ADVERTISEMENT

രണ്ടാഴ്ചയായി കായികലോകത്തെ ഉത്സവമേളത്തിമിർപ്പിലാക്കിയ പാരിസ് പൂരത്തിന് ഇന്നു കൊടിയിറക്കം. ലോകത്തെ മുഴുവൻ നെഞ്ചോടു ചേർത്തുനിർത്തിയ പാരിസ് നഗരം ഇന്ന് ആരാധകരോടും കാണികളോടും വിട പറയും... സമാപനച്ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം അർധരാത്രി 12.30ന് സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ ആരംഭിക്കും. സ്പോർട്സ് 18 ചാനലിൽ തൽസമയം കാണാം. ഒളിംപിക്സിലെ ഇന്ത്യയുടെ മത്സരങ്ങൾ ഇന്നലെ അവസാനിച്ചു. ഒരു വെള്ളിയും 5 വെങ്കലവുമാണ് പാരിസിൽ ഇന്ത്യയുടെ നേട്ടം. 

 കലാപരിപാടികളും അത്‌ലീറ്റുകൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും ഉൾപ്പെടുന്ന ഇന്നത്തെ സമാപന ചടങ്ങ് രണ്ടര മണിക്കൂറോളം നീളുമെന്നാണ് അറിയിപ്പ്. സമാപന മാർച്ച് പാസ്റ്റിൽ, ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം ഗോളി  പി.ആർ.ശ്രീജേഷും ഇരട്ടവെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യൻ പതാക വഹിക്കും. വനിതാ മാരത്തൺ വിജയികൾക്കുള്ള മെഡൽ സമർപ്പണച്ചടങ്ങ് സമാപനത്തിന്റെ ഭാഗമായിട്ടാണു പരമ്പരാഗതമായി നടക്കുന്നത്. 

സമാപനച്ചടങ്ങിനൊടുവിലാണു പതാക കൈമാറൽ ചടങ്ങ്. അടുത്ത ഒളിംപിക്സിനു വേദിയാകുന്ന ലൊസാഞ്ചലസ് നഗരത്തിന്റെ മേയർ കരൻ ബാസ്, പാരിസ് മേയർ ആനി ഹിഡാൽഗോയിൽനിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങും. 2028ലാണ് യുഎസ് നഗരം അടുത്ത ഒളിംപിക്സിനു വേദിയാവുക. 

ഉദ്ഘാടന പരിപാടിയെത്തുടർന്നു വിവാദങ്ങളുയർന്ന സാഹചര്യത്തിൽ അതീവശ്രദ്ധയോടെയാണു സംഘാടകർ സമാപനച്ചടങ്ങ് സംഘടിപ്പിക്കുന്നത്. സമാപനച്ചടങ്ങിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹോളിവുഡ് താരം ടോം ക്രൂസ് അടക്കമുള്ളവർ പങ്കെടുക്കുമെന്നു ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിലും അതിഥികളുടെ കാര്യത്തിൽ സംഘാടകർ രഹസ്യസ്വഭാവം സൂക്ഷിച്ചിരുന്നു.

∙ ചൈന മുന്നിൽ; പിന്നാലെ യുഎസ്

മെഡൽനേട്ടത്തിൽ മുന്നിലെത്താൻ ചൈനയും യുഎസും കടുത്ത പോരാട്ടം തുടരുന്നു. പാരിസിലെ വിശ്വ കായികപൂരം ഇന്നു സമാപിക്കാനിരിക്കെ 37 സ്വർണമടക്കം 88 മെഡലുകൾ നേടിയ ചൈനയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 27 വെള്ളിയും 24 വെങ്കലവും അവരുടെ അക്കൗണ്ടിലുണ്ട്.

യുഎസിന് 119 മെഡലുകൾ സ്വന്തമാണെങ്കിലും സ്വർണനേട്ടം 36 മാത്രം. 42 വെള്ളിയും 41 വെങ്കലവും യുഎസ് താരങ്ങൾ നേടിക്കഴിഞ്ഞു. മൂന്നാം സ്ഥാനത്തുള്ളത് 18 സ്വർണവും 18 വെള്ളിയും 14 വെങ്കലവുമുള്ള ഓസ്ട്രേലിയയാണ്. 6 മെഡലുകളുമായി ഇന്ത്യ 70–ാം സ്ഥാനത്താണ്. 

English Summary:

Closing ceremony of Paris Olympics is in today midnight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com