കിരീടവരൾച്ചയ്ക്ക് സോൾട്ട്ലേക്കിൽ വിരാമമിട്ട് നോർത്ത് ഈസ്റ്റ്; മോഹൻ ബഗാനെ ഷൂട്ടൗട്ടിൽ വീഴ്ത്തി ഡ്യുറാൻഡ് കപ്പ് കിരീടം
Mail This Article
കൊൽക്കത്ത ∙ സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തെ തീപിടിപ്പിച്ച ആവേശ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ വീഴ്ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഡ്യുറാൻഡ് കപ്പിൽ കന്നിക്കിരീടം. ആവേശകരമായ ഫൈനലിൽ 18–ാം കിരീടം ലക്ഷ്യമിട്ടെത്തിയ കരുത്തരായ മോഹൻ ബഗാനെ പെനൽറ്റി ഷൂട്ടൗട്ടിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വീഴ്ത്തിയത്. ഷൂട്ടൗട്ടിൽ 4–3നാണ് നോർത്ത് ഈസ്റ്റിന്റെ വിജയം.
മത്സരത്തിന്റെ ആദ്യപകുതിയിൽ എതിരില്ലാത്ത രണ്ടു ഗോളിനു പിന്നിലായിപ്പോയ നോർത്ത് ഈസ്റ്റ്, സ്വപ്നതുല്യമായ തിരിച്ചുവരവിലൂടെയാണ് കിരീടം ചൂടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്. മോഹൻ ബഗാന്റെ ഗോളുകൾ ആദ്യപകുതിയിൽ ജേസൺ കുമ്മിങ്സ് (പെനൽറ്റി, 11–ാം മിനിറ്റ്), മലയാളി താരം സഹൽ അബ്ദുൽ സമദ് (45+ 5) എന്നിവർ നേടി. നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ രണ്ടാം പകുതിയിൽ അലെയ്ദീൻ അയാറെ (55–ാം മിനിറ്റ്), ഗില്ലെർമോ (58) എന്നിവർ നേടി.
മോഹൻ ബഗാനായി കിക്കെടുത്ത ക്യാപ്റ്റൻ സുഭാശിഷ് ബോസ്, ലിസ്റ്റിൻ കൊളാസോ എന്നിവരുടെ കിക്കുകൾ നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ രക്ഷപ്പെടുത്തിയതാണ് നിർണായകമായത്. ടൂർണമെന്റിൽ മോഹൻ ബഗാൻ നേരിടുന്ന തുടർച്ചയായ മൂന്നാം പെനൽറ്റി ഷൂട്ടൗട്ടായിരുന്നു ഇത്. ക്വാർട്ടറിലും സെമിയിലും ഷൂട്ടൗട്ടിൽ ജയിച്ചുകയറിയാണ് ബഗാൻ കലാശപ്പോരിനെത്തിയത്. ബഗാൻ ഗോൾകീപ്പർ വിശാൽ കെയ്ത്തിനു പക്ഷേ, ഇത്തവണ ടീമിന്റെ രക്ഷകനാകാനായില്ല.
മോഹൻ ബഗാനായി കിക്കെടുത്തവരിൽ ജേസൺ കുമ്മിങ്സ്, മൻവീർ സിങ്, പെട്രാറ്റോസ് എന്നിവർക്കു മാത്രമാണ് ലക്ഷ്യം കാണാനായത്. മറുവശത്ത് നോർത്ത് ഈസ്റ്റിനായി കിക്കെടുത്ത ഗില്ലെർമോ, മൈക്കൽ സബാക്കോ, പ്രതിബ്, അലെയ്ദീൻ അയാറെ എന്നിവരെല്ലാം ലക്ഷ്യം കണ്ടു. മോഹൻ ബഗാനായി അവസാന കിക്കെടുത്ത സുഭാശിഷ് ബോസിനു പിഴച്ചതോടെ, അഞ്ചാം കിക്ക് കൂടാതെ തന്നെ നോർത്ത് ഈസ്റ്റ് കിരീടം തൊട്ടു.
നേരത്തെ, പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട സെമിഫൈനലിൽ ബെംഗളൂരു എഫ്സിയെ 4–3നു മറികടന്നാണ് ബഗാൻ മുന്നേറിയത്. അയൽക്കാരായ ഷില്ലോങ് ലജോങ്ങിനെ ആധികാരികമായി 3–0നു തോൽപിച്ചാണ് നോർത്ത് ഈസ്റ്റ് ഇതാദ്യമായി ഫൈനലിലെത്തിയത്.