പെനൽറ്റി ഷൂട്ടൗട്ടിൽ ആകെ 34 കിക്കുകൾ; ഒടുവിൽ 13–12ന്റെ വിജയം; വിയർത്ത് ജയിച്ച് അയാക്സ്– വിഡിയോ
Mail This Article
ആംസ്റ്റർഡാം∙ ആകെ 34 പെനൽറ്റി കിക്കുകൾ. ഒടുവിൽ 13–12ന്റെ വിജയം. യൂറോപ്പാ ലീഗ് യോഗ്യതാ റൗണ്ടിൽ ഗ്രീക്ക് ക്ലബ് പനാത്തിനായ്ക്കോസിനെ വീഴ്ത്തി പ്ലേ ഓഫ് റൗണ്ട് യോഗ്യത നേടാൻ നെതർലൻഡ്സ് ക്ലബ് അയാക്സിന് വേണ്ടിവന്ന കടുത്ത പോരാട്ടത്തിന്റെ ഏകദേശ ചിത്രമാണിത്. ആവേശകരമായ പോരാട്ടത്തിന്റെ ഇരു പാദങ്ങളിലും ഇരു ടീമുമകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ്, വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.
അഞ്ച് പെനൽറ്റി കിക്കുകൾ രക്ഷപ്പെടുത്തുകയും ഒരു പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്ത നാൽപ്പതുകാരൻ ഗോൾകീപ്പർ റെംകോ പസ്‌വീറിന്റെ തകർപ്പൻ പ്രകടനമാണ് അയാക്സിന് വിജയം സമ്മാനിച്ചത്. പ്രതിരോധനിര താരം ആന്റൺ ഗയേയിയെടുത്ത പെനൽറ്റി കിക്കാണ് സുദീർഘ പോരാട്ടത്തിനൊടുവിൽ ടീമിന് വിജയം സമ്മാനിച്ചത്.
അയാക്സിനായി രണ്ടു പെനൽറ്റി കിക്കെടുത്ത നെതർലൻഡ്സ് ദേശീയ ടീമിൽ അംഗം കൂടിയായ സ്ട്രൈക്കർ ബ്രയാൻ ബ്രോബറി രണ്ടു കിക്കുകളും നഷ്ടപ്പെടുത്തി. ബെർട്രാൻഡ് ട്രാവോർ, യൂറി ബാസ് എന്നിവരും ഓരോ കിക്കുകൾ നഷ്ടമാക്കി.
ഫുട്ബോൾ ചരിത്രത്തിലെ സുദീർഘമായ പെനൽറ്റി ഷൂട്ടൗട്ടുകളുടെ കൂട്ടത്തിൽപ്പെടുന്ന ഈ മത്സരത്തിൽ, ഷൂട്ടൗട്ട് മാത്രം ഏതാണ്ട് അര മണിക്കൂറോളം നീണ്ടുനിന്നു. യൂറോപ്യൻ ചാംപ്യൻഷിപ്പുകളിലെ സുദീർഘമായ രണ്ടാമത്തെ ഷൂട്ടൗട്ടാണ് പനാത്തിയാക്കോസ് – അയാക്സ് മത്സരത്തിലേത്. കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗ് യോഗ്യതാ റൗണ്ടിൽ സീറ യുണൈറ്റഡ് 14–13ന് ഗ്ലെന്റോറൻസിനെ പരാജയപ്പെടുത്തിയതാണ് സുദീർഘമായ ഷൂട്ടൗട്ട് പോരാട്ടം.