ഗോളടിച്ചുകൂട്ടി കേരള ബ്ലാസ്റ്റേഴ്സ്, നോഹ സദൂയിക്ക് ഹാട്രിക്; ഇനി കളി പ്ലേ ഓഫിൽ
Mail This Article
കൊൽക്കത്ത ∙ ഡ്യുറാൻഡ് കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും വൻവിജയം. സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെ 7–0നാണ് ബ്ലാസ്റ്റേഴ്സ് തകർത്തു വിട്ടത്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് 6–0നു മുന്നിലായിരുന്നു. 90–ാം മിനിറ്റിലായിരുന്നു ഏഴാം ഗോൾ. മൊറോക്കൻ ഫോർവേഡ് നോഹ സദൂയി ബ്ലാസ്റ്റേഴ്സിനായി ഹാട്രിക് നേടി.
ക്വാമെ പെപ്ര, മുഹമ്മദ് അയ്മൻ, നവോച്ച സിങ്, മുഹമ്മദ് അസ്ഹർ എന്നിവരും സ്കോർ ചെയ്തു. 88–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി നഷ്ടപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് മറ്റൊരു ഗോളിൽ സദൂയി ഹാട്രിക് തികച്ചത്. സി ഗ്രൂപ്പിൽ നിന്ന് 7 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി ബ്ലാസ്റ്റേഴ്സ് പ്ലേഓഫിനു യോഗ്യത നേടി.
ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ 8–0നു തോൽപിച്ചിരുന്നു. രണ്ടാം മത്സരത്തിൽ പഞ്ചാബ് എഫ്സിയോട് 1–1 സമനില വഴങ്ങി. 16 ഗോളുകൾ അടിച്ച ബ്ലാസ്റ്റേഴ്സ് വഴങ്ങിയത് ഒരു ഗോൾ മാത്രം.