ADVERTISEMENT

പാരിസ്∙ മത്സരത്തലേന്നും രാത്രിയും തീവ്രമായി അധ്വാനിച്ചിട്ടും ശരീര ഭാരം 100 ഗ്രാം കൂടിപ്പോയതിന് ഒളിംപിക്സിൽനിന്ന് വിലക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ മെഡൽ നഷ്ടം കനത്ത നിരാശയായി നിലനിൽക്കെ, ഗുസ്തിയിൽ ഇന്ത്യ മെഡൽ പ്രതീക്ഷിച്ചിരുന്ന അന്റിം പംഘാലിന്റെ മോശം പ്രകടനത്തിനു പിന്നിലും സമാനമായ പ്രശ്നങ്ങളെന്ന് റിപ്പോർട്ട്. 53 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മത്സരിച്ച അന്റിം പംഘാൽ ആദ്യ റൗണ്ടിൽത്തന്നെ തോറ്റു പുറത്തായിരുന്നു. മത്സരിക്കുന്നതിന് മുൻപ് ശരീരഭാരം ക്രമീകരിക്കുന്നതിനായി 48 മണിക്കൂറോളം സമയം അന്റിം പംഘാൽ പട്ടിണി കിടന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

വനിതാ വിഭാഗത്തിൽ മെഡൽ പ്രതീക്ഷയായിരുന്ന അന്റിം പംഘാലിനെ, ആദ്യറൗണ്ടിൽ തുർക്കിയുടെ യെറ്റ്ഗിൽ സെയ്നപ് ആണ് 10–0ന് മലർത്തിയടിച്ചത്. തുടർന്ന് സെയ്നപ് ക്വാർട്ടറിൽ പുറത്തായതോടെ റെപ്പഷാജ് റൗണ്ടിൽ മത്സരിച്ച് വെങ്കലപ്പോരാട്ടത്തിനു യോഗ്യത നേടാമെന്ന പംഘാലിന്റെ പ്രതീക്ഷയും പാഴായി.

മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ ഭാരം കൂടുതലാണെന്ന് കണ്ടെത്തിയതോടെയാണ് അന്റിം പംഘാൽ ഭാരം നിയന്ത്രിക്കാൻ കടുത്ത നടപടികൾ കൈക്കൊണ്ടത്. മത്സരത്തിനു മുൻപ് ഭക്ഷണം ഏറെക്കുറെ പൂർണമായി ഉപേക്ഷിച്ച താരം, വെള്ളം കുടിക്കുന്നതുപോലും വളരെ കുറച്ചിരുന്നതായാണ് റിപ്പോർട്ട്. ഭാരപരിശോധനയിൽ കടന്നുകൂടിയെങ്കിലും, പട്ടിണി ഏൽപ്പിച്ച ക്ഷീണവുമായാണ് ആദ്യ റൗണ്ടിൽ അന്റിം പംഘാൽ മത്സരിച്ചത്. ആദ്യ റൗണ്ടിൽത്തന്നെ തുർക്കി താരം അന്റിം പംഘാലിനെ മലർത്തിയടിക്കുകയും ചെയ്തു.

സഹോദരി നിഷയാണ് അന്റിം പംഘാലിന്റെ ഭാരനിയന്ത്രണത്തിന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നതെന്ന് പറയുന്നു. ഇന്ത്യയുടെ ഔദ്യോഗിക സംഘത്തിന്റെ ഭാഗമല്ലാതിരുന്നതിനാൽ ഇവർക്ക് ഗെയിംസ് വില്ലേജിൽ പ്രവേശനം ലഭിച്ചില്ല. തുടർന്ന് പുറത്ത് ഹോട്ടലിൽ മുറിയെടുത്താണ് ഇവർ താമസിച്ചിരുന്നത്. തുടർന്നാണ് ഭാരം നിയന്ത്രിക്കാൻ അന്റിം പംഘാൽ മത്സരത്തിനു മുൻപ് 48 മണിക്കൂറോളം പട്ടിണി കിടന്നത്.

∙ അന്റിം പംഘാൽ വിവാദക്കുരുക്കിൽ

അതിനിടെ, ഒളിംപിക്സ് അക്രഡിറ്റേഷൻ കാർഡ് ഉപയോഗിച്ച് സഹോദരിയെ ഒളിംപിക് വില്ലേജിനകത്ത് പ്രവേശിപ്പിക്കാൻ ഗുസ്തി താരം അന്റിം പംഘാൽ ശ്രമിച്ചതായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന വനിതകളു‍ടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി മത്സരത്തിന്റെ ആദ്യ റൗണ്ടിൽ തന്നെ അന്റിം പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് അന്റിമിന്റെ കാർഡുമായി സഹോദരി ഒളിംപിക് വില്ലേജിൽ കയറാൻ ശ്രമിച്ചത്. എന്നാൽ സംശയം തോന്നിയ അധികൃതർ പൊലീസിൽ പരാതിപ്പെടുകയും അന്റിമിന്റെ സഹോദരിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

അന്റിമിനെയും സംഘത്തെയും നാട്ടിലേക്കു തിരിച്ചയയ്ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. പിന്നാലെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ അന്റിമിന് 3 വർഷത്തേക്ക് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട് പ്രചരിച്ചിരുന്നെങ്കിലും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ ഇതു നിഷേധിച്ചു. സംഭവത്തിൽ വിശദീകരണവുമായി അന്റിമും രംഗത്തെത്തി. മത്സരശേഷം ക്ഷീണിതയായതിനാൽ താൻ ഹോട്ടലിൽ തന്നെ തുടർന്നെന്നും അതിനാലാണ് ബാഗും മറ്റും എടുക്കാൻ തന്റെ അക്രഡിറ്റേഷൻ കാർഡ് നൽകി സഹോദരിയെ ഒളിംപിക് വില്ലേജിലേക്കു പറഞ്ഞുവിട്ടതെന്നുമായിരുന്നു അന്റിമിന്റെ വിശദീകരണം. 

English Summary:

Antim Panghal starved for 48 hours to lose weight ahead of bout at Paris Olympics, says reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com