മാഞ്ചസ്റ്റർ ഡാർബിയിൽ യുണൈറ്റഡിനെ വീഴ്ത്തി സിറ്റിക്ക് കമ്യൂണിറ്റി ഷീൽഡ്; സിറ്റി വിജയം ഷൂട്ടൗട്ടിൽ (7–6)
Mail This Article
ലണ്ടൻ∙ പുതിയ സീസണിനു തുടക്കം കുറിച്ചുകൊണ്ടുള്ള എഫ്എ കമ്യൂണിറ്റി ഷീൽഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം. ആവേശകരമായ മത്സരത്തിൽ അവസാന നിമിഷം വരെ പൊരുതിയ യുണൈറ്റഡിനെ, പെനൽറ്റി ഷൂട്ടൗട്ടിലാണ് സിറ്റി വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ 7–6നാണ് സിറ്റിയുടെ വിജയം. ഏതാനും മാസങ്ങൾക്കു മുൻപ് എഫ്എ കപ്പ് ഫൈനലിൽ തോൽപ്പിച്ച യുണൈറ്റഡിനോടുള്ള സിറ്റിയുടെ പ്രതികാരം കൂടിയായി ഈ വിജയം.
80–ാം മിനിറ്റുവരെ ഗോൾരഹിതമായി മുന്നേറിയ മത്സരത്തിന്റെ അവസാന 10 മിനിറ്റിലാണ് ഇരു ടീമുകളും ഗോൾ കണ്ടെത്തിത്. പകരക്കാരനായി ഇറങ്ങിയ യുവതാരം അലെസാന്ദ്രോ ഗാർനച്ചോയിലൂടെ 82–ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ലീഡു നേടിയത്. പകരക്കാരനായെത്തിയ ‘ബർത്ഡേ ബോയ്’ ബെർണാഡോ സിൽവയിലൂടെ 89–ാം മിനിറ്റിൽ സിറ്റി സമനില പിടിച്ചു.
കമ്യൂണിറ്റി ഷീൽഡിൽ എക്സ്ട്രാ ടൈം ഇല്ലാത്തതിനാൽ മത്സരം നേരെ പെനൽറ്റി ഷൂട്ടൗട്ടിലേക്ക്. സിറ്റിക്കായി ആദ്യ കിക്കെടുത്ത ബെർണാഡോ സിൽവയുടെ ഷോട്ട് യുണൈറ്റഡ് ഗോൾകീപ്പർ ആന്ദ്രെ ഒനാന രക്ഷപ്പെടുത്തിയപ്പോൾ, യുണൈറ്റഡ് താരം സാഞ്ചോ എടുത്ത നാലാം കിക്ക് സിറ്റി ഗോൾകീപ്പർ എഡേഴ്സനും രക്ഷപ്പെടുത്തി. പിന്നീട് യുണൈറ്റഡിനായി എട്ടാം കിക്കെടുത്ത ജോണി ഇവാൻസിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നത് സിറ്റി മുതലെടുത്തു. തൊട്ടടുത്ത കിക്കെടുത്ത സിറ്റി താരം അകാൻജി ലക്ഷ്യം കണ്ടതോടെ അവർക്ക് കിരീടം.
പ്രീമിയർ ലീഗ് ജേതാക്കളും എഫ്എ കപ്പ് വിജയികളും തമ്മിലുള്ള കമ്യൂണിറ്റി ഷീൽഡിൽ തുടർച്ചയായി മൂന്നു വർഷമായി നേരിടുന്ന തോൽവി പരമ്പരയ്‌ക്കു കൂടിയാണ് ഈ വിജയത്തോടെ സിറ്റി അന്ത്യം കുറിച്ചത്. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ലെസ്റ്റർ സിറ്റി, ലിവർപൂൾ, ആർസനൽ ടീമുകളോടാണ് സിറ്റി തോൽവി വഴങ്ങിയത്.