ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചുലച്ച് ഹോര്‍ഹെ പെരേരയുടെ വിജയഗോൾ, ബെംഗളൂരു സെമിയിൽ (1–0)
Mail This Article
കൊൽക്കത്ത∙ ഡ്യുറാൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിനു തകർത്ത് ബെംഗളൂരു എഫ്സി സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ രണ്ടാം പകുതിയുടെ അധിക സമയത്ത് ഹോർഹെ പെരേര ഡയസാണ് ബെംഗളൂരുവിന്റെ വിജയ ഗോൾ നേടിയത്. 95–ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം കൂടിയായ ഹോർഹെ ഡയസിന്റെ ഗോൾ. ഓഗസ്റ്റ് 27ന് നടക്കുന്ന സെമി ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് ബെംഗളൂരുവിന്റെ എതിരാളികൾ.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സോം കുമാർ പരുക്കേറ്റ് ഗ്രൗണ്ടിൽ നിന്നു മടങ്ങി. ഇന്ത്യൻ സൂപ്പര്‍ ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ യുവ ഗോൾ കീപ്പർ സച്ചിൻ സുരേഷാണ് പിന്നീടു വല കാത്തത്. ബെംഗളൂരു താരം ഹോർഹെ പെരേരെ ഡയസിന്റെ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെയാണ് സോം കുമാറിന് പരുക്കേറ്റത്. 16–ാം മിനിറ്റിൽ സച്ചിൻ സുരേഷിന്റെ ഫൗളില്‍ ബെംഗളൂരു താരം ഹോർഹെ പെരേര ഗ്രൗണ്ടിൽ വീണെങ്കിലും റഫറി പെനാൽറ്റി കിക്ക് അനുവദിച്ചില്ല.
ആദ്യ പകുതിയുടെ ആദ്യ 20 മിനിറ്റുകളിൽ പന്തടക്കത്തിൽ ബെംഗളൂരുവിനായിരുന്നു മുൻതൂക്കം. പക്ഷേ മുന്നേറ്റങ്ങളിൽ ബ്ലാസ്റ്റേഴ്സ് ഒട്ടും പിന്നിലായിരുന്നില്ല. തുടക്കത്തിൽ തന്നെ ബെംഗളൂരു ഗോൾമുഖത്ത് പലവട്ടം ഭീഷണി ഉയർത്താൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചു. മൊറോക്കൻ മിഡ്ഫീൽഡർ നോഹ സദൂയിയുടെ ഗോൾ ശ്രമം ബെംഗളൂരു ഗോളി ഗുർപ്രീത് സിങ് സന്ധു പണിപ്പെട്ടാണു തട്ടിയകറ്റിയത്. 19–ാം മിനിറ്റിൽ ബോക്സിന് അകത്തുനിന്ന് പന്തു പിടിച്ചെടുത്ത് ക്വാമെ പെപ്ര എടുത്ത ലോ ഷോട്ടും ലക്ഷ്യത്തിലെത്തിയില്ല. 43–ാം മിനിറ്റിൽ ബെംഗളൂരു താരം പെരേര ഡയസിന്റെ മികച്ചൊരു ഷോട്ട് ഗോളി സച്ചിന്‍ സുരേഷ് തട്ടിയകറ്റി. റീബൗണ്ടിൽ നൊഗ്വേരയുടെ ഗോൾ ശ്രമം ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടുത്തുനിർത്തി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഗോൾ നേടാൻ ബെംഗളൂരു നിരന്തരം ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് താരം നോഹ സദൂയി തനിക്കു ലഭിച്ച സുവർണാവസരം പാഴാക്കി. പെപ്രയുടെ ക്രോസിൽ ലഭിച്ച പന്തുമായി മുന്നേറിയ നോഹയ്ക്ക് ബെംഗളൂരു ഗോളി മാത്രം മുന്നിൽ നില്‍ക്കെ പിഴച്ചു. നോഹയുടെ ഷോട്ട് ഗോളി ഗുർപ്രീത് പ്രതിരോധിച്ചു. രണ്ടാം പകുതിയിലും ഗോൾ വരാതിരുന്നതോടെ ബെംഗളൂരു എഫ്സി സുനിൽ ഛേത്രി, ഫനായ് തുടങ്ങിയ താരങ്ങളെ ഗ്രൗണ്ടിലിറക്കി. 70 മിനിറ്റിനു ശേഷം ബ്ലാസ്റ്റേഴ്സ് മുഹമ്മദ് അനസ്, സഹീഫ് എന്നിവര്‍ക്കും അവസരം നൽകി. നാലു മിനിറ്റാണ് രണ്ടാം പകുതിക്ക് അധിക സമയമായി അനുവദിച്ചത്. മത്സരം ഷൂട്ടൗട്ടിലേക്കു പോകുമെന്നു കരുതിയിരിക്കെ 95–ാം മിനിറ്റിൽ ഹോർഹെ ഡയസ് ബെംഗളൂരുവിനെ മുന്നിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ റഫറി ഫൈനൽ വിസിൽ വിളിച്ചതോടെ ബ്ലാസ്റ്റേഴ്സിനു തോൽവി.