ഇന്ത്യൻ സഹപരിശീലകൻ, റെഡ് കാർഡ് അപ്പീൽ, കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്; ഐഎസ്എലിലെ പുതിയ നിയമപരിഷ്കാരങ്ങൾ
Mail This Article
കൊൽക്കത്ത ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ (ഐഎസ്എൽ) ഈ സീസൺ മുതൽ എല്ലാ ക്ലബ്ബുകൾക്കും ഇന്ത്യൻ സഹപരിശീലകൻ, കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്, തെറ്റായ റെഡ് കാർഡുകൾക്ക് അപ്പീൽ നൽകാൻ സംവിധാനം തുടങ്ങിയ നിയമപരിഷ്കാരങ്ങൾ നടപ്പിലാക്കും.
∙ ഇന്ത്യൻ സഹപരിശീലകൻ
എല്ലാ ടീമുകൾക്കും ഇന്ത്യക്കാരനായ ഒരു സഹപരിശീലകൻ നിർബന്ധം. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പ്രഫഷനൽ ലൈസൻസോ തത്തുല്യമായ യോഗ്യതയോ ഇവർക്കു നിർബന്ധമാണ്.
ടീമിന്റെ മുഖ്യപരിശീലകൻ പുറത്താക്കപ്പെടുകയോ പിന്മാറുകയോ ചെയ്താൽ ഇടക്കാല പരിശീലകന്റെ ചുമതല വഹിക്കേണ്ടത് ഇവരായിരിക്കും.
∙ റെഡ് കാർഡ് അപ്പീൽ
ഒരു മത്സരത്തിൽ കളിക്കാരനു റെഡ്കാർഡ് കിട്ടിയത് തെറ്റായ റഫറീയിങ് മൂലമാണെങ്കിൽ ഇതിനെതിരെ അപ്പീൽ നൽകാൻ ടീമുകൾക്ക് അവസരം. മത്സരം അവസാനിച്ച് 2 മണിക്കൂറിനകം ഇക്കാര്യം മാച്ച് കമ്മിഷണറെ അറിയിക്കണം. തെളിവു സഹിതം 24 മണിക്കൂറിനകം രേഖാമൂലം അപ്പീൽ നൽകുന്നതിനു ഫീസുമുണ്ട്.
എഐഎഫ്എഫ് റഫറീസ് വിഭാഗത്തിന്റെ ടെക്നിക്കൽ റിപ്പോർട്ട് പഠിച്ചതിനു ശേഷം അച്ചടക്കസമിതി അപ്പീൽ പരിശോധിക്കും. റഫറിയുടെ നടപടി തെറ്റാണെങ്കിൽ ശേഷിക്കുന്ന മത്സരങ്ങളിലെ സസ്പെൻഷൻ റദ്ദാക്കുകയും ഫീസ് മടക്കി നൽകുകയും ചെയ്യും. അതേസമയം, അനുചിതമായ ഭാഷ ഉപയോഗിച്ചതിനാണു നടപടിയെങ്കിൽ അപ്പീൽ പരിഗണിക്കില്ല.
∙ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്
മറ്റു സബ്സ്റ്റിറ്റ്യൂഷനുകൾക്ക് പുറമേ ഒരു കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെക്കൂടി ആവശ്യമെങ്കിൽ കളത്തിലിറക്കാം. കളിക്കാരനു തലയ്ക്കു പരുക്കേറ്റു കളി തുടരാൻ പറ്റാത്ത സാഹചര്യമെന്നു കണ്ടാലാണ് ഇതിന് അനുമതി.
കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കുന്ന ടീമിന്റെ എതിർ ടീമിന് ഒരു അധിക സബ്സ്റ്റിറ്റ്യൂഷനും അനുവദിക്കും. കൺകഷൻ റിപ്പോർട്ടോടെ പുറത്താകുന്ന കളിക്കാരനു മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റോടെ മാത്രമേ പിന്നീടു ടീമിൽ തിരിച്ചെത്താനാകൂ.