ഇത്തവണ അൽകാരസ് ‘രക്ഷിച്ചു’; സ്പാനിഷ് താരം ഗ്രാൻസ്‌ലാം നേടിയാൽ ഫുട്ബോൾ ടീമിനും കിരീടമെന്ന് ചരിത്രം, കിട്ടി!
Mail This Article
ബെർലിൻ∙ ഇത്തവണയും ആ പതിവു തെറ്റിയില്ല; സ്പെയിൻ യൂറോ കപ്പ്, ലോകകപ്പ്, നേഷൻസ് ലീഗ് ജേതാക്കളായ വർഷങ്ങളിലെല്ലാം ഒരു സ്പാനിഷ് താരം ഗ്രാൻസ്‌ലാം കിരീടം നേടിയിരുന്നു എന്ന ഭാഗ്യചരിത്രത്തിന് ഈ വർഷവും ആവർത്തനം. ഇരുപത്തൊന്നുകാരനായ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിൽ വിമ്പിൾഡൻ പുരുഷ വിഭാഗം സിംഗിൾസ് കിരീടം ഏറ്റുവാങ്ങി മണിക്കൂറുകൾക്കുള്ളിൽ അങ്ങ് ജർമനിയിൽ സ്പെയിനിന് യൂറോ കപ്പ് കിരീടം. കരുത്തരായ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് സ്പെയിനിന്റെ കിരീട നേട്ടം.
1964ൽ സ്പെയിൻ ആദ്യമായി യൂറോ ജേതാക്കളായ വർഷം തന്നെയാണ് മാനുവൽ സന്റാന ഫ്രഞ്ച് ഓപ്പൺ നേടിയത്. 2008ൽ സ്പെയിൻ യൂറോ ജേതാക്കളായ വർഷം റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പണിനൊപ്പം വിമ്പിൾഡനും നേടി. 2012ൽ സ്പെയിൻ യൂറോ ജയിച്ചപ്പോഴും നദാൽ ഫ്രഞ്ച് ഓപ്പണിൽ വിജയക്കുതിപ്പ് തുടരുകയായിരുന്നു.
2023ൽ സ്പെയിൻ യുവേഫ നേഷൻസ് ലീഗ് ജേതാക്കളായപ്പോൾ അൽകാരസിനായി ഊഴം. വിമ്പിൾഡനാണ് അൽകാരസ് നേടിയത്. ഇത്തവണയും അൽകാരസും സ്പെയിൻ ഫുട്ബോൾ ടീമും ഒരേ ദിവസം രണ്ടു ഫൈനലിനായി ഇറങ്ങിയതോടെയാണ്, ചരിത്രത്തിന്റെ ആവർത്തനമുണ്ടാകുമോ എന്ന ചോദ്യം ഉയർന്നത്.