6 ഗോൾ കീപ്പർ, 14 ഫോർവേഡ്, ചെൽസിക്ക് ഷോപ്പിങ് സീസൺ! എന്തിനാണ് കളിക്കാരെ ഇങ്ങനെ വാങ്ങിക്കൂട്ടുന്നത്?
Mail This Article
ലണ്ടനിൽ വിമാനം ഇറങ്ങുന്നവർ ഇപ്പോൾ രണ്ടു തരത്തിലുള്ളവരാണ്. സ്വകാര്യ ആവശ്യങ്ങൾക്കായി എത്തുന്നവരും ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ചെൽസിയിൽ ചേരാനെത്തുന്നവരും! ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ കയ്യും കണക്കുമില്ലാതെ ചെൽസി ടീമിലേക്ക് താരങ്ങളെ വാരിക്കൂട്ടുന്നതാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചൂടുപിടിച്ച ചർച്ച. രണ്ടു കളിക്കാർ തമ്മിൽക്കണ്ടാൽ ‘എങ്ങോട്ടാ, ചെൽസിയിലേക്കാണോ?’ എന്നു ചോദിക്കുന്ന സ്ഥിതിയാണെന്നാണ് സംസാരം.
നിലവിൽ ചെൽസി സ്ക്വാഡ് അംഗങ്ങളുടെ എണ്ണം 44 ആണ്. ഒരു വലിയ ബസിൽ പോലും തിങ്ങി നിറഞ്ഞ് യാത്ര ചെയ്യേണ്ട അവസ്ഥ. ട്രാൻസ്ഫർ വിൻഡോ അവസാനിക്കുമ്പോൾ സ്ക്വാഡ് അംഗങ്ങളുടെ എണ്ണം 25 ആക്കി കുറയ്ക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലും പുതിയ താരങ്ങളെ വലയിലാക്കാനുള്ള ശ്രമത്തിലാണ് മാനേജർ എൻസോ മേരാസ്ക. കട്ട സപ്പോർട്ടുമായി പണം എറിഞ്ഞ് ഉടമ അമേരിക്കൻ കോടീശ്വരൻ ടോഡ് ബോലിയും!
6 ഗോൾ കീപ്പർ, 14 ഫോർവേഡ്
44 അംഗങ്ങളിൽ നിന്ന് സീസണിലേക്കുള്ള ഫസ്റ്റ് ടീമിൽ ആരൊക്കെ ഉൾപ്പെടുമെന്ന ആകാംക്ഷയിലാണ് ആരാധകർ. നിലവിൽ സ്ക്വാഡിൽ 6 ഗോൾകീപ്പർമാർ ഉണ്ട്. ഗോൾകീപ്പർമാരുടെ റെക്കോർഡ് ട്രാൻസ്ഫർ തുകയിൽ ലണ്ടനിലെത്തിയ കെപ്പ അരിസബലാഗയും ഇവരിൽ ഒരാളാണ്. കെപ്പ ഈ വർഷം ടീം വിട്ടേക്കും. 12 ഡിഫൻഡർമാരും 12 മിഡ്ഫീൽഡർമാരും 14 ഫോർവേഡുകളും ചേരുന്നതാണ് നിലവിലെ ചെൽസി സ്ക്വാഡ്.
രണ്ട് സെന്റർ ബാക്ക് പൊസിഷനിലേക്ക് പരസ്പരം മത്സരിക്കുന്നത് 7 താരങ്ങളാണ്. സെന്റർ മിഡ്ഫീൽഡർ പൊസിഷനിൽ 5 പേരും സെന്റർ ഫോർവേഡ് പൊസിഷനിൽ 6 പേരും അവസരത്തിനായി പോരാടും. താരങ്ങളുടെ ആകെ മാർക്കറ്റ് വാല്യു ഏകദേശം 8900 കോടി രൂപ വരുമെന്നാണ് റിപ്പോർട്ടുകൾ.
ബോലി മുടക്കിയത് 12000 കോടി രൂപ
2022ലാണ് റഷ്യൻ കോടീശ്വരൻ റോമൻ അബ്രമോവിച്ചിൽ നിന്ന് ഏകദേശം 23,739 കോടി രൂപയ്ക്ക് ബോലി നേതൃത്വം നൽകുന്ന കൺസോർഷ്യം ചെൽസി ക്ലബ്ബിനെ വാങ്ങിയത്. അതിനു ശേഷം താരങ്ങളെ വാങ്ങുന്നതിനു മാത്രം മുടക്കിയത് ഏകദേശം 12000 കോടി രൂപയാണ്.
35 താരങ്ങളെയാണ് ഇക്കാലയളവിൽ സ്വന്തമാക്കിയത്. അർജന്റീന താരം എൻസോ ഫെർണാണ്ടസ്, ഇക്വഡോർ താരം മോയിസ് കെയ്സഡോ എന്നിവരെ ടീമിലെത്തിച്ചത് 1000 കോടി രൂപയ്ക്കു മുകളിൽ മുടക്കിയാണ്. ഈ സീസണിൽ ഇതുവരെ 10 താരങ്ങളെ ടീമിലെത്തിച്ചപ്പോൾ മുടക്കിയത് 1850 കോടി രൂപ.
3 താരങ്ങളെ ട്രാൻസ്ഫറിലൂടെ മറ്റു ക്ലബ്ബുകൾക്ക് നൽകി 934 കോടി രൂപയും സമ്പാദിച്ചു. ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ വിക്ടർ ഒസിമൻ, പോർച്ചുഗൽ താരം ജോവ ഫെലിക്സ് എന്നിവരെയും ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് നീലപ്പട.
22 ശരാശരി പ്രായം
കഴിഞ്ഞ രണ്ടു വർഷമായി ചെൽസിയിലെത്തിയ മിക്ക കളിക്കാരും 24 വയസ്സിൽ താഴെയുള്ളവരാണ്. ഈ സീസണിൽ ഇതുവരെ ടീമിലെത്തിയ 8 പേരും 17–22 വയസ്സുകാരാണ്. ടീമിന്റെ ശരാശരി പ്രായം 22 മാത്രം! ടീമിലെത്തിയ കൂടുതൽ താരങ്ങളും 5 വർഷത്തിനു മുകളിലുള്ള കരാറിലാണ് ഒപ്പു വച്ചിരിക്കുന്നത്. ഭാവി സുരക്ഷിതമാക്കുകയാണ് ചെൽസിയുടെ പ്രധാന ലക്ഷ്യമെന്നു വ്യക്തം. കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററായ കോൾ പാമറിന്റെ കരാർ 2033 വരെ നീട്ടിയതും ഇതേ ലക്ഷ്യം മുന്നിൽ കണ്ടാണ്.
റോമൻ അബ്രമോവിച് കാലഘട്ടത്തിൽ നടത്തിയിട്ടുള്ള ട്രാൻസ്ഫറുകളിൽ പ്രിമിയർ ലീഗ് അന്വേഷണം പുരോഗമിക്കുകയാണ്. 2 വർഷം വരെ നീണ്ടു നിൽക്കാവുന്ന ട്രാൻസ്ഫർ വിലക്ക് മുന്നിൽ കണ്ടാണ് ചെൽസി കൂടുതൽ താരങ്ങളെ ടീമിലെത്തിക്കുന്നതെന്നും സൂചനയുണ്ട്. ട്രാൻസ്ഫർ മാർക്കറ്റിൽ വൻകുതിപ്പ് നടത്തിയെങ്കിലും ബോലിയുടെ വരവിനു ശേഷം പോയിന്റ് പട്ടികയിൽ മുന്നേറാൻ ചെൽസിക്ക് ആയിട്ടില്ല.
2022–23 സീസണിൽ 12–ാം സ്ഥാനത്തും കഴിഞ്ഞ സീസണിൽ 6–ാം സ്ഥാനത്തുമായിരുന്നു ചെൽസി. ഇത്തവണ ആദ്യ ലക്ഷ്യം ടോപ് ഫോറിൽ എത്തുക എന്നതു തന്നെ.