ADVERTISEMENT

അബാഹ് (സൗദി അറേബ്യ) ∙ ആദ്യ പകുതിയിൽ ഗോൾ നേടി ടീമിനു ലീഡ് നൽകിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു കിരീടഭാഗ്യമുണ്ടായില്ല. സൗദി സൂപ്പർ കപ്പ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്‍ർ ഫുട്ബോൾ ക്ലബ്ബിനെ 4–1നു തോൽപിച്ച് അൽ ഹിലാൽ ജേതാക്കളായി. രണ്ടാം പകുതിയിലായിരുന്നു ഹിലാലിന്റെ 4 ഗോളുകളും.

അലക്സാണ്ടർ മിത്രോവിച്ച് ഹിലാലിനായി ഇരട്ടഗോൾ നേടി. സെർജെയ് മിലിൻകോവിച്ച് സാവിച്ച്, മാൽക്കം എന്നിവരും ലക്ഷ്യം കണ്ടു. ഹിലാലിന്റെ ആക്രമണത്തിനു മുന്നിൽ അൽ നസ്ർ പ്രതിരോധം തകർന്നപ്പോൾ സഹതാരങ്ങൾക്കു നേരെ ‘ഉറക്കം വിട്ടുണരൂ’ എന്ന രീതിയിൽ ക്രിസ്റ്റ്യാനോ ആംഗ്യം കാണിക്കുന്നതിന്റെ ദൃശ്യങ്ങളും മത്സരശേഷം പ്രചരിച്ചു. 

പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിൽ നടന്ന മത്സരം ഹാഫ്ടൈമിനു പിരിയുന്നതിനു തൊട്ടുമുൻ‍പാണ് ക്രിസ്റ്റ്യാനോ അൽ നസ്‍റിനെ മുന്നിലെത്തിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ സർവാധിപത്യം പുലർത്തിയ അൽ ഹിലാൽ 17 മിനിറ്റുകൾക്കിടെ 4 ഗോളുകൾ‍ നേടി മത്സരം സ്വന്തമാക്കി. 

55–ാം മിനിറ്റിൽ സാവിച്ചിന്റെ ഗോളിൽ മുന്നിലെത്തിയ അവർ 63,69 മിനിറ്റുകളിലായി മിത്രോവിച്ച് നേടിയ ഇരട്ടഗോളിൽ ലീഡും നേടി. സെർ‍ബിയൻ താരങ്ങൾക്കു ശേഷം ഊഴം ബ്രസീലിയൻ താരം മാൽക്കമിന്. 72–ാം മിനിറ്റിൽ മാൽക്കം ഗോൾ പട്ടിക തികച്ചു. തുടരെ രണ്ടാം വർഷമാണ് അൽ ഹിലാൽ സൗദി സൂപ്പർ കപ്പ് ജേതാക്കളാകുന്നത്. 

ക്രിസ്റ്റ്യാനോയുടെ ദൗർഭാഗ്യം; നെയ്മാറിന്റെ കിരീടഭാഗ്യം!

2022 ഡിസംബറിൽ ക്ലബ്ബിലെത്തിയതിനു ശേഷം 47 കളികളിൽ 49 ഗോളുകളുമായി ക്രിസ്റ്റ്യാനോ തിളങ്ങിയെങ്കിലും ഒരു കിരീടം മാത്രമാണ് അൽ നസ്റിനു നേടാനായത്. കഴി‍ഞ്ഞ വർഷം ഡിസംബറിൽ അൽ ഹിലാലിനെ 2–1നു തോൽപിച്ചു നേടിയ അറബ് ക്ലബ് ചാംപ്യൻസ് കപ്പ്. ഫൈനലിൽ അൽ നസ്‍റിന്റെ 2 ഗോളും നേടിയത് ക്രിസ്റ്റ്യാനോ തന്നെ. ക്രിസ്റ്റ്യാനോയ്ക്കു നേർവിപരീതമാണ് അൽ ഹിലാലിന്റെ ബ്രസീൽ താരം നെയ്മാറിന്റെ ഭാഗ്യം.

നെയ്മാർ
നെയ്മാർ

കഴി‍ഞ്ഞ വർഷം ഓഗസ്റ്റിൽ ക്ലബ്ബിലെത്തിയെങ്കിലും പരുക്കു മൂലം ഇതുവരെ 5 മത്സരങ്ങൾ മാത്രമാണ് നെയ്മാറിനു കളിക്കാനായത്. എന്നാൽ സൗദി പ്രൊ ലീഗ്, കിങ് കപ്പ്, സൂപ്പർ കപ്പ് (2 തവണ) എന്നിവയിലെല്ലാം ഹിലാൽ ജേതാക്കളായി. കളിച്ചില്ലെങ്കിലും ടീമിനൊപ്പം വിജയാഘോഷങ്ങളിൽ പങ്കെടുക്കാൻ നെയ്മാർ മൈതാനത്തിറങ്ങുകയും ചെയ്തു.

English Summary:

Cristiano Ronaldo without trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com