ADVERTISEMENT

പാരിസ് ∙ പാരിസ് ഒളിംപിക്സിൽ അസാധാരണ സംഭവ വികാസങ്ങൾകൊണ്ട് സമ്പന്നമായ ആദ്യ ഫുട്ബോൾ മത്സരത്തിൽ മൊറോക്കോയ്‌ക്കെതിരെ ‘സമനില തെറ്റി’ തോറ്റ് അർജന്റീന. ആവേശം വാനോളമുയർന്ന മത്സരത്തിൽ ഇൻജറി ടൈമിന്റെ 16–ാം മിനിറ്റിൽ നേടിയ ഗോളിൽ അർജന്റീന സമനില നേടിയതായി പ്രഖ്യാപിച്ചെങ്കിലും, സുദീർഘമായ വാർ പരിശോധനയിൽ ഗോൾ അനുവദിച്ച തീരുമാനം റഫറി പിൻവലിക്കുകയായിരുന്നു. ഏതാണ്ട് രണ്ടു മണിക്കൂറിനു ശേഷം കാണികളെയെല്ലാം ഒഴിപ്പിച്ച് ഇൻജറി ടൈമിലെ അവസാന മൂന്ന് മിനിറ്റ് ഒരിക്കൽക്കൂടി ഇരു ടീമുകളും കളത്തിലിറങ്ങിയെങ്കിലും, ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മൊറോക്കോ വിജയിച്ചു.

സൂഫിയാൻ റഹിമിയുടെ ഇരട്ടഗോളിന്റെ മികവിലാണ് മൊറോക്കോ അർജന്റീനയെ വീഴ്ത്തിയത്. ആദ്യപകുതിയു‌ടെ അവസാനവും രണ്ടാം പകുതിയു‌ടെ തുടക്കത്തിലുമാണ് മൊറോക്കോയ്ക്കായി റഹിമി ഗോൾ കണ്ടെത്തിയത്. 45 + 2, 51 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. ഇതിൽ രണ്ടാം ഗോൾ പെനൽറ്റിയിൽ നിന്നായിരുന്നു. അർജന്റീനയ്ക്കായി ജ്യൂലിയാനോ സിമിയോണി (68–ാം മിനിറ്റ്) ഗോൾ നേടി. മത്സരത്തിൽ അനുവദിച്ച 15 മിനിറ്റ് ഇൻജറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ക്രിസ്റ്റ്യൻ മെദീന നേടിയ ഗോളാണ്, രണ്ടു മണിക്കൂറിനു ശേഷം അധികൃതർ ഓഫ്സൈഡ് വിധിച്ച് പിൻവലിച്ചത്.

ഇൻജറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ കാണികൾ ഗ്രൗണ്ട് കയ്യേറിയതിനെ തുടർന്ന് മത്സരം അനിശ്ചിതമായി നിർത്തിവച്ചെങ്കിലും, അത് ഫൈനൽ വിസിൽ മുഴങ്ങിയതായി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് ഒളിംപിക്സ് അധികൃതരുടെ വിശദീകരണം. കളിക്കാർ തിരികെ കയറി ഏതാണ്ട് രണ്ടു മണിക്കൂറിനു ശേഷമാണ് അർജന്റീനയുടെ രണ്ടാം ഗോൾ ഓഫ്സൈഡാണെന്നും പിൻവലിക്കുന്നതായും പ്രഖ്യാപനം വന്നത്. തുടർന്ന് മത്സരം വീണ്ടും നടത്തുകയായിരുന്നു.

∙ കളത്തിൽ സംഭവിച്ചത്

മത്സരം ഇൻജറി ടൈമിലേക്ക് കടന്നതിനു പിന്നാലെ കാണികൾ ഗ്രൗണ്ടിലിറങ്ങിയതിനെ തുടർന്ന് മത്സരം തടസ്സപ്പെട്ടിരുന്നു. അർജന്റീനയുടെ രണ്ടാം ഗോളിനു പിന്നാലെ കളി തീർന്നെന്ന പ്രതീതി ഉയർന്നെങ്കിലും, സുരക്ഷാ നടപടികളുടെ ഭാഗമായി അധികൃതർ മത്സരം നിർത്തി വയ്ക്കുകയായിരുന്നുവെന്ന് പിന്നീട് വിശദീകരണം വന്നു. തുടർന്ന് ഗ്രൗണ്ടിൽനിന്ന് കാണികളെ ഒഴിപ്പിക്കുകയും ചെയ്തു.

വിശദമായ വാർ പരിശോധനയിൽ അർജന്റീനയ്ക്കായി ക്രിസ്റ്റ്യൻ മെദീന നേടിയ രണ്ടാം ഗോൾ റഫറി നിഷേധിക്കുകയായിരുന്നു. ഇതോടെ, ശേഷിക്കുന്ന മൂന്നു മിനിറ്റ് കളി വീണ്ടും നടത്താൻ അധികൃതർ തീരുമാനിച്ചു. കളിക്കാർക്ക് വാമപ്പിനായി 20 മിനിറ്റ് അനുവദിച്ചശേഷം കാണികളില്ലാത്ത സ്റ്റേഡിയത്തിൽ ഇൻജറി ടൈമിന്റെ ശേഷിക്കുന്ന മൂന്നു മിനിറ്റ് 15 സെക്കൻഡ് കളി നടത്തുകയായിരുന്നു. ഈ സമയത്ത് അർജന്റീനയ്ക്ക് ഗോൾ നേടാനാകാതെ പോയതോടെ, മൊറോക്കോയ്ക്ക് 2–1ന്റെ അട്ടിമറി വിജയം.

∙ വിജയത്തുടക്കമിട്ട് യൂറോ ചാംപ്യൻമാർ

മറ്റൊരു മത്സരത്തിൽ കരുത്തരായ സ്പെയിൻ പൊരുതിക്കളിച്ച ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. യൂറോ കപ്പിൽ കിരീടം ചൂടിയ സ്പെയിനിന്, ഒളിംപിക്സ് വേദിയിലും തിളക്കമാർന്ന തുടക്കം. ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ മാർക് പ്യൂബിൽ, സെർജിയോ ഗോമസ് എന്നിവരാണ് സ്പെയിനിനായി ലക്ഷ്യം കണ്ടത്. പ്യുബിൽ 29–ാം മിനിറ്റിലും ഗോമസ് 62–ാം മിനിറ്റിലും ഗോൾ നേടി. ഉസ്ബെക്കിസ്ഥാന്റെ ആശ്വാസ ഗോൾ 43+3–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് എൽദോർ ഷൊമുറുദോവ് നേടി.

English Summary:

Argentina v Morocco, Uzbekistan v Spain - Football at Paris Olympics 2024 - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com