അവസാന 20 മിനിറ്റിനിടെ 2 ഗോൾ; ഉദ്ഘാടന മത്സരത്തിൽ ബഗാനെ സമനിലയിൽ തളച്ച് മുംബൈ സിറ്റി (2–2)
Mail This Article
കൊൽക്കത്ത ∙ തോൽക്കാൻ ഇഷ്ടമില്ലാത്തവരാണ് തങ്ങളെന്നു മുംബൈ സിറ്റി എഫ്സി ഒരിക്കൽക്കൂടി തെളിയിച്ചു. ഐഎസ്എൽ ഫുട്ബോൾ ഉദ്ഘാടന മത്സരത്തിൽ, ആതിഥേയരായ മോഹൻ ബഗാനെതിരെ 2 ഗോളിനു പിന്നിൽനിന്ന ശേഷം 2 ഗോൾ തിരിച്ചടിച്ച് മുംബൈ സിറ്റി എഫ്സി സമനില പിടിച്ചു. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായിരുന്ന ബഗാനും മുംബൈയും തമ്മിൽ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ മഴ തകർത്തു പെയ്തെങ്കിലും ആവേശത്തിന്റെ കനൽ ജ്വലിച്ചു തന്നെ നിന്നു.
കഴിഞ്ഞ സീസണിലെ കളി പോലെ അവസാന നിമിഷത്തെ തിരിച്ചുവരവിലൂടെയാണ് ഇത്തവണയും മുംബൈ തോൽവി ഭാരം കുടഞ്ഞെറിഞ്ഞത്.
ഒൻപതാം മിനിറ്റിൽ സെൽഫ് ഗോളോടെയായിരുന്നു ഇത്തവണത്തെ ഐഎസ്എലിന്റെ തുടക്കം. ഗോളിലേക്കു വന്ന ഷോട്ട് ബോക്സിനുള്ളിൽനിന്ന മുംബൈയുടെ സ്പാനിഷ് ഡിഫൻഡർ ടിരി തട്ടിയകറ്റാൻ ശ്രമിച്ചതാണ്; പക്ഷേ പന്തു പോയതു വലയിലേക്ക് (1–0). അപ്രതീക്ഷിതമായി വീണ ആ ഗോളിന്റെ ആവേശത്തിൽ ബഗാന്റെ നീക്കങ്ങൾക്കു വേഗം കൂടി. 28–ാം മിനിറ്റിൽ മുംബൈയുടെ വലയിൽ ബഗാന്റെ രണ്ടാം ഗോളും. ബഗാന്റെ സ്പാനിഷ് ഡിഫൻഡർ ആൽബർട്ടോ റോഡ്രിഗസായിരുന്നു സ്കോറർ (2–0).
2 ഗോൾ വഴങ്ങേണ്ടിവന്നതോടെ മുംബൈ സിറ്റിയുടെ നീക്കങ്ങൾക്കു വേഗം കൂടി. ആദ്യ പകുതിയിൽ വിങ്ങുകളിലൂടെ മുംബൈ നടത്തിയ പത്തോളം നീക്കങ്ങളാണ് ദൗർഭാഗ്യം കൊണ്ടു മാത്രം ഗോളാകാതെ പോയത്. 2 ഗോൾ നേടിയ ശേഷം ബഗാന്റെ മുന്നേറ്റങ്ങൾ അൽപമൊന്ന് തണുത്തതുപോലെയും തോന്നി. ഓരോ തവണയും ബഗാൻ ഗോൾമുഖം വരെയെത്തി മടങ്ങിയ മുംബൈ താരങ്ങളെ തടയാൻ ബഗാന്റെ പ്രതിരോധനിര പെടാപ്പാടു പെട്ടു.
70–ാം മിനിറ്റിൽ ടിരിയുടെ ഗോളിലായിരുന്നു മുംബൈ സിറ്റിയുടെ തിരിച്ചുവരവിന്റെ തുടക്കം. കളി ചൂടു പിടിക്കും മുൻപേ വഴങ്ങേണ്ടി വന്ന സെൽഫ് ഗോളിന് ഹൊസെ ലൂയിസ് എസ്പിനോസ അരോയോ എന്ന പേരുകാരനായ ടിരി നൽകിയ മറുപടിയായിരുന്നു ആ ഗോൾ. പിന്നാലെ, ഒരു ഗോൾ കൂടി നേടിയാൽ സമനില എന്ന യാഥാർഥ്യം മുംബൈയുടെ നീക്കങ്ങൾക്കു ചിറകു നൽകി. കളിക്കു വേഗം കൂടി.
90–ാം മിനിറ്റിൽ സോൾട്ട് ലേക്കിന്റെ ഗാലറിയിലുണ്ടായിരുന്ന ബഗാൻ ആരാധകർ ഭയപ്പെട്ടിരുന്നതു തന്നെ സംഭവിച്ചു: സിറിയൻ താരം തേർ ക്രൂമയുടെ ഗോളിൽ മുംബൈ സിറ്റി എഫ്സി സ്കോർ തുല്യമാക്കി (2–2). പുതിയ സീസൺ ഐഎസ്എലിലെ ആദ്യ മത്സരത്തിൽ വീണ 4 ഗോളുകളും ഡിഫൻഡർമാരുടെ പേരിലാണെന്നതും കൗതുകമായി.