ADVERTISEMENT

പാരിസ്∙ ഒളിംപിക്സ് വനിതാ ഫുട്ബോളിൽ ജർമനിക്കു വെങ്കലം. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ സ്പെയിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മനി തോൽപിച്ചത്. 64–ാം മിനിറ്റിൽ ഗ്യൂലിയ ഗിന്‍ ജർമനിക്കായി ഗോൾ നേടി. ഗോൾ മടക്കാൻ സ്പാനിഷ് താരങ്ങൾ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. അവസാന മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്കും സ്പെയിൻ പാഴാക്കി.

ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചിരുന്നില്ല. മത്സരം തുടങ്ങിയ ആദ്യ മിനിറ്റിൽ തന്നെ ജർമന്‍ താരം ജൂലി ബ്രാൻഡിന് പരുക്കേറ്റതിനെ തുടർന്ന് കളി കുറച്ചുനേരത്തേക്കു നിർത്തിവച്ചിരുന്നു. 18–ാം മിനിറ്റിൽ ജർമൻ താരം ക്ലാര ബുഹിലിന്റെ ഷോട്ട് സ്പാനിഷ് ഗോൾ കീപ്പർ രക്ഷപെടുത്തി.

20–ാം മിനിറ്റിൽ ഗോൾ നേടാനുള്ള സ്പെയിനിന്റെ ശ്രമം നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു. ബോക്സിനു പുറത്തുനിന്നുള്ള ഫ്രീകിക്കിൽ സ്പാനിഷ് താരം തെരേസ അബലെയ്‍രയുടെ ഷോട്ട് ബാറിൽ തട്ടിപുറത്തേക്കുപോകുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ നാലു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ഫെലിസിറ്റസ് റൗച്ചിന്റെ അസിസ്റ്റിൽ ഗോൾ നേടാനുള്ള ജർമൻ താരം മരിന ഹെഗറിങ്ങിന്റെ ശ്രമവും പാഴായി.

62–ാം മിനിറ്റിൽ പന്തുമായെത്തിയ ജർമൻ താരം ഗ്യൂലിയ ഗിന്നിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിനു സ്പാനിഷ് ഗോൾ കീപ്പർ കാറ്റ കോളിന് യെല്ലോ കാർഡ് ലഭിച്ചു. ജർമനിക്ക് അനുകൂലമായ പെനാൽറ്റി കിക്കെടുത്ത് ഗ്യൂലിയ ഗിന്‍ മത്സരത്തിലെ ആദ്യ ഗോൾ നേടി. പിന്നിലായതോടെ മറുപടി ഗോളിനായി സ്പാനിഷ് താരങ്ങൾ‌ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 68–ാം മിനിറ്റില്‍ സൽമ പാരല്ലെലോയുടെ ബോക്സിനു പുറത്തുനിന്നുള്ള ഷോട്ട് പോസ്റ്റിന് ഇടതു ഭാഗത്തുകൂടി പുറത്തേക്കുപോയി.

74–ാം മിനിറ്റിൽ അയ്റ്റാനോ ബോൻമാറ്റിയുടെ ഹെഡറും ലക്ഷ്യത്തിലെത്തിയില്ല. അവസാന മിനിറ്റുകളിൽ സ്പാനിഷ് താരങ്ങളുടെ തുടർച്ചയായുള്ള മുന്നേറ്റങ്ങളെ പണിപ്പെട്ടാണ് ജര്‍മൻ താരങ്ങൾ പ്രതിരോധിച്ചുനിന്നത്. ഏഴു മിനിറ്റാണ് മത്സരത്തിന് അധിക സമയമായി അനുവദിച്ചത്. അവസാന മിനിറ്റിൽ ജർമൻ താരം ലൂസിയ ഗാർഷ്യയുടെ ഫൗളിൽ സ്പെയിന് അനുകൂലമായി പെനാൽറ്റി കിക്ക് ലഭിച്ചു. അലെക്സ്യ പുട്ടെല്ലാസിന്റെ കിക്ക് ജര്‍മൻ ഗോളി പ്രതിരോധിച്ചതോടെ ജർമനി വിജയമുറപ്പിച്ചു.

English Summary:

Paris Olympics, Spain vs Germany Women's Football Bronze Medal Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com