ADVERTISEMENT

ബാരൻകില (കൊളംബിയ)∙കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്ക് മധുര പ്രതികാരത്തോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കരുത്തൻമാരായ അർജന്റീനയ്ക്ക് രണ്ടാം തോൽവി സമ്മാനിച്ച് കൊളംബിയ. ലാറ്റിനമേരിക്കൻ ഫുട്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊളംബിയ തോൽപ്പിച്ചത്. മത്സരത്തിന്റെ ഇരു പകുതികളിലുമായി നേടിയ ഗോളുകളിലാണ് കൊളംബിയയുടെ വിജയം. ആദ്യ പകുതിയിൽ കൊളംബിയ എതിരില്ലാത്ത ഒരു ഗോളിനു മുന്നിലായിരുന്നു. പരുക്കുമൂലം ഈ മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി കളിച്ചിരുന്നില്ല.

യോഗ്യതാ റൗണ്ടിലെ മറ്റു മത്സരങ്ങളിൽ ബൊളീവിയ ചിലെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. ഇക്വഡോർ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തി. സൂപ്പർതാരം ലൂയിസ് സ്വാരസ് വിരമിച്ചതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ യുറഗ്വായെ വെനസ്വേല ഗോൾരഹിത സമനിലയിൽ തളച്ചു.

തോറ്റെങ്കിലും എട്ടു മത്സരങ്ങഴളിൽനിന്ന് ആറു ജയം സഹിതം 18 പോയിന്റുമായി അർജന്റീന തന്നെയാണ് മുന്നിൽ. അർജന്റീനയെ വീഴ്ത്തിയ കൊളംബിയ എട്ടു മത്സരങ്ങളിൽനിന്ന് നാലു വീതം ജയവും സമനിലയുമായി 16 പോയിന്റോടെ രണ്ടാമതുണ്ട്. യുറഗ്വായ് 15 പോയിന്റുമായി മൂന്നാമതും ഇക്വഡോർ 11 പോയിന്റുമായി നാലാമതും നിൽക്കുന്നു. ബ്രസീൽ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

അർജന്റീനയ്‌ക്കെതിരെ കൊളംബിയയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയും രണ്ടാം ഗോൾ നേടിയതും സൂപ്പർതാരം ഹാമിഷ് റോഡ്രിഗസാണ്. 25–ാം മിനിറ്റിൽ റോഡ്രിഗസിന്റെ പാസിൽനിന്ന് യേഴ്സൻ മൊസ്കേരയാണ് ഹെഡറിലൂടെ കൊളംബിയയുടെ ആദ്യ ഗോൾ നേടിയത്. മധ്യനിരയിൽ റോഡ്രിഗസിന്റെ തന്ത്രങ്ങളും വിങ്ങിൽ ലൂയിസ് ഡയസിന്റെ വേഗവും അർജന്റീനയ്ക്ക് തലവേദന സൃഷ്ടിച്ചതോടെ ആദ്യ പകുതി കൊളംബിയയ്ക്ക് സ്വന്തം.

രണ്ടാം പകുതി ആരംഭിച്ച് മൂന്നാം മിനിറ്റിൽത്തന്നെ സമനില ഗോൾ നേടി അർജന്റീന തിരിച്ചടിച്ചു. റോഡ്രിഗസിന്റെ പാളിപ്പോയൊരു പാസിൽനിന്ന് തുടങ്ങിയ നീക്കത്തിനൊടുവിൽ നിക്കോളാസ് ഗോൺസാലെസാണ് ലക്ഷ്യം കണ്ടത്. മുന്നോട്ടു കയറിനിന്ന കൊളംബിയൻ ഗോൾകീപ്പർ കാമിലോ വർഗാസിനെ മറികടന്ന് ഗോൺസാലസ് ലക്ഷ്യം കണ്ടു.

അർജന്റീനയുടെ സമനില ഗോളിന്റെ ആശ്വാസത്തിന് അധികം ആയുസുണ്ടായിരുന്നില്ല. 60–ാം മിനിറ്റിൽ വിവാദത്തിന്റെ മേമ്പൊടിയുള്ള പെനൽറ്റിയിലൂടെ ഹാമിഷ് റോഡ്രിഗസ് കൊളംബിയയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. പെനൽറ്റി ബോക്സിനുള്ളിൽ ഡാനിയൽ മുനോസിനെ നിക്കൊളാസ് ഒട്ടാമെൻഡി വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. പതിവിലും വൈകിയാണ് ഈ ഫൗൾ റഫറി വാർ പരിശോധനയ്‌ക്ക് വിട്ടത്. തുടർന്ന് കൊളംബിയയ്‌ക്ക് പെനൽറ്റി അനുവദിച്ചു. കിക്കെടുത്ത റോഡ്രിഗസ് എമിലിയാനോ മാർട്ടിനസിനെ കാഴ്ചക്കാരനാക്കി ലക്ഷ്യം കണ്ടു.

പിന്നീട് ലീഡ് 3–1 ആക്കി വർധിപ്പിക്കാൻ കൊളംബിയയ്‌ക്ക് സുവർണാവസരം ലഭിച്ചതാണ്. അർജന്റീന ബോക്സിനു നടുവിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന കൊളംബിയ സ്ട്രൈക്കർ ജോൺ ഡ്യുറാനു പന്തു ലഭിച്ചെങ്കിലും, ഷോട്ട് നേരെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ കൈകളിലേക്കായി.

English Summary:

Colombia avenge Copa loss with victory over Argentina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com