ADVERTISEMENT

ചെന്നൈ∙ ശാന്തതയുടെ ആൾരൂപമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെന്നാണ് പൊതുവേയുള്ള ചിത്രമെങ്കിലും, ചില സമയങ്ങളിൽ ധോണിക്കും നിയന്ത്രണം നഷ്ടമാകാറുണ്ടെന്ന് വെളിപ്പെടുത്തി ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിൽ ധോണിക്കൊപ്പം കളിച്ചിരുന്ന മുൻ ഇന്ത്യൻ താരം എസ്. ബദരീനാഥ്. ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബദരീനാഥിന്റെ വെളിപ്പെടുത്തൽ. ആർസിബിക്കെതിരായ ഒരു മത്സരം തോറ്റ ദിവസം ധോണി അതീവ കോപാകുലനായിരുന്നുവെന്നും, ഡ്രസിങ് റൂമിലേക്കു കയറിവരുന്ന വഴി വെള്ളക്കുപ്പി തൊഴിച്ചു തെറിപ്പിച്ചെന്നും ബദരീനാഥ് വെളിപ്പെടുത്തി. 

‘‘ധോണിയും സാധാരണ മനുഷ്യനല്ലേ. അദ്ദേഹവും നിയന്ത്രണം നഷ്ടപ്പെട്ടു പെരുമാറുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. അത് ഒരിക്കലും ഗ്രൗണ്ടിലായിരുന്നില്ലെന്നു മാത്രം. ഡ്രസിങ് റൂമിൽവച്ചായിരുന്നു അദ്ദേഹത്തിന്റെ രോഷപ്രകടനം. തന്റെ നിയന്ത്രണം നഷ്ടമാകുന്നുവെന്ന് എതിരാളികളെയോ കാണികളെ അറിയിക്കാതിരിക്കാൻ ധോണി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അഥവാ നിയന്ത്രണം നഷ്ടമായാലും അത് ഡ്രസിങ് റൂമിനുള്ളിൽ വച്ചു മാത്രം. 

‘‘ചെന്നൈയിൽ നടന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ഒരു മത്സരം ഓർക്കുന്നു. അന്ന് ആർസിബി ആദ്യം ബാറ്റു ചെയ്ത തീരെ ചെറിയ സ്കോറിനു പുറത്തായി. 110 റൺസോ മറ്റോ ആണ് എടുത്തതെന്നാണ് ഓർമ. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ഞങ്ങൾ ബാറ്റിങ് ആരംഭിച്ചെങ്കിലും വിക്കറ്റുകൾ തുരുതുരാ കൊഴിഞ്ഞുകൊണ്ടിരുന്നു. അന്ന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആ ചെറിയ സ്കോർ മറികടക്കാനാകാതെ ഞങ്ങൾ തോൽവി വഴങ്ങി.

‘‘ഞാനും അന്ന് തീരെ മോശം ഷോട്ട് കളിച്ചാണ് പുറത്തായത്. അനിൽ കുംബ്ലെയ്‌ക്കെതിരെ ഷോട്ടിനുള്ള ശ്രമത്തിനിടെ എൽബിയിൽ കുരുങ്ങിയാണ് ഞാൻ പുറത്തായത്.

‘‘ധോണി മത്സരം തോറ്റതിന്റെ അരിശത്തിൽ ഡ്രസിങ് റൂണിലേക്ക് വരുമ്പോൾ ഞാൻ വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. വാതിൽക്കൽ ഒരു വെള്ളക്കുപ്പി ഉണ്ടായിരുന്നു. കുപിതനായി കയറി വന്ന ധോണി ആ കുപ്പി തൊഴിച്ചെറിഞ്ഞു. ധോണിയുമായി നേർക്കുനേർ വരുന്ന അവസരങ്ങളെല്ലാം ഞങ്ങൾ ഒഴിവാക്കി. അദ്ദേഹത്തിനു മുന്നിലേക്കു ചെല്ലാൻ എല്ലാവർക്കും ഭയമായിരുന്നു.

‘‘അന്ന് അദ്ദേഹം ഒന്നും പറഞ്ഞില്ല. പതിവുള്ള ടീം മീറ്റിങ് പോലും ഉണ്ടായിരുന്നില്ല. വാക്കുകൾ കൂടാതെയുള്ള ആശയവിനിമയാണ് കൂടുതൽ ശക്തമെന്ന് ഞാൻ കരുതുന്നതിന് ഈ സംഭവവും ഒരു കാരണമാണ്.’ – ബദരീനാഥ് വെളിപ്പെടുത്തി.

English Summary:

Ex-CSK Star Reveals How MS Dhoni 'Lost His Cool' After Being Beaten by RCB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com