തിരിച്ചുവരവിൽ തകർത്തടിച്ച് ഇഷാൻ കിഷൻ; ‘പരിഗണിക്കാത്ത’ സിലക്ടർമാർക്കു മുന്നിൽ തകർപ്പൻ സെഞ്ചറി– വിഡിയോ
Mail This Article
അനന്തപുർ∙ ദുലീപ് ട്രോഫിയിലെ ആദ്യ മത്സരത്തിൽനിന്ന് പരുക്കുമൂലം പുറത്തായ ശേഷം അപ്രതീക്ഷിതമായി രണ്ടാം മത്സരത്തിൽ ലഭിച്ച അവസരം മുതലെടുത്ത് ഇഷാൻ കിഷൻ. 14 മാസത്തെ ഇടവേളയ്ക്കു ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരിൽ ജാർഖണ്ഡ് താരത്തിന് തകർപ്പൻ സെഞ്ചറി. പരുക്കുമാറി ദുലീപ് ട്രോഫി ടീമിലേക്കു തിരിച്ചെത്തിയ ഇഷാൻ കിഷൻ, ഇന്ത്യ ബിയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യ സിയ്‌ക്കെതിരെയാണ് സെഞ്ചറി നേടിയത്. ഇഷാൻ കിഷന്റെ സെഞ്ചറിയുടെ മികവിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ 79 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് എന്ന നിലയിലാണ് ഇന്ത്യ സി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് 46 റൺസോടെയും മാനവ് സുതർ എട്ടു റൺസോടെയും ക്രീസിൽ.
ബാറ്റിങ്ങിന് അവസരം ലഭിച്ചവരിൽ അഭിഷേക് പോറൽ ഒഴികെ മറ്റുള്ളവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഇന്ത്യ സി മികച്ച നിലയിലെത്തിയത്. നിലവിൽ ഇന്ത്യ സിയുടെ ടോപ് സ്കോററായ ഇഷാൻ കിഷൻ 111 റൺസെടുത്ത് പുറത്തായി. 14 ഫോറും മൂന്നു സിക്സും ഉൾപ്പെടുന്നതാണ് ഇഷാൻ കിഷന്റെ ഇന്നിങ്സ്. ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിൽനിന്ന് (ബിസിസിഐ) ഉൾപ്പെടെ സമീപകാലത്ത് നേരിട്ട വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇഷാൻ കിഷന്റെ സെഞ്ചറി.
ഇന്ത്യ സിയ്‌ക്കായി തമിഴ്നാട് താരം ബാബ ഇന്ദ്രജിത് അർധസെഞ്ചറി നേടി. 136 പന്തുകൾ നേരിട്ട ഇന്ദ്രജിത്ത് ഒൻപതു ഫോറുകളോടെ 78 റൺസെടുത്തു. നാലാം വിക്കറ്റിൽ ഇരട്ടസെഞ്ചറി കൂട്ടുകെട്ടിന്റെ വക്കിലെത്തിയ സെഞ്ചറി കൂട്ടുകെട്ടുമായി ഇഷാൻ കിഷൻ – ബാബ ഇന്ദ്രജിത് സഖ്യമാണ് ഇന്ത്യ സിയെ താങ്ങിനിർത്തിയത്. 252 പന്തിൽ ഇവരുടെ സഖ്യം സ്കോർബോർഡിൽ എത്തിച്ചത് 189 റൺസ്. രണ്ടാം വിക്കറ്റിൽ രജത് പാട്ടിദാർ – സായ്സുദർശൻ സഖ്യം 92 റൺസിന്റെ കൂട്ടുകെട്ടും തീർത്തു.
സായ്സുദർശൻ 75 പന്തിൽ എട്ടു ഫോറുകളോടെ 43 റൺസെടുത്തു. രജത് പാട്ടിദാർ 67 പന്തിൽ എട്ടു ഫോറുകൾ സഹിതം 40 റൺസെടുത്തും പുറത്തായി. അഭിഷേക് പോറൽ 14 പന്തിൽ രണ്ടു ഫോറുകൾ സഹിതം 12 റൺസെടുത്തു. ഇന്ത്യ ബിയ്ക്കായി മുകേഷ് കുമാർ 21 ഓവറിൽ 76 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നവ്ദീപ് സെയ്നി, രാഹുൽ ചാഹർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.