പാരിസിലും സ്പാനിഷ് വസന്തം, എക്സ്ട്രാ ടൈമിൽ ഫ്രാൻസിനെ തകർത്ത് ഒളിംപിക് സ്വർണം (5–3)
Mail This Article
പാരിസ്∙ യൂറോ കപ്പിനു പിന്നാലെ ഒളിംപിക് സ്വർണ മെഡലും നേടി ഫുട്ബോളിൽ സ്പാനിഷ് വസന്തം തുടരുന്നു. പാരിസ് ഒളിംപിക്സിലെ ഫൈനലിൽ എക്സ്ട്രാ ടൈമിലേക്കു നീണ്ട പോരാട്ടത്തിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സ്പെയിന്റെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം അടിച്ച് സമനില പാലിക്കുകയായിരുന്നു. 1992 ലെ ബാർസിലോന ഒളിംപിക്സിൽ ഫുട്ബോളിൽ സ്വർണം നേടിയ ശേഷം ആദ്യമായാണ് സ്പെയിൻ ഒളിംപിക് പോരാട്ടത്തിൽ ഒന്നാമതെത്തുന്നത്.
സീനിയർ ടീമിലെ പ്രധാന താരങ്ങള്‍ ഇല്ലാതെ ഇറങ്ങിയ സ്പെയിന് യൂറോ കപ്പിലെ അതേ പോരാട്ട വീര്യം ഒളിംപിക്സിൽ തുടരാൻ സാധിച്ചു. യുവനിരയെവച്ച് ആതിഥേയരായ ഫ്രാൻസിനെ മുട്ടുകുത്തിച്ചാണ് സ്പെയിൻ വിജയത്തുടർച്ചയുമായി മുന്നേറുന്നത്. സ്പെയിനുവേണ്ടി ഫെർമിൻ ലോപ്പസ് (18, 26), അലക്സ് ബെയ്ന (29), സെർജിയോ കമേയോ (100,120) എന്നിവരാണു ലക്ഷ്യം കണ്ടത്. എൻസോ മില്ലറ്റ് (12), മാഗ്നസ് അക്ലിയോച്ചെ (80), മറ്റേറ്റ (93) എന്നിവർ ഫ്രാൻസിന്റെ ഗോളുകൾ നേടി.
നിശ്ചിത സമയത്ത് 3–3
മത്സരത്തിന്റെ 12–ാം മിനിറ്റിൽ ഫ്രാൻസ് ആദ്യം ലീഡെടുത്തു. സ്പാനിഷ് ഗോൾ കീപ്പറുടെ പിഴവ് മുതലെടുത്ത് എൻസോ മില്ലറ്റാണ് ഗോൾ നേടിയത്. ഗോൾ കീപ്പറുടെ കയ്യിൽ തട്ടിയാണ് പന്ത് വലയിലെത്തിയത്. 18–ാം മിനിറ്റിൽ ഫെർമിൻ ലോപ്പസ് സ്പെയിനിനായി മറുപടി ഗോൾ കണ്ടെത്തി. 26–ാം മിനിറ്റിൽ ഫ്രാൻസിനെ ഞെട്ടിച്ച് ലോപ്പസ് സ്പെയിന് ലീഡ് നേടിക്കൊടുത്തു. മിറാൻഡയുടെ ക്രോസ് കുതിച്ചെത്തിയ സ്പാനിഷ് താരം വലയിലേക്ക് തട്ടിയിടുകയായിരുന്നു. 29–ാം മിനിറ്റിൽ അലക്സ് ബെയ്നയുടെ ഫ്രീകിക്ക് ഗോൾ ഫ്രാൻസിനെ പ്രതിരോധത്തിലാക്കി. ഫ്രാൻസ് തീർത്ത പ്രതിരോധ മതിലിനു മുകളിലൂടെ ഉയർന്ന കിക്ക് വലയിലെത്തുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ പതിഞ്ഞ താളത്തിലായിരുന്നു കളി. ഇരു ടീമുകളുടെ ഭാഗത്തുനിന്നും കാര്യമായ ആക്രമണങ്ങളുണ്ടായില്ല. 57–ാം മിനിറ്റിൽ ഫ്രഞ്ച് താരം മാനു കോനെയുടെ ഹെഡർ ബാറിൽ ഇടിച്ചു പുറത്തേക്കുപോയി. 61–ാം മിനിറ്റിൽ ഗോൾ നേടാൻ ലഭിച്ച സുവർണാവസരം സ്പാനിഷ് താരം മിറാൻഡ നഷ്ടപ്പെടുത്തി. 80-ാം മിനിറ്റിൽ മാഗ്നസ് അക്ലിയോച്ചെയുടെ ഗോളാണ് ഫ്രാൻസിനെ മത്സരത്തിലേക്കു തിരികെയെത്തിച്ചത്. രണ്ടാം പകുതിയുടെ അധിക സമയത്ത് പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് മറ്റേറ്റ സ്കോർ 3–3 ആക്കി മാറ്റി. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു. പകരക്കാരനായെത്തിയ സെർജിയോ കമേയോ 100, 120 മിനിറ്റുകളിൽ ഗോളുകൾ നേടിയതോടെ ഫ്രാൻസ് വിജയ പ്രതീക്ഷകൾ കൈവിട്ടു.