ഇടവേളയ്ക്കു ശേഷം ‘ഉണരാൻ’ വൈകി, മുതലെടുത്ത് യമാൽ– വില്യംസ്; ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ജാഗ്രതക്കുറവ്?
Mail This Article
ജൂലൈ 12: നിക്കോ വില്യംസിന്റെ 22–ാം ജന്മദിനം
ജൂലൈ 13: ലാമിൻ യമാലിന്റെ 17–ാം ജൻമദിനം
ജൂലൈ 14: യൂറോ കപ്പ് ഫൈനലിൽ യമാലിന്റെ പാസിൽ വില്യംസിന്റെ ഗോൾ!
മേൽപ്പറഞ്ഞ ഗോൾനേട്ടം ഒരു പരിധിവരെ യാദൃച്ഛികവും അപ്രതീക്ഷിതവുമാണെങ്കിലും, ഇക്കുറി സ്പാനിഷ് ഫുട്ബോൾ ടീമിന്റെ യൂറോ കപ്പ് കിരീട നേട്ടം ഒട്ടും യാദൃച്ഛികമല്ല; അപ്രതീക്ഷിതവും. ബെർലിനിലെ ഒളിംപ്യാസ്റ്റേഡിയോൺ സ്റ്റേഡിയത്തിലെ യൂറോ കപ്പ് കിരീടധാരണത്തിൽ അവസാനിച്ച സ്പാനിഷ് ഫുട്ബോൾ ടീമിന്റെ ജൈത്രയാത്ര ഇക്കുറി എല്ലാവരും പ്രതീക്ഷിച്ചതായിരുന്നുവെന്നതാണ് വാസ്തവം.
ഇംഗ്ലിഷ് ഫുട്ബോളിന്റെ അപ്രവചനീയ സ്വഭാവം കൊണ്ടു മാത്രം ന്യായമായ ചില സംശയങ്ങളുണ്ടായിരുന്നെങ്കിലും, യൂറോ കിരീടം ഇക്കുറി അതേറ്റവും അർഹിക്കുന്നവരുടെ കൈകളിൽത്തന്നെയാണ് എത്തിയതെന്നത് ഒട്ടും അതിശയോക്തിയല്ല. ടൂർണമെന്റിൽ കളിച്ച ഏഴു കളികളും ജയിച്ച്, അജയ്യരായിത്തന്നെയാണ് അൽവാരോ മൊറാട്ടയും സംഘവും കിരീടം ചൂടിയത്. ഒപ്പം, ലോക ഫുട്ബോളിലേക്ക് സ്പാനിഷ് വസന്തം ഔദ്യോഗികമായിത്തന്നെ തിരിച്ചെത്തിയിരിക്കുന്നുവെന്ന സുവിശേഷവും ഈ കിരീടവിജയം ബാക്കിയാക്കുന്നു.
∙ വിരുദ്ധം, രണ്ടു പകുതികൾ
തികച്ചും വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ടു പകുതികൾ! ഇംഗ്ലണ്ട് – സ്പെയിൻ യൂറോ കപ്പ് ഫൈനൽ അവശേഷിപ്പിക്കുന്ന ഏകദേശ മത്സര ചിത്രം ഇതാണ്. കിക്കോഫ് മുതൽ വിജയവഴി വെട്ടാൻ വെമ്പിനിന്ന സ്പാനിഷ് പടയെ ഇംഗ്ലിഷ് പ്രതിരോധം കോട്ടകെട്ടി വിജയകരമായി തളച്ചിട്ട ആദ്യപകുതി. ഈ ടൂർണമെന്റിൽ സ്പാനിഷ് മുന്നേറ്റത്തിന് കൊടിപിടിച്ച വിങ്ങർമാരായ ലാമിൻ യമാലിനെയും നിക്കോ വില്യംസിനെയും അതിവിദഗ്ധമായി പൂട്ടിയ ഇംഗ്ലിഷ് ഫുൾ ബാക്കുകളായ ലൂക്ക് ഷാ, കൈൽ വാൽക്കർ എന്നിവരുടെ മികവാണ് ആദ്യ പകുതി കാര്യമായ അപകടങ്ങളില്ലാതെ പൂർത്തിയാക്കാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്.
ഇരുവരും എത്രമാത്രം അപകടകാരികളാണെന്നു മനസ്സിലാക്കി അതീവ ജാഗ്രത കാട്ടിയ ഇംഗ്ലിഷ് പ്രതിരോധം, ഇരുവരും ആദ്യ പകുതിയിൽ ചിത്രത്തിലേ ഇല്ലെന്ന പ്രതീതി സൃഷ്ടിച്ചു; പ്രത്യേകിച്ചും ലാമിൻ യമാൽ. ഇംഗ്ലണ്ട് പ്രതിരോധം കോർണർ വഴങ്ങിയൊഴിവാക്കിയ ഒന്നു രണ്ടു മുന്നേറ്റങ്ങളല്ലാതെ ലാമിൻ യമാല്‍ ആദ്യപകുതിയുടെ ഏറിയ പങ്കും നിശബ്ദനായിരുന്നു. വൺ ടു വൺ മാർക്കിങ്ങിൽ യമാലിനെ നിഷ്പ്രഭനാക്കിയ ലൂക്ക് ഷായായിരുന്നു ആദ്യപകുതിയിലെ ഹൈലൈറ്റ്.
മറുവശത്ത്, നിക്കോ വില്യംസ് അതിവേഗ നീക്കങ്ങളുമായി നിറഞ്ഞുനിന്ന ഇടതുവിങ്ങ് കുറച്ചുകൂടി സജീവമായിരുന്നു. പിന്നിൽനിന്ന് മാർക് കുകുറെല്ലയുടെ പിന്തുണ കൂടിയായതോടെ വില്യംസ് താരതമ്യേന സാന്നിധ്യമറിയിച്ചു. ബോക്സിനുള്ളിൽ കടന്ന് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായില്ലെന്നു മാത്രം.
∙ ഇംഗ്ലണ്ട് ഉണരാൻ വൈകിയ രണ്ടാം പകുതി
ഇംഗ്ലണ്ടിന്റെ കോട്ടത്തളങ്ങൾ തകർത്ത് സ്പാനിഷ് താരങ്ങൾ ഇരച്ചുകയറുന്നതായിരുന്നു രണ്ടാം പകുതിയിലെ കാഴ്ച. രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റിൽത്തന്നെ ഗോൾ കണ്ടെത്തിയ സ്പെയിൻ മത്സരം ആവേശകരമാക്കി. കോൾ പാമറെന്ന പകരക്കാരൻ താരത്തിന്റെ മിന്നും ഗോളിലൂടെ ഇടയ്ക്കൊന്ന് ആവേശം വിതറിയെങ്കിലും, രണ്ടാം പകുതിയുടെ ഏറിയ പങ്കും ഇംഗ്ലണ്ട് ചിതറിക്കിടക്കുകയായിരുന്നുവെന്നതാണ് വാസ്തവം. ഇംഗ്ലണ്ടിന്റെ സമനില ഗോൾ വന്നതിനു പിന്നാലെ ഏതാനും നിമിഷത്തേക്ക് സ്പെയിനും കെട്ടുറപ്പു നഷ്ടമായതിന്റെ ലക്ഷണങ്ങൾ കാട്ടിയെങ്കിലും, യഥാർഥ ചാംപ്യൻ ടീമിനേപ്പോലെ അവർക്ക് തിരിച്ചെത്താനായി. ആദ്യ പകുതിയിൽ സ്പാനിഷ് വിങ്ങർമാരെ പൂട്ടുന്നതിൽ കാട്ടിയ ജാഗ്രത എത്രത്തോളം ഫലപ്രദമായിരുന്നുവെന്ന്, രണ്ടാം പകുതി തുടങ്ങി 69 സെക്കൻഡിനുള്ളിൽ ഇംഗ്ലണ്ടിനു മനസ്സിലായി! രണ്ടാം പകുതി ആരംഭിച്ചെങ്കിലും ഇംഗ്ലിഷ് താരങ്ങൾ ‘ഉണരാൻ’ വൈകിയതോടെയാണ് യമാൽ – വില്യംസ് കൂട്ടുകെട്ട് എതിർ പാളയത്തിൽ കനത്ത നാശം വിതച്ചത്.
47–ാം മിനിറ്റിൽ ലാമിൻ യമാൽ വലതു വിങ്ങിലൂടെ ബോക്സിലേക്കു കുതിച്ചുകയറുമ്പോൾ ഡാനി ഓൽമോ മധ്യത്തിലൂടെയും നിക്കോ വില്യംസ് ഇടതുവിങ്ങിലൂടെയും സമാന്തരമായി കുതിച്ചെത്തി. അപകടം മണത്ത് ഇംഗ്ലിഷ് താരങ്ങൾ കൂട്ടമായി പ്രതിരോധിക്കാൻ ശ്രമിച്ചതോടെ മാൻ ടു മാൻ മാർക്കിങ് പൊളിഞ്ഞു. അനായാസം ബോക്സിലേക്കു കടന്ന യമാൽ പന്ത് പോസ്റ്റിനു സമാന്തരമായി നീട്ടിനൽകുമ്പോൾ, ആദ്യപകുതിയിൽ നിഴൽപോലെ കൂടെയുണ്ടായിരുന്ന ലൂക്ക് ഷാ സ്ഥാനം തെറ്റിയ നിലയിലായിരുന്നു. ആരെ പ്രതിരോധിക്കണമെന്നറിയാതെ ഇംഗ്ലിഷ് പ്രതിരോധം പതറിയ നിമിഷത്തിൽ ഓൽമോ തൊടാതെ വിട്ട പന്ത് ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന നിക്കോ വില്യംസിലേക്ക്. മാർക്കിങ്ങിന്റെ സമ്മർദ്ദമേതുമില്ലാതെ വില്യംസ് പന്തു നേരെ വലയിലേക്ക് പായിക്കുമ്പോൾ ജോർദാൻ പിക്ഫോർഡ് കാഴ്ചക്കാരനായി.
തൊട്ടുപിന്നാലെ സമാനമായൊരു മുന്നേറ്റത്തിലൂടെ സ്പെയിൻ ഒരിക്കൽക്കൂടി ഗോളിന് അടുത്തെത്തി. ഇത്തവണ ഇടതുവിങ്ങിൽ സ്വതന്ത്രനായി പന്തു സ്വീകരിച്ച നിക്കോ വില്യംസ് ബോക്സിനുള്ളിൽ ഓൽമോയിലേക്കു മറിച്ചു. ഇംഗ്ലിഷ് പ്രതിരോധം ചെലുത്തിയ സമ്മർദ്ദത്തിനിടെ പന്തു നിയന്ത്രിച്ച് ഓൽമോ തൊടുത്ത ഷോട്ട് പോസ്റ്റിനു പുറത്തുകൂടി അപകടമുണ്ടാക്കാതെ പുറത്തേക്കുപോയി.
∙ പകരക്കാരുടെ വരവ്
രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ സ്പെയിൻ ഗോൾ നേടിയ രണ്ടാം പകുതി കൂടുതൽ ആവേശകരമാക്കിയത് ഇരു ടീമുകളിലെയും പകരക്കാരുടെ വരവാണെന്നു പറയാം. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ സമനില ഗോൾ നേടിയതും സ്പെയിനിന്റെ വിജയഗോൾ നേടിയതും പകരക്കാരായിരുന്നു. 70–ാം മിനിറ്റിൽ കോബി മൈനുവിനു പകരം കളത്തിലെത്തിയ കോൾ പാമറിന് വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകവേഷം അണിയാൻ വേണ്ടിവന്നത് വെറും മൂന്നു മിനിറ്റ്! കൗണ്ടർ അറ്റാക്കിനിടെ വലതുവിങ്ങിലൂടെ ഓടിക്കയറിയ ബുകായോ സാക പന്ത് ബോക്സിനു നടുവിൽ ജൂഡ് ബെല്ലിങ്ഹാമിനെ ലക്ഷ്യമാക്കി നീട്ടിനൽകി. പന്തിലേക്ക് പാടുപെട്ട് കാൽനീട്ടിയ ബെല്ലിങ്ഹാമിന്റെ പാസ് ബോക്സിനു പുറത്ത് പാമറിലേക്ക്. 22 വാര അകലെനിന്ന് പാമർ പായിച്ച നിലംപറ്റെയുള്ള ഷോട്ട് ഉനായ് സൈമണിന്റെ നീട്ടിയ കരങ്ങളെ മറികടന്ന് ബോക്സിന്റെ ഇടതുമൂലയിൽ കയറി.
ഇംഗ്ലണ്ടിന്റെ സമനില ഗോളിന് സ്പെയിൻ മറുപടി കണ്ടെത്തിയതും ഒരു പകരക്കാരനിലൂടെത്തന്നെ. ക്യാപ്റ്റൻ അൽവാരോ മൊറാട്ടയ്ക്കു പകരം കളത്തിലെത്തിയ മൈക്കൽ ഒയാർസബാലിയിരുന്നു വിജയശിൽപി. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മാർക് കുകുറെല്ലയുടെ താഴ്ന്നുവന്ന ക്രോസിലേക്ക് പാഞ്ഞുവന്ന് പറന്നിറങ്ങിയ ഒയാർസബാൽ, പന്തിന്റെ ഗതിമാറ്റി ഗോളിലേക്ക് പറഞ്ഞുവിട്ടു. മികച്ച സേവുകളുമായി ഇംഗ്ലണ്ടിനെ മത്സരത്തിൽ പിടിച്ചുനിർത്തിയ ജോർദാൻ പിക്ഫോർഡ് കാഴ്ചക്കാരനായി മാറിയ നിമിഷമായി അത്.
- Williams 47
- Oyarzabal 86
- Palmer 71
89–ാം മിനിറ്റിൽ ഇംഗ്ലണ്ട് വീണ്ടും സമനില ഗോളിനു തൊട്ടടുത്തെത്തിയതാണ്. ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ ജോൺ സ്റ്റോണ്‍സിന്റെ ഹെഡർ ഗോൾകീപ്പർ തട്ടിയകറ്റി. പന്തു ലഭിച്ച ഡെക്ലാൻ റൈസിന്റെ ഹെഡർ ഗോൾലൈനിൽനിന്ന ഓൽമോ ഹെഡ് ചെയ്തകറ്റി. ഇക്കുറി പന്തു ലഭിച്ച മാർക് ഗുയേഹിയുടെ ഗോൾശ്രമം പുറത്തേക്കു തെറിച്ച് പാഴാവുകയും ചെയ്തു.