ADVERTISEMENT

കൊച്ചി∙ തായ്‌ലൻഡിലെ കേരള ബ്ലാസ്റ്റേഴ്സ് ക്യാംപിൽ നിന്നു ട്രാൻസ്ഫർ കഥകൾ. ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്ത താരം ജീക്സൺ സിങ് ഉൾപ്പെടെയുള്ളവർ മാറിയേക്കും. പുതിയ പരിശീലകൻ മികേൽ സ്റ്റോറെയുടെ നേതൃത്വത്തിലുള്ള പ്രീ സീസൺ പരിശീലനം പൂർത്തിയാകുന്നതോടെ ടീമിൽ അഴിച്ചുപണികളുണ്ടാകും.

ജീക്സൺ കൊൽക്കത്തയിലേക്ക്?

ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാനും പുതിയ സീസണിനു മുൻപായി ടീം ഉടച്ചുവാർക്കുന്ന ഈസ്റ്റ് ബംഗാളുമാണു മധ്യനിര താരമായ ജീക്സൺ സിങ്ങിനായി രംഗത്തുള്ളത്.  ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസിനെ റാഞ്ചിയ ടീമാണ് ഈസ്റ്റ് ബംഗാൾ. ബ്ലാസ്റ്റേഴ്സുമായി ഒരു വർഷത്തെ കരാർ മാത്രം അവശേഷിക്കുന്ന ജീക്സണിനായും മികച്ച ഓഫറാണ് ഈസ്റ്റ് ബംഗാൾ മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ വർഷം സഹൽ അബ്ദുൽ സമദിനെ സ്വന്തമാക്കിയതുപോലൊരു നീക്കത്തിനാണ് ബഗാന്റെ ശ്രമം. അടുത്ത വർഷം ഏഷ്യൻ ചാംപ്യൻസ് ലീഗ് കളിക്കാൻ അവസരം ലഭിക്കുമെന്നതും ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായ ജീക്സണിനായുള്ള മത്സരത്തിൽ ബഗാനു ബലമേകുന്ന ഘടകമാണ്. ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് ഹോർമിപാം റൂയ്‌വ ബഗാനിലേക്കു പോയേക്കുമെന്ന അഭ്യൂഹവും ശക്തമായിട്ടുമുണ്ട്.

വരും, പുതിയ ഫോർവേഡ്

പ്രതിരോധ നിരയിൽ മാർക്കോ ലെസ്കോവിച്ചിനു പകരം സെന്റർ ബാക്ക് താരത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഇതോടൊപ്പം ഒരു വിദേശ സ്ട്രൈക്കറെയും ടീം അന്വേഷിക്കുന്നുണ്ട്. ഒരു ഷാർപ് ഷൂട്ടറെ ഡ്യുറാൻഡ് കപ്പിന് മുൻപായി ടീമിലെടുക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം. മോഹൻ ബഗാന്റെ അൽബേനിയൻ സ്ട്രൈക്കർ അർമാൻഡോ സാദിക്കുവിനെ ടീമിലെത്തിക്കുന്നതിനുള്ള ചർച്ചകൾ ധാരണയിലെത്താനായിട്ടില്ല. തായ്‌ലൻഡിൽ നിന്നു ബ്ലാസ്റ്റേഴ്സ് സംഘം ഈ മാസം 23നു കൊൽക്കത്തയിലെത്തുന്നതോടെ ചിത്രം വ്യക്തമാകുംമെന്നാണു സൂചനകൾ.

ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരം 

കൊച്ചി ∙ താ‌യ്‌‌‌ലൻഡിൽ പ്രീ സീസൺ പര്യടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്നു രണ്ടാം പരിശീലന മത്സരത്തിൽ തായ് ലീഗ് സെക്കൻഡ് ഡിവിഷൻ ടീമായ സമുത് പ്രകാൻ സിറ്റി എഫ്സിയെ നേരിടും. 2.30 നാണു മത്സരം. 

ആദ്യ മത്സരത്തിൽ പട്ടായ യുണൈറ്റഡിനോടു ബ്ലാസ്റ്റേഴ്സ് 1 –2 നു പരാജയപ്പെട്ടിരുന്നു. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണ ഇന്നു കളത്തിലിറങ്ങിയേക്കും.

English Summary:

Chances of changes in Kerala Blasters lineup after pre-season training

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com