സാർത്രിന്റെ കസേരയിലിരുന്ന് കാപ്പി കുടിക്കാം!; കഫേ ദ് ഫ്ലോറിൽ ഒരു സായാഹ്നം
Mail This Article
ഒരൊറ്റ ക്യാൻവാസിൽ ഒതുക്കാനാവാത്ത വർണചിത്രമാണ് പാരിസിലെ ഓരോ െതരുവും. ലക്ഷ്യത്തിലേക്ക് അതിവേഗത്തിൽ നീങ്ങുന്ന പാരിസുകാർ. ലക്ഷ്യം തെറ്റി കറങ്ങുന്ന സഞ്ചാരികൾ. തെരുവുകളിലേക്കു കാലുനീട്ടിയിരിക്കുന്ന ഭക്ഷണശാലകൾ; അവിടെ നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ അലസമായി ഇരുന്ന് രുചി നുകരുന്നവർ. കാഴ്ചകളുടെ പൂരമാണു തെരുവുകൾ നിറയെ...
പാരിസിലെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും പോകാനാഗ്രഹിക്കുന്ന ഒരു സ്ഥലത്തേക്കായിരുന്നു യാത്ര. നാലാമത്തെ മെട്രോ ലെയ്നിൽ സെയ്ന്റ് ജെർമെയ്ൻ ഡെ പ്രാ എന്ന സ്റ്റോപ്പിൽ ഇറങ്ങിയാൽ ആ സ്വപ്നശാലയിലേക്കു ചുവടുവയ്ക്കാം... കഫേ ദ് ഫ്ലോർ... ലോക പ്രശസ്തമായ കാപ്പിക്കട (കാപ്പി മാത്രമല്ല, ബീയറും ഷാംപെയ്നും കിട്ടും ഇവിടെ)... ഇവിടെയിരുന്നു കാപ്പി കുടിക്കുന്നതും ഷാംപെയ്ൻ രുചിക്കുന്നതും നാട്ടിൽ തിരിച്ചുപോയി മേനിയോടെ പറയാൻ ആഗ്രഹിക്കുന്നവർ എത്രയാണെന്നോ... അതറിഞ്ഞു തന്നെയാണ് അവിടേക്കു പോയതും.
വിവിധ ഭാഷകൾ സംസാരിക്കുന്നവർ. വിവിധ നിറക്കാർ. വേഷങ്ങളിലും വൈവിധ്യം. ലോകത്തിന്റെ ഒരു ചെറിയ ഭൂപടം ഫ്ലോറിനുള്ളിൽ വരയ്ക്കാം... 1888ൽ തുടങ്ങിയ ‘ചായപ്പീടിക’യാണു ഫ്ലോർ. പൂക്കളുടെ റോമൻ ദേവതയായ ‘ഫ്ലോറി’ന്റെ പേരിൽനിന്നാണു പിറവി. എഴുത്തുകാരുടെ താവളം എന്ന നിലയ്ക്കാണു ഫ്ലോറിനെ ലോകമറിയുന്നത്. 19–ാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിന്തകനും നോവലിസ്റ്റുമായ ഷാൾ മൊറാസ്, ഫ്ലോറിന്റെ ഒന്നാം നിലയിലിരുന്നാണു തന്റെ പുസ്തകമെഴുതിയത്. പിൽക്കാലത്ത് പിക്കാസോ ഉൾപ്പെടെയുള്ളവർ ഫ്ലോറിലെ സ്ഥിരം സന്ദർശകരായി.
ഫ്രഞ്ച് ചിന്തകനും സാഹിത്യകാരനുമായ ഴാങ് പോൾ സാർത്രിന്റെ പ്രിയപ്പെട്ട ഇടമായിരുന്നു ഈ കഫേ. ‘റോഡ് ടു ഫ്രീഡം’ എന്ന നോവൽ അദ്ദേഹമെഴുതിയത് ഫ്ലോറിൽ ഇരുന്നാണ്. അടുത്തകാലം വരെ സാർത്ര് ഇരുന്ന കസേര മറ്റാർക്കും നൽകാതെ മാറ്റിയിട്ടിരിക്കുകയായിരുന്നു. തിരക്കേറിയതോടെ ഇപ്പോൾ ‘സാർത്രിന്റെ കസേര’യിലിരുന്നും സന്ദർശകർക്കു കഴിക്കാം, കുടിക്കാം.. ആൽബേർ കമ്യു, സിമോൺ ഡി ബുവ... ഫ്ലോറിനെ പ്രശസ്തമാക്കിയവരുടെ നിര നീളുന്നു...
‘La chemins de la liberte passent par la floroe... സ്വാതന്ത്ര്യത്തിലേക്കുള്ള പാത ഫ്ലോറിനരികിലൂടെ പോകുന്നു...’ സാർത്രിന്റെ വാക്കുകൾ. കാപ്പി കുടിച്ചുകഴിഞ്ഞിട്ടും കസേര വിട്ടെഴുന്നേൽക്കാൻ തോന്നിയില്ല. സ്വാതന്ത്ര്യത്തിലേക്കു തുറക്കുന്ന പാരിസിലെ തെരുവുകൾ വിളിക്കുന്നു... നേരമിരുണ്ടു. സമയമായി... ഇനി എഴുന്നേൽക്കാം...