ADVERTISEMENT

കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 11 –ാം സീസണ് ഇന്നു കൊൽക്കത്തയിൽ കിക്കോഫ്. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നു നടക്കുന്ന ആദ്യ മത്സരത്തിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ മോഹൻ ബഗാനും മുംബൈ സിറ്റി എഫ്സിയും തമ്മിലേറ്റുമുട്ടും. ആവേശത്തിന്റെ പൂക്കളമൊരുക്കി മലയാളി ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നത് തിരുവോണ ദിനത്തിൽ കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിനായാണ്. 15നു വൈകിട്ട് 7.30നു കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്സിയാണു ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

പുതിയ ‘ആശാൻ’ മികായേൽ സ്റ്റാറെയുടെ കീഴിലാണു ബ്ലാസ്റ്റേഴ്സിന്റെ പടയൊരുക്കം. ലക്ഷ്യം ഒന്നു മാത്രം: 3 തവണ ഫൈനൽ കളിച്ചിട്ടും കിട്ടാതെ പോയ ഐഎസ്എൽ ട്രോഫി. ഇന്ത്യയുടെ ഇതിഹാസ താരം സുനിൽ ഛേത്രിയുടെ അവസാന ഐഎസ്എൽ സീസൺ ആകുമോയെന്ന കൗതുകവും ബാക്കി. ബെംഗളൂരു എഫ്സി താരമായ ഛേത്രി ഈ വർഷമാണ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചത്.

ത്രിമൂർത്തികൾ ഒന്നിച്ച്

മൂന്നു കൊൽക്കത്ത ടീമുകൾ ഒന്നിച്ചെത്തുന്ന ആദ്യ ഐഎസ്എൽ എന്ന അത്യപൂർവതയാണ് 11 –ാം സീസണിന്റെ ആകർഷണം. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനും ഈസ്റ്റ് ബംഗാളിനും പിന്നാലെ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ് കൂടി ഇന്ത്യയുടെ ടോപ് ഡിവിഷൻ ക്ലബ് ലീഗിൽ അരങ്ങേറുന്നതിന്റെ ആവേശം മൂന്നിരട്ടി!

ലീഗിൽ ആദ്യമെത്തിയതു മോഹൻ ബഗാനാണ്. പിന്നീട്, ഈസ്റ്റ് ബംഗാളും ഇപ്പോൾ മുഹമ്മദൻസും. ഫുട്ബോളിൽ ഇന്ത്യയുടെ മെക്ക എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊൽക്കത്തയിൽ ഇനി പതിവു വേദിയായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിനു പുറമേ, മുഹമ്മദൻസിന്റെ ഹോം ഗ്രൗണ്ടായ കിഷോർ ഭാരതി ക്രീരാംഗനിലും കളിയാവേശം കത്തിപ്പടരും. ടീമുകളുടെ എണ്ണം 13 ആയി ഉയർന്നു.

ആദ്യ കൊൽക്കത്ത ഡാർബി ഒക്ടോബർ 5 നാണ്. മോഹൻ ബഗാനും കന്നിക്കാരായ മുഹമ്മദൻസും തമ്മിൽ. ഈസ്റ്റ് ബംഗാൾ – മോഹൻ ബഗാൻ ആവേശപ്പോരാട്ടം ഒക്ടോബർ 19 ന്.

‘തല മാറ്റം’ 3 ക്ലബ്ബുകളിൽ

‘സ്റ്റേബിൾ’ ആകുകയാണ് ഐഎസ്എൽ ടീമുകൾ. മാറ്റം 3 ഹെഡ് കോച്ചുമാർക്കു മാത്രം. മൂന്നു സീസണുകളിൽ ബ്ലാസ്റ്റേഴ്സിനെ നയിച്ച ഇവാൻ വുക്കോമനോവിച്ച് മടങ്ങിയതാണു വലിയ മാറ്റങ്ങളിലൊന്ന്. പകരമെത്തിയതു മികായേൽ സ്റ്റാറെ. ലീഗ് ഷീൽഡ് നേടിയിട്ടും ഐഎസ്എൽ കപ്പ് കൈവിട്ട മോഹൻ ബഗാൻ അന്റോണിയോ ഹബാസിനു പകരം ഹോസെ മോളിനയെ നിയോഗിച്ചു.

പഞ്ചാബ് എഫ്സിയാണ് കോച്ചിനെ മാറ്റിയ മൂന്നാമത്തെ ടീം. ഗ്രീക്കുകാരൻ പനയോറ്റിസ് ഡിലിംപെരിസാണു പുതിയ കോച്ച്. ലീഗിൽ മുഖ്യപരിശീലകരായി രണ്ട് ഇന്ത്യക്കാരാണുള്ളത്. ജംഷഡ്പുർ പരിശീലകൻ ഖാലിദ് ജമീലും ഹൈദരാബാദ് എഫ്സി പരിശീലകൻ താങ്ബോയ് സിങ്തോയും.

English Summary:

ISL Football Season 11 Kicks Off Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com