ADVERTISEMENT

കൊച്ചി ∙ ഒളിംപിക് മെഡൽ തിളക്കത്തിന്റെ തിരക്കൊഴിയും മുൻപേ കളം മാറിയൊരു ദൗത്യത്തിലാണു പി.ആർ.ശ്രീജേഷ്. ഹോക്കിയിൽനിന്നു ഫുട്ബോളിന്റെ കുമ്മായവരയ്ക്കുള്ളിലേക്കു കടന്ന ആ ദൗത്യത്തിൽ ശ്രീജേഷിനൊരു കൂട്ടുമുണ്ട്. ഫുട്ബോൾ തന്നെ ജീവവായുവാക്കിയ ഐ.എം.വിജയൻ. ഇന്ത്യൻ സൂപ്പർ ലീഗ് 11–ാം വയസ്സിലേക്കു ചുവടുവയ്ക്കുമ്പോൾ കേരളത്തിന്റെ കാൽപന്തു പ്രണയം അവതരിപ്പിക്കാനായി സംഘാടകർതന്നെ കണ്ടെത്തിയതാണീ താരജോടിയെ.

സൂപ്പർ ലീഗ് ഒരു ദശകം കൊണ്ട് ഈ മണ്ണിൽ വേരു പടർത്തിയതിന്റെ കഥ പങ്കുവയ്ക്കുവാൻ ഇവരെപ്പോലെ ചേരുന്നൊരു ജോടി വേറെയില്ല. വിജയനും ശ്രീജേഷും ഐഎസ്എലിനെക്കുറിച്ചു സംസാരിക്കുന്നു. 

∙ കളിക്കു ജീവൻ വച്ചകാലം

‘ഇന്ത്യയിൽ ഫുട്ബോൾ ഉണ്ടെന്നു ലോകം മുഴുവനും അറിഞ്ഞു. ഞാൻ പന്തു കളിച്ച കാലമല്ല ഇന്നത്തേത്. ഇന്നീ കാണുന്ന കളിയും തുറന്നുകിട്ടുന്ന അവസരങ്ങളുമൊന്നും എന്റെ കളിക്കാലത്തു സ്വപ്നം പോലും കാണാനാകുന്ന ഒന്നല്ല. അതിനെല്ലാം കാരണം ഈ ലീഗാണ് ’ – പതിറ്റാണ്ടുകാലം ഇന്ത്യൻ ഫുട്ബോളിൽ നിറഞ്ഞുനിന്ന ഐ.എം. വിജയന്റെ ഈ വാക്കുകൾ മാത്രം മതി ഐഎസ്എലിന്റെ മാറ്ററിയാൻ. ശ്രീജേഷിനു പറയാനുള്ളതും മറ്റൊന്നല്ല.

‘ഇന്ത്യയിൽ ഫുട്ബോൾ വളർത്തിയതിൽ ഐഎസ്എലിന്റെ പങ്ക് ചെറുതല്ല. ഇവിടെ കളി പ്രമോട്ട് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല ഇവന്റായി ലീഗ് മാറി. അതിന്റെ ആരാധകപിന്തുണ മാത്രം മതിയാകും അതിന്റെ തെളിവായി’ – വിജയനെ പിന്തുണയ്ക്കുന്നു ശ്രീജേഷിന്റെ വാക്കുകൾ.

∙ കളിക്കാരുടെ കാലം

‘കഴിഞ്ഞ 10 വർഷം കൊണ്ടു സൂപ്പർ ലീഗിന്റെ ഭാഗമായ മലയാളികളുടെ എണ്ണം അറിയാമോ? പെട്ടെന്നു പറയാനാകില്ല. അത്രയ്ക്കുണ്ട് അതിന്റെ വലിപ്പം. ഞാനൊക്കെ എത്രയെത്ര ക്ലബ്ബുകളിലൂടെ എത്ര കാലം പന്തുതട്ടിയിട്ടാണു നാലുപേരറിയുന്ന കളിക്കാരനായത്. ഇന്നു ബൂട്ടു കെട്ടിയിറങ്ങുന്നവന് ആ കാത്തിരിപ്പും അകലവുമൊന്നും തടസ്സമാകില്ല.

കളിക്കാൻ കഴിവുണ്ടെങ്കിൽ ടീമുകൾ ഇങ്ങോട്ടു തേടിവരും’ – കൊച്ചി മുതൽ ഗുവാഹത്തി വരെയുള്ള ടീമുകളെ ചൂണ്ടിക്കാട്ടി ഒരുപിടി െതളിവുകളുമായാണു വിജയന്റെ നിരീക്ഷണം. ആ വഴി ഇനി കൂടുതൽ വിശാലമാകുമെന്നു ശ്രീജേഷ് കൂട്ടിച്ചേർക്കുന്നു. ‘ഐഎസ്എൽ ഏറ്റവുമധികം സ്വാധീനം സൃഷ്ടിക്കുന്നതു കുട്ടികളിലാണ്. വീട്ടിനടുത്തുള്ള കൊച്ചുകുട്ടികൾ പോലും ബ്ലാസ്റ്റേഴ്സിന്റെ ഫാൻ എന്നതിലുപരി അവരുടെ ഗെയിമിനെ ഗൗരവമായി പിന്തുടരുന്നവരാണ്. 

 താരങ്ങളോടുള്ള ആരാധനയല്ല. ഫുട്ബോളിനോടുള്ള അറിവാണ് ഇവരെ വേറിട്ടതാക്കുന്നത്. കുട്ടികളെ സ്പോർട്സിലേക്കു കൊണ്ടുവരാൻ ഇതിൽപരം എന്താണു വേണ്ടത്’. – ശ്രീജേഷ് ചോദിക്കുന്നു. 

∙ വിദേശപങ്കാളിത്തം

നിലവാരമുള്ള വിദേശ താരങ്ങളുടെയും പരിശീലകരുടെയും സാന്നിധ്യമാണ് ഇരുവരും കയ്യടിക്കുന്ന ഐഎസ്എൽ ഫാക്ടർ. ‘ഐഎസ്എൽ ഇവിടെ സൃഷ്ടിച്ച ഓളത്തെക്കാൾ വലുത് കടൽ കടന്നെത്തിയ ഫുട്ബോളാണ്. ഐഎസ്എലിന്റെ ജൂനിയർ ടീമിന്റെ ഭാഗമാകുമ്പോൾതന്നെ ദേഹത്ത് ജിപിഎസ് ചിപ് പിടിപ്പിച്ച ഉൾക്കുപ്പായമിട്ടു കഴിവിന്റെ സർവമിടിപ്പും അളന്നെടുത്താണ് നമ്മുടെ കുട്ടികൾ വളരുന്നത്.

നാലുപാടു നിന്നും അവരെ ‘കറക്ട്’ ആക്കാൻ സഹായവുമുണ്ട്. ഇതാണ് ഐഎസ്എലിന്റെ ഏറ്റവും വലിയ സംഭാവനയെന്നു ഞാൻ പറയും’ – വിജയൻ പറഞ്ഞു.  ശ്രീജേഷ് അതു ശരിവച്ചു– ‘വിദേശതാരങ്ങൾക്കൊപ്പം കളിക്കുമ്പോൾതന്നെ നമുക്കു പക്വത കൈവരും. കളിക്കളത്തിൽ മാത്രമല്ല ആ സഹായം. കളിക്കുള്ള തയാറെടുപ്പും കരിയർ വളർത്താനായി ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമെല്ലാം നമ്മുടെ താരങ്ങൾക്കു പകർന്നുകിട്ടുകയാണ് ഈ ഒരുമിക്കലിലൂടെ’.

English Summary:

IM Vijayan and PR Sreejesh assessing ISL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com