100–ാം മത്സരത്തിൽ ഇരട്ടഗോളുമായി തിളങ്ങി ഹാരി കെയ്ൻ, ഇംഗ്ലണ്ടിന് വിജയം; ജർമനി – നെതർലൻഡ്സ് സമാസമം (2–2)- വിഡിയോ
Mail This Article
ലണ്ടൻ∙ ദേശീയ ജഴ്സിയിലെ 100–ാം മത്സരം ഇരട്ടഗോളുകളോടെ ‘കളറാക്കിയ’ ക്യാപ്റ്റൻ ഹാരി കെയ്നിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ടിനു വിജയം. ക്യാപ്റ്റൻ നേടിയ ഗോളുകളുടെ ബലത്തിൽ ഫിൻലൻഡിനെയാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ഹാരി കെയ്ൻ ഇരട്ടഗോൾ നേടിയത്. 57, 76 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോളുകൾ.
100–ാം മത്സരത്തിനു മുന്നോടിയായി കെയ്ന് സ്വർണ ക്യാപ്പ് സമ്മാനിച്ചിരുന്നു. കളത്തിൽ മിന്നുന്ന ഫോമിലായിരുന്ന താരത്തിന്റെ രണ്ട് ഉറച്ച ഗോൾശ്രമങ്ങളാണ് ഫിൻലൻഡ് ഗോൾകീപ്പർ ലൂക്കാസ് ഹ്രാഡെക്കി തടുത്തിട്ടത്. ഒരു ഗോൾ ഓഫ്സൈഡ് കെണിയിലും കുടുങ്ങി. ഇതിനു പിന്നാലെയാണ് എല്ലാ പ്രതിരോധനും നിഷ്പ്രഭമാക്കി 57, 76 മിനിറ്റുകളിൽ താരം ഗോൾ കണ്ടെത്തിയത്.
മറ്റൊരു മത്സരത്തിൽ കരുത്തരായ ജർമനിയും നെതർലൻഡ്സും രണ്ടു ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ ജർമനി 2–1ന് മുന്നിലായിരുന്നു. മത്സരത്തിനിടെ പരുക്കേറ്റ നെതർലൻഡ്സിന്റെ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ നതാൻ ആകെയെ സ്ട്രച്ചറിലാണ് മൈതാനത്തിനു പുറത്തെത്തിച്ചത്.
ടിജ്ജാനി റെയിൻഡേഴ്സ് രണ്ടാം മിനിറ്റിൽത്തന്നെ ലക്ഷ്യം കണ്ടതോടെ മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ നെതർലൻഡ്സ് മുന്നിലെത്തിയിരുന്നു. എന്നാൽ, ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ്10 മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ച് ജർമനി സമനില പിടിച്ചു. ഡെനിസ് ഉൻഡാവ് 38–ാം മിനിറ്റിൽ ജർമനിയെ ഒപ്പമെത്തിച്ചു. പിന്നാലെ, ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ജോഷ്വ കിമ്മിച്ച് നേടിയ രണ്ടാം ഗോളിനു വഴിയൊരുക്കിയും ഉൻഡാവ് തിളങ്ങി. ഒരു ഗോൾ കടവുമായി ഇടവേളയ്ക്കു കയറിയ നെതർലൻഡ്. തിരിച്ചെത്തി അഞ്ച് മിനിറ്റിനുള്ളിൽ സമനില ഗോൾ കണ്ടെത്തി. ഡെൻസൽ ഡംഫ്രിസിന്റെ വകയായിരുന്നു ഈ ഗോൾ.
മറ്റു മത്സരങ്ങളിൽ ചെക്ക് റിപ്പബ്ലിക് യുക്രെയ്നെയും (3–2), ജോർജിയ അൽബേനിയയെയും (1–0), മാൾട്ട അൻഡോറയേയും (1–0), ഗ്രീസ് റിപ്പബ്ലിക് ഓഫ് അയർലൻഡിനെയും (2–0), ലാത്‌വിയ ഫെറോ ഐലൻഡ്സിനെയും (1–0), നോർത്ത് മാസിഡോണിയ അർമേനിയയെയും (2–0) തോൽപ്പിച്ചു. ഹംഗറി – ബോസ്നിയ ഹെർസെഗോവിന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.