന്റീന ടൂർണമെന്റിൽ ഉടനീളം കാഴ്ചവച്ചത്. എന്നാൽ ആ ടീമിനെ വച്ചു തന്നെ കപ്പടിച്ചതിൽ കോച്ചിന്റെ പങ്ക് ചെറുതല്ല. ലയണൽ മെസ്സിയെയും ഏയ്ഞ്ചൽ ഡി മരിയേയും എല്ലാ മത്സരങ്ങളിലും കളിപ്പിച്ചില്ല. മിഡ്ഫീൽഡർമാരെ മാറ്റി മാറ്റി പരീക്ഷിച്ചു.. സ്ട്രൈക്കർമാരായി അൽവാരസിനെയും ലൗറ്റാരോ മാർട്ടിനസിനെയും പരീക്ഷിച്ചു. ആ നിർണായക തീരുമാനങ്ങൾ കലാശപ്പോരിലും അർജന്റീനയ്ക്ക് ‘വർക്ക്’ ആകുകയും ചെയ്തു.