മലപ്പുറത്തിന്റെ തട്ടകത്തിൽ കാലിക്കറ്റിന്റെ ഗോളടിമേളം; ഏകപക്ഷീയമായ 3 ഗോൾ വിജയം, ഗനി നിഗത്തിന് ഇരട്ടഗോൾ- വിഡിയോ
Mail This Article
പയ്യനാട് (മഞ്ചേരി) ∙ സൂപ്പർ ലീഗ് കേരളയിലെ ‘മലബാർ ഡെർബി’യിൽ ആതിഥേയരായ മലപ്പുറം എഫ്സിയെ മൂന്നടിയിൽ തകർത്ത് കാലിക്കറ്റ് എഫ്സിയ്ക്ക് ആദ്യ വിജയം. കാലിക്കറ്റിന്റെ ഗനി അഹമ്മദ് നിഗം ഇരട്ടഗോളുകളും (22–ാം മിനിറ്റ്, 90+7 മിനിറ്റ്), കെർവെൻസ് ബെൽഫോർട്ട് ഒരു ഗോളും നേടി(62-ാം മിനിറ്റ്). സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ അഞ്ചാം മത്സരത്തിലാണ് മലപ്പുറത്തെ എതിരില്ലാത്ത 3 ഗോളുകൾക്ക് കാലിക്കറ്റ് പരാജയപ്പെടുത്തിയത്.
ആദ്യ കളിയിൽ ഫോഴ്സ കൊച്ചിയെ 2 ഗോളിന് തകർത്ത ആവേശത്തിലാണ് മലപ്പുറം ഇറങ്ങിയത്. ആദ്യകളിയിൽ തിരുവനന്തപുരം കൊമ്പൻസിനോട് നേടിയ സമനിലപ്പൂട്ട് തകർക്കുക ലക്ഷ്യമിട്ടായിരുന്നു കാലിക്കറ്റ് ഇറങ്ങിയത്. തുടക്കത്തിൽ ആക്രമിച്ചു കളിച്ച മലപ്പുറത്തെ വിദഗ്ധമായി പ്രതിരോധിച്ച് തിരിച്ചടിച്ചായിരുന്നു കാലിക്കറ്റിന്റെ വിജയം.
22-ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ മധ്യത്തിൽ നിന്ന് കാലിക്കറ്റ് പ്രതിരോധ താരം അബ്ദുൽ ഹക്കു തട്ടിക്കൊടുത്ത പന്ത് മലപ്പുറം ഗോൾകീപ്പർ വി.മിഥുനെ കബളിപ്പിച്ച് തലയ്ക്കു മുകളിലൂടെയാണ് ഗനി വലയിലെത്തിച്ചത് (1–0). 62–ാം മിനിറ്റിൽ മലപ്പുറത്തിന്റെ പിഴവിൽ നിന്ന് തട്ടിയെടുത്ത് പന്ത് കാലിക്കറ്റിന്റെ തോയി സിങ് ബോക്സിലേക്ക് നീട്ടിക്കൊടുത്തപ്പോൾ കെർവെൻസ് ബെൽഫോർട്ട് ലക്ഷ്യത്തിലെത്തിച്ചു (2–0).
ആദ്യ ഗോളിന്റെ തനിപ്പകർപ്പെന്ന പോലെ ഹക്കുവിന്റെ അസിസ്റ്റിലായിരുന്നു ഗനി കളിയുടെ അവസാന നിമിഷത്തിൽ വീണ്ടും പന്ത് വലയിലെത്തിച്ചത് (3–0). 16ന് തിരുവനന്തപുരത്ത് കൊമ്പൻസും തൃശൂർ മാജിക് എഫ്സിയുമായാണ് അടുത്ത മത്സരം.