കേരളം, ആഗോള മൈതാനം; സൂപ്പർ ലീഗ് കേരളയിൽ ആവേശമുയർത്താൻ വിദേശ താരങ്ങളും പരിശീലകരും
Mail This Article
കൊച്ചി ∙ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ആദ്യ പതിപ്പിൽ ബൂട്ടു കെട്ടുന്നതു പത്തിലേറെ രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബോൾ താരങ്ങൾ. സെപ്റ്റംബർ 7നു ലീഗിനു കിക്കോഫ് വിസിൽ മുഴങ്ങുന്നതോടെ കേരളം ആഗോള ഫുട്ബോളിന്റെ ചെറിയൊരു കളിക്കളമാകും. മുപ്പതിലേറെ വിദേശ കളിക്കാരാണ് 6 സൂപ്പർ ലീഗ് ടീമുകളിലായി കളിക്കുന്നത്. കൂടുതലും ബ്രസീൽ, സ്പെയിൻ താരങ്ങൾ. ലീഗിലെ ആദ്യ പോരാട്ടത്തിൽ ഫോഴ്സ കൊച്ചി എഫ്സിയും മലപ്പുറവും എഫ്സിയും ഏറ്റുമുട്ടും. ഏഴിനു രാത്രി 7.30നു കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കിക്കോഫ്.
ഹെയ്റ്റി മുതൽ ഘാന വരെ
യൂറോപ്യൻ രാജ്യമായ സ്പെയിൻ, ആഫ്രിക്കൻ രാജ്യങ്ങളായ ഘാന, ഐവറി കോസ്റ്റ്, തുനീസിയ, സെനഗൽ, ദക്ഷിണാഫ്രിക്ക, കാമറൂൺ, കരീബിയൻ രാജ്യമായ ഹെയ്റ്റി എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങൾ കളത്തിലിറങ്ങും. ലാറ്റിനമേരിക്കൻ വശ്യതയുമായി ബ്രസീലിനൊപ്പം കൊളംബിയൻ, യുറഗ്വായ് താരങ്ങൾ. കണ്ണൂർ വാരിയേഴ്സിൽ അഞ്ചും മലപ്പുറം എഫ്സിയിൽ മൂന്നും സ്പാനിഷ് കളിക്കാരുണ്ട്.
തിരുവനന്തപുരം കൊമ്പൻസ് എഫ്സിയിൽ 6 വിദേശ താരങ്ങളും ബ്രസീൽ വക. കാലിക്കറ്റ് എഫ്സിയിൽ ഘാന താരങ്ങളാണു കൂടുതൽ; 3 പേർ. ഫോഴ്സ കൊച്ചിയിൽ രണ്ടു തുനീസിയൻ താരങ്ങൾക്കു പുറമേ, കൊളംബിയ, ബ്രസീൽ, ഐവറി കോസ്റ്റ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നും താരങ്ങളുണ്ട്. ബ്രസീൽ, കാമറൂൺ താരങ്ങളാണു തൃശൂർ മാജിക് എഫ്സിയുടെ കരുത്ത്.
കളി പഠിപ്പിക്കാനും വിദേശികൾ
ആറു ടീമുകളുടെയും മുഖ്യ പരിശീലകർ വിദേശികൾ. തിരുവനന്തപുരം കൊമ്പൻസിന്റെ കോച്ച് ബ്രസീലിൽ നിന്നുള്ള സെർജിയോ അലക്സാന്ദ്രെ. ഫോഴ്സ കൊച്ചി പരിശീലകൻ പോർച്ചുഗലിൽ നിന്നാണ്; മാരിയോ ലിമോസ്. സഹപരിശീലകൻ മുൻ ഇന്ത്യൻ താരം ജോ പോൾ അഞ്ചേരി. ഇറ്റലിക്കാരൻ ജിയോവാനി സ്കാനുവാണു തൃശൂർ മാജിക് എഫ്സി പരിശീലകൻ.
കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായിരുന്ന സതീവൻ ബാലൻ സഹപരിശീലകൻ. വിഖ്യാത ഇംഗ്ലിഷ് കോച്ച് ജോൺ ഗ്രിഗറിയാണു മലപ്പുറം എഫ്സിയുടെ ആശാൻ. കാലിക്കറ്റ് എഫ്സിയെ കളി പഠിപ്പിക്കുന്നതു സ്കോട്ടിഷ് കോച്ച് ഇയാൻ ഗിലിയൻ. സഹ പരിശീലകനായി ബിബി തോമസ്. കണ്ണൂർ വാരിയേഴ്സിന്റെ ഗുരു സ്പെയിനിൽ നിന്നാണ്; മാനുവൽ സാഞ്ചസ് മോറിയാസ്.