ADVERTISEMENT

കൊച്ചി ∙ സോറീട്ടോ! ടീം മീറ്റിങ്ങായതിനാലാണ് അൽപം വരാൻ വൈകിയതെന്നു കെ.പി.രാഹുൽ പറഞ്ഞതു ക്ഷമാപണ സ്വരത്തിൽ. കേരള ബ്ലാസ്റ്റേഴ്സിന്റെ ‘പോസ്റ്റർ ബോയ്’ ആണു തൃശൂർ മണ്ണുത്തി സ്വദേശി രാഹുൽ. അണ്ടർ 17 ഫിഫ ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ച രാഹുൽ ഇന്ത്യൻ സീനിയർ ടീമിലും പതിവു മുഖം. 24 വയസ്സേയുള്ളൂവെങ്കിലും ആറു വർഷമായി ടീമിലുള്ള രാഹുലാണു സൂപ്പർ സീനിയർ!

‘‘ മൂന്നു ഫൈനൽ കളിച്ചിട്ടും നമുക്കൊരു ട്രോഫിയില്ലെന്ന നിരാശയുണ്ട്. ഇടക്കാലത്തു ക്ലബ് വിടണോ എന്നൊരു ആശയക്കുഴപ്പമുണ്ടായിരുന്നു. ഞാനൊരു മലയാളിയല്ലേ! ഈ ടീമിനായി ഒരു ട്രോഫി ജയിക്കാതെ എങ്ങനെ പോകാൻ!

∙ കണ്ണു തുറപ്പിച്ചത് സ്റ്റാറെ

കോച്ച് സ്റ്റാറെ ചില കാര്യങ്ങളിൽ കണ്ണു തുറപ്പിച്ചു. മുൻനിരയിൽ കളിക്കുന്നവർ സ്കോർ ചെയ്തില്ലെങ്കിൽ അവർ ഔട്ട് ഓഫ് ഫോം ആണെന്ന കാഴ്ചപ്പാടായിരുന്നു മുൻപ്. സ്റ്റാറെ പറഞ്ഞു: ‘ഗോളടിക്കുന്നതു മാത്രമല്ല, ടീമിനു വേണ്ടി മറ്റെന്തെല്ലാം ചെയ്യുന്നുവെന്നതും വളരെ പ്രധാനമാണ്. ഗോൾ വേണം. പക്ഷേ, ഗോളടിച്ചില്ലെങ്കിലും ടീമിനെ എത്രത്തോളം സഹായിക്കുന്നു എന്നതു കണക്കിലെടുക്കും.’’

അതുകൊണ്ടു തന്നെ ഇത്തവണ സമ്മർദം വളരെ കുറവാണ്. ഗോളടിച്ചില്ലെങ്കിലും എന്റെ വർക് റേറ്റ് വളരെ കൂടുതലായിരുന്നു. പക്ഷേ, അതൊന്നും പരിഗണിക്കപ്പെട്ടില്ലെന്നു മാത്രം. പുതിയ കോച്ചിനൊപ്പം പുതിയ എനർജി വന്നുവെന്നതാണ് എന്റെ അനുഭവം. രാഹുലിനെ മുൻവിധിയില്ലാതെ കാണുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. വ്യക്തിപരമായി വലിയ ആത്മവിശ്വാസമാണ് അദ്ദേഹം നൽകിയത്. അതാണു കോച്ചിൽ നിന്നു കളിക്കാർ പ്രതീക്ഷിക്കുന്നതും.

∙ മിസ് ചെയ്യുന്നുണ്ടോ, പഴയ സുഹൃത്തുക്കളെ?

ക്ലബ്ബല്ലേ, കളിക്കാർ വരും, പോകും. ചിലരുമായി വലിയ അടുപ്പമുണ്ടാകും. സഹൽ അബ്ദുൽ സമദ് പോയപ്പോഴാണ് വലിയ വിഷമം തോന്നിയത്. വ്യക്തിപരമായ കാര്യങ്ങൾ പോലും പങ്കുവയ്ക്കുന്ന അടുത്ത സുഹൃത്തായിരുന്നു സഹൽ. പിന്നെ, പ്രശാന്തേട്ടനും (കെ.പ്രശാന്ത്) വളരെ ക്ലോസ് ആയിരുന്നു.

പുതിയവർ വന്നു. എല്ലാവരും അടിപൊളി. ഫ്രീയായി ഇടപെടുന്നവർ, മറ്റുള്ളവരെ ബഹുമാനിക്കുന്നവർ. അതിൽ വളരെ സന്തോഷം.

∙ ബ്ലാസ്റ്റേഴ്സ് ഫാൻസിനെക്കുറിച്ച്

ദിസ് ഈസ് ദ് ക്ലബ് വിത്ത് മോസ്റ്റ് ലോയൽ ഫാൻസ്! അതിലേറെ എന്തു പറയാനാണ്? ക്ലബ്ബിനോട് ഇത്രയേറെ കൂറുള്ള ആരാധകർ വേറെയുണ്ടാകില്ല. വിമർശിച്ചാലും അവർ വീണ്ടും കളി കാണാൻ വരും, പിന്തുണ തരും. അതു കാണുമ്പോൾ വിഷമം തോന്നും. അവർ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം.

ട്രോഫി ജയിക്കാൻ പറ്റാത്തതിൽ വിഷമമുണ്ട്. ഞാൻ ഫുട്ബോളിനെ സ്നേഹിച്ചു വളർ‌ന്നയാളാണ്. എനിക്കറിയാം ഫാൻസിന്റെ നിരാശ. അതു മാറ്റാൻ ആവുന്നതെല്ലാം ചെയ്യും.

∙ കളത്തിനു പുറത്തെ ജീവിതം

കുടുംബവുമായി സമയം ചെലവിടുന്നതു വലിയ സന്തോഷമാണ്. 10 –ാം വയസ്സിൽ അവിടെ നിന്നിറങ്ങിയതല്ലേ? അവധി കിട്ടിയാൽ വീട്ടിൽ പോകും. ഗോവയാണ് ഇഷ്ടപ്പെട്ട സ്ഥലം. 10 വർഷമായി അവിടം വീടു പോലെയാണ്. ഞാൻ ഭയങ്കര അ‍‍ഡ്വെഞ്ചറസ് ആണ്. ഫിഷിങ്, ഡൈവിങ്, സർഫിങ്.... പാർട്ടിയിങ് താൽപര്യമില്ല. കുടുംബങ്ങളും സുഹൃത്തുക്കളുമായുള്ള കൂടിച്ചേരലുകളാണ് എനിക്കിഷ്ടം. 

സച്ചിനൊക്കെ (സച്ചിൻ സുരേഷ്) സിനിമയ്ക്കു വിളിച്ചാലും പോകുന്നത് അപൂർവം. പിന്നെ, കാർ – ബൈക്ക് ക്രേസുണ്ട്. കാർ ഡ്രിഫ്റ്റിങ‌് ഇഷ്ടമാണ്.

English Summary:

Kerala Blasters' player KP Rahul speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com