രാജ്യാന്തര ഫുട്ബോളിൽ ജർമനിയുടെ കാവലാളായി ഇനിയില്ല; വിരമിക്കൽ പ്രഖ്യാപിച്ച് മാനുവൽ ന്യൂയർ
Mail This Article
മ്യൂണിക് ∙ ജർമനിയെ 2014 ലോകകപ്പ് ജേതാക്കളാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഗോൾകീപ്പർ മാനുവൽ നോയർ രാജ്യാന്തര കരിയറിൽനിന്ന് വിരമിച്ചു. 2009ൽ ജർമൻ ദേശീയ ടീമിൽ അരങ്ങേറിയ നോയർ രാജ്യത്തിനായി 124 മത്സരങ്ങൾ കളിച്ച ശേഷമാണു ഗ്ലൗസ് അഴിക്കുന്നത്. മുപ്പത്തിയെട്ടുകാരൻ മാനുവൽ നോയർ ജർമൻ ബുന്ദസ് ലിഗ ക്ലബ് ബയൺ മ്യൂണിക്കിൽ തുടരും.
‘എന്നെ അടുത്തറിയുന്നവർക്കെല്ലാം മനസ്സിലാകും, ഇതത്ര എളുപ്പത്തിൽ ഞാനെടുത്ത ഒരു തീരുമാനമല്ല. ഞാനിപ്പോഴും ശാരീരികമായി വളരെ ഫിറ്റാണ്. എങ്കിലും ദേശീയ ടീമിനൊപ്പമുള്ള എന്റെ യാത്ര ഇവിടെ പൂർണമാകുന്നു’– നോയർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ബയണിനൊപ്പം 11 ബുന്ദസ് ലിഗ കിരീടങ്ങളും രണ്ടു വീതം ചാംപ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങളും നോയർ നേടിയിട്ടുണ്ട്. ജർമൻ മിഡ്ഫീൽഡർ ഇൽകെ ഗുണ്ടോവാൻ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചു 2 ദിവസത്തിനു ശേഷമാണ് മാനുവൽ നോയറിന്റെ വിരമിക്കൽ പ്രഖ്യാപനവും.