ADVERTISEMENT

6 മെഡലുകളുടെ നേട്ടവുമായി പാരിസ് ഒളിംപിക്സിനോട് വിടപറയാനൊരുങ്ങുമ്പോഴും നെല്ലിട വ്യത്യാസത്തിൽ നഷ്ടമായ മറ്റ് 6 മെഡലുകളുടെ നീറ്റൽ ഇന്ത്യയെ വേട്ടയാടുന്നു. വെങ്കല മെഡലിന് തൊട്ടരികിലെത്തിയ 6 ഇനങ്ങളിലാണ് നേരിയ വ്യത്യാസത്തിൽ ഇന്ത്യക്കു നാലാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നത്.

കയ്യെത്തും ദൂരത്തുള്ള മെഡൽ നഷ്ടങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും ‘നാലാം സ്ഥാനങ്ങളുടെ’ കണക്കിൽ ഇന്ത്യ റെക്കോർഡിട്ടത് പാരിസിലാണ്. സ്കീറ്റ് ഷൂട്ടിങ്ങിലെ ചരിത്ര മെഡലെന്ന സ്വപ്നം തകർത്തത് കേവലം ഒരു പോയിന്റിന്റെ വ്യത്യാസമാണെങ്കിൽ വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മീരാബായ് ചാനുവിനെ മെഡലിൽ നിന്ന് അകറ്റിയത് ഒരു കിലോഗ്രാമിന്റെ നഷ്ടം.

∙ ജസ്റ്റ് മിസ്

പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ ആദ്യ നിരാശ ഷൂട്ടിങ് റേഞ്ചിൽ നിന്നായിരുന്നു. പുരുഷൻമാരുടെ 100 മീറ്റർ എയർ റൈഫിൾ ഫൈനലിൽ ഇരുപത്തഞ്ചുകാരൻ അർജുൻ ബബൂത്തയ്ക്ക് വെങ്കല മെഡൽ നഷ്ടമായത് 1.4 പോയിന്റിന്റെ വ്യത്യാസത്തിൽ.

ഫൈനലിന്റെ അവസാന നിമിഷംവരെ മെഡൽ പ്രതീക്ഷ നിലനിർത്തിയ അർജുന് ഫൈനലിലെ 19–ാം ഊഴത്തിൽ ഷോട്ട് പിഴച്ചു. അതോടെ അർജുനെ പിന്തള്ളി ക്രൊയേഷ്യയുടെ മിറാൻ മാരിസിച് മൂന്നാം സ്ഥാനത്തേക്ക് കയറി.

∙ സങ്കടക്കൂരമ്പ്‌

ഒളിംപിക്സ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ ആർച്ചറി താരങ്ങളെന്ന ചരിത്ര നേട്ടത്തെ മെഡലാക്കി മാറ്റാൻ ഇന്ത്യയുടെ ധീരജ് ബൊമ്മദേവര– അങ്കിത ഭഗത് സഖ്യത്തിനു കഴിഞ്ഞില്ല. ആർച്ചറി മിക്സ്ഡ് ടീം വെങ്കല മെഡൽപ്പോരാട്ടത്തിൽ യുഎസിന്റെ കെയ്സി കോഫോൾഡ്– ബ്രാഡി എല്ലിസൻ ജോടിയോടാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്.

മെഡൽപ്പോരാട്ടത്തിന്റെ സമ്മർദത്തിനിടെ അങ്കിതയ്ക്കു തുടർച്ചയായി ലക്ഷ്യം പിഴച്ചത് ഇന്ത്യയ്ക്കു തിരിച്ചടിയായി.

∙ മനുവിന്റെ നഷ്ടം

ഷൂട്ടിങ്ങിൽ 2 വെങ്കല മെഡലുമായി രാജ്യത്തിന്റെ പ്രതീക്ഷ കാത്ത മനു ഭാക്കർ മൂന്നാം മെഡലിന് തൊട്ടരികെ വീണതും ഇന്ത്യയ്ക്കു നിരാശയായി. 25 മീറ്റർ പിസ്റ്റൾ ഫൈനലിൽ മനുവും ഹംഗറിയുടെ വെറോനിക്ക മേയറും 28 പോയിന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു.

എന്നാൽ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനുള്ള ഷൂട്ട് ഓഫിലെ ചെറിയൊരു പാളിച്ച മനുവിനെ മൂന്നാം മെഡലിൽ നിന്ന് അകറ്റി.

∙ കണ്ണീർത്തൂവൽ

പി.വി.സിന്ധുവും സാത്വിക്–ചിരാഗ് ഡബിൾസ് സഖ്യവും നിരാശപ്പെടുത്തിയ ബാഡ്മിന്റൻ കോർട്ടിൽ ഇന്ത്യയെ മെഡൽ പ്രതീക്ഷയ്ക്കരികിലെത്തിച്ചത് ലക്ഷ്യ സെന്നാണ്.

സെമിഫൈനലിൽ നിലവിലെ ഒളിംപിക്സ് ചാംപ്യൻ വിക്ടർ അക്സൽസനോട് കീഴടങ്ങിയ ലക്ഷ്യ പിന്നാലെ വെങ്കല മെഡൽപോരാട്ടത്തിനിറങ്ങി. മലേഷ്യയുടെ ലീ സീ ജിയയ്ക്കെതിരെ ആദ്യ ഗെയിം നേടിയശേഷമുള്ള ലക്ഷ്യയുടെ തോൽവിയോടെ ബാഡ്മിന്റനിലെ ഇന്ത്യൻ മെഡൽ മോഹങ്ങൾ അസ്തമിച്ചു.

∙ സ്കീറ്റിലെ തിരിച്ചടി

ഷൂട്ടിങ് മിക്സ്ഡ് സ്കീറ്റ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നഷ്ടമായത് ഒരു പോയിന്റ് വ്യത്യാസത്തിൽ. വെങ്കല മെഡൽ മത്സരത്തിൽ മഹേശ്വരി ചൗഹാ‍ൻ– അനന്ദ് ജീത് സിങ് നാരുക സഖ്യം 43 പോയിന്റ് നേടിയപ്പോൾ 44 പോയിന്റുകളുമായി ചൈനീസ് സഖ്യം വെങ്കലമുറപ്പാക്കി.

സ്കീറ്റ് ഷൂട്ടിങ്ങിലെ ആദ്യ ഒളിംപിക് മെഡലെന്ന സ്വപ്നമാണ് ഒരു പോയിന്റിൽ വഴുതിപ്പോയത്.

∙ ചാനുവിന് സങ്കടഭാരം

വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ രണ്ടാം ഒളിംപിക്സ് മെഡലെന്ന മീരാബായ് ചാനുവിന്റെ സ്വപ്നവും നാലാം സ്ഥാനത്തിൽ ഇടറിവീണു. പാരിസ് വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ ഏക മത്സരാർഥിയായ ചാനു 49 കിലോഗ്രാം വിഭാഗത്തിൽ ആകെ 199 കിലോഗ്രാം ഭാരമുയർത്തിയപ്പോൾ വെങ്കലം നേടിയ തായ്‌ലൻഡ് താരം ഉയർത്തിയത് 200 കിഗ്രാം.

മെഡൽ സാധ്യത നിലനിർത്തുന്നതിനായി അവസാന ഊഴത്തിൽ 114 കിലോഗ്രാം ഉയർത്താനുള്ള ചാനുവിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു.

English Summary:

India lost six medals in paris olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com