‘ഇന്ത്യൻ ടീമിൽ കളിക്കാൻ വിളിച്ചാൽ കളിക്കും, ഇല്ലെങ്കിൽ ഇല്ല; നിയന്ത്രണത്തിലുള്ള കാര്യങ്ങൾ മികച്ചതാക്കും’
Mail This Article
തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ബാറ്റിങ് ഓർഡറിൽ ഏതു പൊസിഷനിലും കളിക്കാൻ തയാറാണെന്നും മൂന്നു ഫോർമാറ്റിലും ഇന്ത്യക്കായി കളിക്കാനാഗ്രഹിച്ചാണു പരിശീലനമെന്നും സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലേക്ക് അർഹമായ പരിഗണന ലഭിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് ആലോചിക്കാൻ താൽപര്യമില്ലെന്നായിരുന്നു മറുപടി.‘‘കളിക്കാൻ വിളിച്ചാൽ പോയി കളിക്കും. ഇല്ലെങ്കിൽ കളിക്കില്ല. എല്ലാം പോസിറ്റീവ് ആയി കാണാനാണ് ശ്രമിക്കുന്നത്.’’– സഞ്ജു സാംസൺ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു.
‘‘എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിൽ മികച്ചതാക്കാനാണു ശ്രമം. കഴിഞ്ഞ 3–4 മാസം കരിയറിലെ മികച്ച കാലമായിരുന്നു. ലോകകപ്പ് ടീമിൽ ഇടം നേടിയത് സ്വപ്നം പോലെയാണ്. 3–4 വർഷം മുൻപേ ആഗ്രഹിച്ചതാണത്. കഴിഞ്ഞ ഏകദിന ലോകകപ്പ് കളിക്കണം എന്നായിരുന്നു അഗ്രഹം. ട്വന്റി20 ലോകകപ്പ് ടീമിലെത്തി ജയിച്ചപ്പോഴാണു നിസാര കാര്യമല്ലെന്നു മനസിലായത്. എന്നാൽ ശ്രീലങ്കയ്ക്കെതിരെയുള്ള കഴിഞ്ഞ പരമ്പരയിൽ വിചാരിച്ച പോലെ കളിക്കാനായില്ല.’’
‘‘നാട്ടിലുള്ളവർ നൽകുന്ന പിന്തുണയും ന്യൂസീലൻഡ് മുതൽ വെസ്റ്റിൻഡീസ് വരെയുള്ള നാടുകളിലുള്ള മലയാളികളുടെ പിന്തുണയും അദ്ഭുതപ്പെടുത്തുന്നതാണ്. എടാ ചേട്ടാ എവിടെ പോയാലും നിനക്ക് വലിയ പിന്തുണയാണല്ലോ എന്ന് മറ്റു ടീം അംഗങ്ങൾ പറയാറുണ്ട്. അതുകൊണ്ടു തന്നെ എനിക്ക് ടീമിൽ ഇടം കിട്ടാതെ വരുമ്പോഴും ഞാൻ ഡക്ക് ആവുമ്പോഴുമെല്ലാം അവർക്ക് നിരാശയുണ്ടാകും. അത് മനസിലാക്കാനുള്ള പക്വതയുണ്ട്’’– സഞ്ജു വ്യക്തമാക്കി.
കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു
കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ(കെസിഎൽ) ലോഗോ ലീഗിന്റെ ഐക്കൺ കൂടിയായ സഞ്ജു സാംസൺ പ്രകാശനം ചെയ്തു. ലീഗിൽ പങ്കെടുക്കുന്ന 6 ടീമുകളിലേക്കുള്ള താരലേലം ശനിയാഴ്ച തിരുവനന്തപുരത്തു നടക്കും. രാവിലെ 10 മുതൽ സ്റ്റാർ സ്പോർട്സ് 3 ചാനലിലും ഒടിടി പ്ലാറ്റ്ഫോമായ ഫാൻ കോഡിലും തത്സമയം സംപ്രേഷണം ചെയ്യും. വിവിധ ചാംപ്യൻഷിപ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 168 കളിക്കാരെയാണ് ലേലത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ടീമിൽ 20 കളിക്കാരെ ഉൾപ്പെടുത്താം. മൂന്നു വിഭാഗങ്ങളാക്കി തിരിച്ചാണ് ലേലം.
ഐപിഎൽ, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ചിട്ടുള്ളവരുടെ ‘എ’ വിഭാഗത്തിൽ 2 ലക്ഷം രൂപയും സി.കെ.നായിഡു ട്രോഫി, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചാലഞ്ചേഴ്‌സ് മൽസരങ്ങളിൽ കളിച്ചിട്ടുള്ളവരുടെ ബി വിഭാഗത്തിൽ ഒരു ലക്ഷം രൂപയും അണ്ടർ 16 സംസ്ഥാന ചാംപ്യൻഷിപ് കളിച്ചവരും യൂണിവേഴ്‌സിറ്റി–ക്ലബ് കളിക്കാരും ഉൾപ്പെട്ട ‘സി’ വിഭാഗത്തിൽ 50,000 രൂപയുമാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം. സെപ്റ്റംബർ 2 മുതൽ 19 വരെ തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ലീഗിന്റെ ഉദ്ഘാടന ദിനം സഞ്ജു സാംസണെ ആദരിക്കുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജും സെക്രട്ടറി വിനോദ് എസ്.കുമാറും അറിയിച്ചു. വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കെസിഎ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുമെന്നും സൗരവ് ഗാംഗുലി ഉൾപ്പെടെ ക്രിക്കറ്റ് രംഗത്തുള്ളവരുടെ സഹകരണത്തോടെ വീടുകൾ വച്ചു നൽകാനും പദ്ധതിയുണ്ടെന്നും ജയേഷ് പറഞ്ഞു.