ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്കു പിന്നാലെ ബ്രസീലും വീണു; 16 വർഷത്തിനു ശേഷം പാരഗ്വായോട് തോറ്റു– വിഡിയോ
Mail This Article
അസൻസിയോൻ (പാരഗ്വായ്)∙ പരിശീലകനെ മാറ്റിയിട്ടും ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന്റെ മോശം പ്രകടനം തുടരുന്നു. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ പാരഗ്വായ് എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ തോൽപ്പിച്ചു. 20–ാം മിനിറ്റിൽ ഡിയേഗോ ഗോമസ് നേടിയ ഗോളാണ് സ്വന്തം തട്ടകത്തിൽ പാരഗ്വായ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. 2008നു ശേഷം ഇതാദ്യമായാണ് ബ്രസീൽ പാരഗ്വയോടു തോൽക്കുന്നത്.
ലാറ്റിനമേരിക്കൻ ഫുട്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ എട്ടു മത്സരങ്ങളിൽനിന്ന് നാലാം തോൽവി വഴങ്ങിയ ബ്രസീൽ, മൂന്നു ജയവും ഒരു തോൽവിയും സഹിതം 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഇന്നു തോറ്റെങ്കിലും എട്ടു മത്സരങ്ങളിൽനിന്ന് ആറു ജയം സഹിതം 18 പോയിന്റുമായി അർജന്റീന തന്നെയാണ് മുന്നിൽ. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ അർജന്റീനയെ വീഴ്ത്തിയ കൊളംബിയ എട്ടു മത്സരങ്ങളിൽനിന്ന് നാലു വീതം ജയവും സമനിലയുമായി 16 പോയിന്റോടെ രണ്ടാമതുണ്ട്. യുറഗ്വായ് 15 പോയിന്റുമായി മൂന്നാമതും ഇക്വഡോർ 11 പോയിന്റുമായി നാലാമതും നിൽക്കുന്നു.
വിനീസ്യൂസ് ജൂനിയർ, റോഡ്രിഗോ, എൻഡ്രിക് തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം അണിനിരന്നിട്ടും പാരഗ്വായോടു തോറ്റത് ബ്രസീലിനു ക്ഷീണമായി. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ആധിപത്യം പുലർത്താനായെങ്കിലും ഗോളടിക്കാൻ മറന്നതാണ് ബ്രസീലിന് വിനയായത്.