ADVERTISEMENT

സ്റ്റോക്കോം (സ്വീഡൻ) ∙ ഇംഗ്ലണ്ട് ഫുട്ബോളിന്റെ ‘സുവർണ തലമുറ’യുടെ പരിശീലകനായിരുന്ന സ്വെൻ ഗൊരാൻ എറിക്സൺ ഇനി ഓർമ. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ട വിദേശിയായ ആദ്യത്തെയാളായിരുന്നു ഇന്നലെ അന്തരിച്ച സ്വീഡൻകാരൻ എറിക്സൺ (76). ഡേവിഡ് ബെക്കാം, വെയ്ൻ റൂണി, സ്റ്റീവൻ ജെറാർദ്, ഫ്രാങ്ക് ലാംപാഡ് തുടങ്ങിയവർ ഉൾപ്പെട്ട ഇംഗ്ലണ്ടിന്റെ ‘ഗോൾഡൻ ജനറേഷന്റെ’ കോച്ച് എന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധേയനായത്. അക്കാലത്ത് ഇംഗ്ലണ്ട് ടീം നേടിയ വിജയങ്ങളിലും അനുബന്ധ വാർത്തകളിലുമെല്ലാം എറിക്സൺ സ്പർശമുണ്ടായിരുന്നു.

കഴിഞ്ഞ ജനുവരിയിൽ, എറിക്സൺ അർബുദ രോഗബാധിതനാണെന്ന റിപ്പോർട്ടുകൾ വന്നതുമുതൽ അദ്ദേഹത്തിനു സുഖാശംസകൾ നേർന്ന് ലോകമെമ്പാടുമുള്ള ആരാധകർ ഒപ്പമുണ്ടായിരുന്നു. എറിക്സന്റെ ജീവചരിത്രം പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയുടെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചതും അതിനു ശേഷമാണ്. എറിക്സന്റെ ഫേവറിറ്റ് ക്ലബ്ബായി അറിയപ്പെട്ടിരുന്ന ലിവർപൂൾ ആദരസൂചകമായി ഒരു പ്രദർശന മത്സരത്തിൽ ‘പരിശീലകൻ’ ആയി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.

സ്വീഡനിലെമ്പാടും ‘സ്വെനിസ്’ എന്ന വിളിപ്പേരിൽ അറിയപ്പെട്ട എറിക്സൺ റൈറ്റ് ബായ്ക്ക് ആയാണ് കരിയർ തുടങ്ങിയത്. വളരെ ചെറിയ കാലത്തെ ഫുട്ബോൾ കരിയറിനു ശേഷം 27–ാം വയസ്സിൽ വിരമിച്ച എറിക്സൺ പിന്നീട് പരിശീലകനായി. ഇറ്റലി, പോർച്ചുഗൽ, സ്വീഡൻ എന്നിവിടങ്ങളിലെ ക്ലബ്ബുകൾക്കു മികച്ച വിജയം നേടിക്കൊടുത്തതിന്റെ ഫലമായാണ് 2001ൽ ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ എറിക്സണെ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചത്. അതുവരെ ഇംഗ്ലണ്ടുകാർ മാത്രം പരിശീലിപ്പിച്ചിട്ടുള്ള ടീമിന്റെ കോച്ചായി സ്വീഡനിൽനിന്ന് എറിക്സൺ വന്നതു വലിയ വാർത്തയായി.

ചുമതലയേറ്റെടുത്ത് മാസങ്ങൾക്കകം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇംഗ്ലണ്ട് 5–1ന് കരുത്തരായ ജർമനിയെ കീഴടക്കിയതോടെ എറിക്സണ് ആരാധകരുടെ എണ്ണം കൂടി. 2002, 2006 ലോകകപ്പുകളിൽ ഇംഗ്ലണ്ട് ടീം ക്വാർട്ടർ ഫൈനൽ വരെയെത്തി. 2004 യൂറോ കപ്പിലും ക്വാർട്ടർ ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് പുറത്തായത്.

ഇംഗ്ലണ്ട് ടീമിന്റെ പ്രകടനങ്ങൾക്കൊപ്പം എറിക്സന്റെ പ്രണയബന്ധങ്ങളും വാർത്തയായി. വിക്ടോറിയ ബെക്കാം ഉൾപ്പെടെയുള്ള സെലിബ്രിറ്റി പങ്കാളികൾ ഇംഗ്ലിഷ് താരങ്ങളുടെ ജീവിതത്തിലേക്കു കടന്നുവന്നതും ഇക്കാലത്താണ്. വാഗ്സ് (വൈവ്സ് ആൻഡ് ഗേൾഫ്രണ്ട്സ്) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ടീമംഗങ്ങളുടെ പങ്കാളികൾക്കും 2006 ലോകകപ്പിൽ ടീം ക്യാംപിലേക്കു വരാൻ എറിക്സൺ അനുമതി നൽകിയതും വാർത്തയായി.

2006ൽ ഇംഗ്ലണ്ട് ടീമിന്റെ പരിശീലക സ്ഥാനം വിട്ട എറിക്സൺ പിന്നാലെ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ കോച്ചായി. മെക്സിക്കോ, ഐവറി കോസ്റ്റ് ദേശീയ ടീമുകളുടെ പരിശീലകനായി കുറച്ചു കാലത്തിനു ശേഷം ഇംഗ്ലണ്ടിലെ ലെസ്റ്റർ സിറ്റിയിലേക്കു മടങ്ങിയെത്തി. 2019ൽ ഫിലീപ്പീൻസ് ദേശീയ ടീമിന്റെ പരിശീലകനായിരുന്നതാണ് അവസാനത്തെ ഔദ്യോഗിക ഉത്തരവാദിത്തം.

ദേശീയ ടീമുകൾക്കൊപ്പം ട്രോഫികളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ക്ലബ് പരിശീലകനെന്ന നിലയിൽ എറിക്സന്റെ നേട്ടം വലുതാണ്. പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയ്ക്കൊപ്പം 2 വട്ടം തുടർച്ചയായി ലീഗ് കിരീടം നേടിയ എറിക്സൺ, ഇറ്റാലിയൻ ക്ലബ്ബുകളായ റോമ, ഫിയോറന്റീന, സാംപ്ദോറിയ, ലാസിയോ എന്നിവയുടെ പരിശീലകനായും പേരുനേടി. ഇതിനിടെയാണ് ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകനായി വിളിയെത്തിയത്.

ഇംഗ്ലിഷ് ഫുട്ബോൾ എക്കാലവും ഓർമിക്കുന്ന പരിശീലകനാണു സ്വെൻ ഗൊരാൻ എറിക്സൺ എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു കഴിഞ്ഞ മാർച്ചിൽ ലിവർപൂളിൽ അരങ്ങേറിയ പ്രദർശന മത്സരം. പാൻക്രിയാസ് അർബുദം ബാധിച്ച എറിക്സണായി ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ ഒരു പ്രദർശന മത്സരം സംഘടിപ്പിക്കുകയായിരുന്നു. ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിനെതിരായ മത്സരത്തിനിറങ്ങിയ ലിവർപൂൾ ലെജൻഡ്സ് ടീമിന്റെ ‘കോച്ച്’ ആയി എറിക്സൺ.

യഥാർഥ കരിയറിൽ നടക്കാതെ പോയ ആ സ്വപ്നവും സഫലീകരിച്ചാണ് ഫുട്ബോൾ ആരാധകരുടെ പ്രിയപ്പെട്ട ‘സ്വെനിസ്’ ഓർമകളുടെ ഗോൾവലയ്ക്കു പിന്നിൽ മറയുന്നത്. അടുത്തിടെ ആമസോൺ പ്രൈം സ്ട്രീം ചെയ്ത ‘സ്വെൻ’ എന്ന ജീവചരിത്ര ഡോക്യുമെന്ററി അവസാനിക്കുന്നത് ആരാധകരോടുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ വാചകങ്ങളോടെയാണ്.

English Summary:

Former England manager Sven-Goran Eriksson has died at the age of 76

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com