ADVERTISEMENT

മുംബൈ∙ ഐപിഎൽ താരലേലത്തിൽ പങ്കെടുത്ത ശേഷം കളിക്കാൻ വരാതിരിക്കുന്ന വിദേശ താരങ്ങളെ വിലക്കണമെന്ന ആവശ്യവുമായി സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരൻ. ബിസിസിഐ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ താരങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് കാവ്യ മാരൻ ആവശ്യപ്പെട്ടതായി ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു. താരലേലത്തിൽ വലിയ തുക ലഭിക്കാതിരുന്നാൽ വ്യക്തമായ കാരണങ്ങളില്ലാതെ വിദേശ താരങ്ങൾ ഐപിഎല്ലിൽ‌നിന്നു പിൻവാങ്ങുന്നതായാണ് ടീമുകളുടെ പരാതി.

‘‘ലേലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം പരുക്കു കാരണമല്ലാതെ ഒരു താരം ടൂര്‍ണമെന്റിൽനിന്നു വിട്ടുനിന്നാൽ അദ്ദേഹത്തെ വിലക്കണം. ലേലത്തിനായി ഫ്രാഞ്ചൈസികൾ ഒരുപാടു കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഒരു താരത്തെ ചെറിയ തുകയ്ക്കു വാങ്ങിയാൽ പിന്നെ അദ്ദേഹം കളിക്കാൻ വരില്ല. അത് ടീമിന്റെ കോംബിനേഷനെയാണു ബാധിക്കുന്നത്.’’– കാവ്യ മാരൻ യോഗത്തിൽ വ്യക്തമാക്കി.

ഒരു ടീമിനു നിലനിര്‍ത്താവുന്ന വിദേശതാരങ്ങളുടെ എണ്ണത്തിനുള്ള നിയന്ത്രണം നീക്കണമെന്നും കാവ്യ മാരൻ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ രണ്ടു വിദേശ താരങ്ങളെ നിലനിർത്താൻ മാത്രമാണു ടീമുകൾ‌ക്ക് അനുവാദമുണ്ടായിരുന്നത്. മെഗാ താരലേലത്തിനു പകരം എല്ലാ വർഷവും മിനിലേലം നടത്തുന്നതാണ് ഉചിതമെന്നാണ് കാവ്യ മാരന്റെ നിലപാട്. കഴിഞ്ഞ സീസണിൽ ഐപിഎൽ ഫൈനൽ കളിച്ച സൺറൈസേഴ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടു പരാജയപ്പെട്ടിരുന്നു.

‘‘ഒരു ടീമിനെ ഉണ്ടാക്കിയെടുക്കാൻ ഒരുപാടു സമയം ആവശ്യമാണ്. യുവതാരങ്ങളെ പാകപ്പെടുത്തിയെടുക്കാൻ ഒരുപാട് അധ്വാനമുണ്ട്. പ്രകടനത്തിന്റെ കാര്യത്തിൽ അഭിഷേക് ശർമ സ്ഥിരതയിലെത്താൻ മൂന്നു വർഷത്തോളം സമയമെടുത്തു. ഇതുപോലെ ഒരുപാടു താരങ്ങൾ ഉദാഹരണങ്ങളായി ഉണ്ടെന്നു നിങ്ങൾക്ക് അറിയാം.’’– കാവ്യ മാരൻ പ്രതികരിച്ചു.

English Summary:

Kavya Maran urges BCCI to take strict action against foreign players

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com