ഇപിഎലിൽ പ്രിയപ്പെട്ട ക്ലബ്ബുകളിലേക്കു മടങ്ങിയെത്തിയ താരങ്ങൾ; ക്ലബ്ബുകൾ പാടുന്നു, രണ്ടാം സ്വാഗതഗാനം
Mail This Article
ഓർമകളുമായി സ്കൂളിലേക്കു ആഘോഷത്തോടെ മടങ്ങിയെത്തുന്ന പൂർവവിദ്യാർഥികളെ പോലെയാണു ലോക ഫുട്ബോളിലെ ചില താരങ്ങൾ മുൻകാല ക്ലബ്ബുകളിലേക്കു മടങ്ങി വരുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അവസരങ്ങൾ നൽകിയതിനൊപ്പം കിരീട നേട്ടങ്ങൾ സമ്മാനിച്ച മുൻ ക്ലബ്ബുകളിലേക്കു പുതിയ പ്രതീക്ഷകളുമായി അവർ വീണ്ടും വരുന്നു.
സ്പാനിഷ് ക്ലബ് ബാർസിലോനയിലെ ഒരു സീസണിനു ശേഷം ജർമൻ താരം ഇൽകായ് ഗുണ്ടോവൻ മാഞ്ചസ്റ്റർ സിറ്റിയിലേക്കു മടങ്ങിവന്നതോടെ ഫുട്ബോൾ ലോകത്ത് ഈ ‘വെൽക്കം ബാക്ക്’ താരങ്ങളെക്കുറിച്ചുള്ള ചർച്ച സജീവമാണ്. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കു ചരിത്രത്തിലാദ്യമായി ചാംപ്യൻസ് ലീഗ് കിരീടം (2023) നേടിക്കൊടുത്ത ക്യാപ്റ്റനാണു ഗുണ്ടോവൻ. സിറ്റിക്കൊപ്പം 5 ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടവും 4 ലീഗ് കപ്പും 2 വീതം എഫ്എ കപ്പും കമ്യൂണിറ്റി ഷീൽഡും സ്വന്തമാക്കിയ ഈ മുപ്പത്തിമൂന്നുകാരൻ, കഴിഞ്ഞ ദിവസം ഇപ്സ്‌വിച്ച് ടൗണിനെതിരെ പകരക്കാരനായി ഈ സീസണിൽ കളത്തിലിറങ്ങി. ക്രിസ്റ്റ്യാനോ റൊണാൾഡോ മുതൽ ഗുണ്ടോവൻ വരെ പഴയ ക്ലബ്ബുകളിലേക്കു മടങ്ങിയെത്തിയ താരങ്ങൾ ഏറെയുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോ
∙മാഞ്ചസ്റ്റർ യുണൈറ്റഡ് (2003–09, 2021–22)
സ്പോർട്ടിങ് ലിസ്ബണിൽനിന്ന് 2003ൽ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ. യുണൈറ്റഡിൽ നിന്നു 2009ൽ സ്പെയിനിലെ റയൽ മഡ്രിഡിലേക്കും പിന്നാലെ ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്കും. 12 വർഷത്തിനു ശേഷം 2021ൽ തിരികെ യുണൈറ്റഡിന്റെ ഓൾഡ് ട്രാഫഡ് മൈതാനത്ത്. ക്രിസ്റ്റ്യാനോയുടെ തിരിച്ചുവരവ് ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും ഇരുവരും വീണ്ടും വേർപിരിഞ്ഞു. പോർച്ചുഗീസ് താരം 2023 മുതൽ സൗദി ക്ലബ് അൽ നസ്‌റിൽ.
തിയറി ഒൻറി
ആർസനൽ (1999–2007, 2012)
യുവന്റസിൽനിന്നു 1999ൽ ആർസനലിലെത്തിയ ഫ്രഞ്ച് ഇതിഹാസ താരമാണ് ഒൻറി. ക്ലബ്ബിന്റെ എക്കാലത്തെയും മുൻനിര ഗോൾ സ്കോർ. പിന്നീടു 2007ൽ ബാർസിലോനയിൽ. 2012ൽ യുഎസ് മേജർ സോക്കർ ലീഗിലെ ക്ലബ് ന്യൂയോർക്ക് റെഡ് ബുൾസിൽനിന്നു ലോണിൽ തിരികെ ആർസനലിലേക്ക്. ഹ്രസ്വമെങ്കിലും ആരാധകർക്കു വികാരനിർഭരമായ നിമിഷങ്ങൾ സമ്മാനിച്ച മടങ്ങിവരവ്. 2015ൽ വിരമിച്ചു.
ഗാരെത് ബെയ്‌ൽ
ടോട്ടനം ഹോട്സ്പർ (2007–13, 2020–21)
സതാംപ്ടനിൽ നിന്ന് 2007ൽ ടോട്ടനത്തിലെത്തിയ ബെയ്ൽ 2013ൽ റയൽ മഡ്രിഡിലേക്കു ചേക്കേറി. റയലിലെ മികച്ച സീസണിനു ശേഷം 2020–21 സീസണിൽ ടോട്ടനം ഹോട്സ്പറിൽ വായ്പക്കരാറിൽ തിരിച്ചെത്തി. ക്ലബ് കരിയറിന്റെ അവസാനം യുഎസ് മേജർ സോക്കർ ലീഗിൽ ലൊസാഞ്ചലസ് എഫ്സിയിൽ. 2023ൽ വിരമിച്ചു.
പോൾ പോഗ്ബ
മാഞ്ചസ്റ്റർ യുണൈറ്റഡ് (2016–22)
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അണ്ടർ 18, 21 ടീമുകളിലൂടെ ക്ലബ് കരിയറിനു തുടക്കമിട്ട താരമാണു പോൾ പോഗ്ബ. യൂത്ത് ടീമിൽനിന്നു 2012ൽ യുവന്റസിൽ ചേർന്നെങ്കിലും 2016ൽ തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ. 2022ൽ വീണ്ടും യുവന്റസിലെത്തി.
റൊമേലു ലുക്കാകു
ചെൽസി (2011-14, 2021-24)
കൗമാരത്തിൽ ചെൽസിയിൽ തിളങ്ങുകയും പിന്നീടു യൂറോപ്പിലെ മുൻനിര സ്ട്രൈക്കറായി മാറുകയും ചെയ്ത ബൽജിയൻ താരമാണു ലുക്കാകു. പ്രിമിയർ ലീഗിൽ എവർട്ടൻ (2014–17), മാഞ്ചസ്റ്റർ യുണൈറ്റഡ് (2017–19) എന്നീ ക്ലബ്ബുകളിലും കളിച്ചു. 2019ൽ ഇന്റർ മിലാനിൽ. പിന്നീടു 2021ൽ ചെൽസിയിൽ തിരികെയെത്തി. ചെൽസിയിൽ തുടരുന്നു.
വെയ്‌ൻ റൂണി
എവർട്ടൻ (2002–04, 2017–18)
16–ാം വയസ്സിൽ എവർട്ടനിലൂടെയായിരുന്നു വെയ്ൻ റൂണിയുടെ പ്രിമിയർ ലീഗ് കരിയറിന്റെ തുടക്കം. 2004ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ. 13 സീസണിനു ശേഷം 2017ൽ ബാല്യകാല ക്ലബ്ബായ എവർട്ടനിൽ മടങ്ങിയെത്തി.
ദിദിയേ ദ്രോഗ്ബ
ചെൽസി (2004–12, 2014–15)
ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിന്റെ കരുത്തുമായി ചെൽസിയിൽ തിളങ്ങിയ ക്ലബ്ബിന്റെ മികച്ച താരങ്ങളിൽ ഒരാളാണു ദ്രോഗ്ബ. മാഴ്സൈയിൽ നിന്നു 2004ൽ ചെൽസിയിൽ. ചെൽസിക്ക് ആദ്യ ചാംപ്യൻസ് ലീഗ് കിരീടം (2012) സമ്മാനിച്ചതിൽ പ്രധാനി. പിന്നീടു 2014ൽ കോച്ച് ഹോസെ മൗറീഞ്ഞോയ്ക്കൊപ്പം വീണ്ടും ചെൽസിയിൽ. 2014–15 സീസണിൽ പ്രിമിയർ ലീഗ് കിരീടം ചെൽസിക്കു നേടിക്കൊടുക്കുന്നതിലും ദ്രോഗ്ബ നിർണായക പങ്കുവഹിച്ചു.