പെപ്രയ്ക്കും നോഹയ്ക്കും ഹാട്രിക്; ഡ്യുറാൻഡ് കപ്പിൽ മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ ‘ബ്ലാസ്റ്റ്’ (8–0)
Mail This Article
കൊൽക്കത്ത∙ പുതിയ പരിശീലകനു കീഴിൽ പുതിയ താരങ്ങളും പഴയ താരങ്ങളും ഒരുപോലെ മിന്നിക്കളിച്ചതോടെ, ഡ്യുറാൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ‘ബ്ലാസ്റ്റ്’. പുതിയ പരിശീലകൻ മികേൽ സ്റ്റോറെയുടെ കീഴിൽ കളിച്ച ആദ്യ പ്രധാന മത്സരത്തിൽ മുംബൈ സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത് എതിരില്ലാത്ത എട്ടു ഗോളുകൾക്ക്. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് 3–0ന് മുന്നിലായിരുന്നു. അഡ്രിയൻ ലൂണയായിരുന്നു ടീമിന്റെ നായകൻ. പ്രധാന ടീമിനു പകരം റിസർവ് താരങ്ങൾക്ക് അവസരം നൽകിയാണ് മുംബൈ സിറ്റി കളത്തിലിറങ്ങിയത്.
കൊൽക്കത്തയിലെ കിഷോർ ഭാരതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര, ഈ സീസണിൽ ടീമിലെത്തിയ മൊറോക്കോ താരം നോഹ സദൂയി എന്നിവർ ഹാട്രിക് നേടി. 32, 50, 53 മിനിറ്റുകളിലായിരുന്നു പെപ്രയുടെ ഗോളുകൾ. 39, 45, 76 മിനിറ്റുകളിലായി നോഹ സദൂയിയും ഹാട്രിക് പൂർത്തിയാക്കി. ഇഷാൻ പണ്ഡിത ഇരട്ടഗോൾ (86, 87 മിനിറ്റുകളിൽ) നേടി ബ്ലാസ്റ്റേഴ്സിന്റെ ഗോളടിമേളം പൂർത്തിയാക്കി. മറ്റു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ്, ഓഗസ്റ്റ് 4ന് പഞ്ചാബ് എഫ്സിയെയും 10നു സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സ് എഫ്സിയെയും നേരിടും.