1969നുശേഷം ആദ്യമായി ആൻഫീൽഡിൽ നോട്ടിങ്ങാമിനോടു തോറ്റ് ലിവർപൂൾ; യുണൈറ്റഡിനും സിറ്റിക്കും ജയം, വിജയവഴിയിൽ റയലും
Mail This Article
ലണ്ടൻ∙ പ്രമുഖ ടീമുകളെല്ലാം ജയിച്ചു കയറിയ ദിനം ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കരുത്തരായ ലിവർപൂളിന് സ്വന്തം തട്ടകമായ ആൻഫീൽഡിൽ തോൽവി. ഈ സീസണിൽ തോൽവിയറിയാതെ കുതിക്കുന്ന നോട്ടിങ്ങം ഫോറസ്റ്റാണ് ലിവർപൂളിനെ വീഴ്ത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോട്ടിങ്ങാമിന്റെ വിജയം. പകരക്കാരനായി എത്തിയ കല്ലം ഹഡ്സൻ ഒഡോയിയാണ് ലിവർപൂളിന്റെ ചങ്കുതകർത്ത ഗോൾ നേടിയത്. 72–ാം മിനിറ്റിൽ ആന്റണി എലാൻഗയുടെ പാസിൽനിന്നാണ് ഒഡോയി ലക്ഷ്യം കണ്ടത്. 1969നു ശേഷം ഇതാദ്യമായാണ് ലിവർപൂളിന്റെ തട്ടകത്തിൽ നോട്ടിങ്ങം ജയിക്കുന്നത്.
മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്ടനെയും മാഞ്ചസ്റ്റർ സിറ്റി ബ്രെന്റ്ഫോഡിനെയും ആസ്റ്റൺവില്ല എവർട്ടനെയും ചെൽസി ബേൺമൗത്തിനെയും തോൽപ്പിച്ചു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. മാത്യു ഡിലൈറ്റ് (35–ാം മിനിറ്റ്), മാർക്കസ് റാഷ്ഫോർഡ് (41), ഗർനാച്ചോ (90'+6) എന്നിവരാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്.
കളിച്ച നാലു മത്സരങ്ങളും ജയിച്ച മാഞ്ചസ്റ്റർ സിറ്റി 12 പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്നു. ആദ്യമായി തോൽവി വഴങ്ങിയ ലിവർപൂൾ ഒൻപതു പോയിന്റുമായി രണ്ടാമതാണ്. ആസ്റ്റൺ വില്ലയ്ക്കും ഒൻപതു പോയിന്റാണെങ്കിലും 3–ാം സ്ഥാനത്തു നിൽക്കുന്നു. സീസണിലെ രണ്ടാമത്തെ മാത്രം മത്സരം ജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ആറു പോയിന്റുമായി 10–ാം സ്ഥാനത്താണ്.
സൂപ്പർതാരം എർലിങ് ഹാലൻഡിന്റെ ഇരട്ട ഗോളാണ് ബ്രെന്റ്ഫോഡിനെതിരെ സിറ്റിക്ക് വിജയം സമ്മാനിച്ചത്. 19, 32 മിനിറ്റുകളിലായിരുന്നു ഹാലൻഡിന്റെ ഗോളുകൾ. മത്സരം തുടങ്ങി 32–ാം സെക്കൻഡിൽത്തന്നെ യൊവാൻ വിസ്സ നേടിയ ഗോളിൽ മുന്നിൽക്കയറിയ ബ്രെന്റ്ഫോഡിനെ, പിന്നിൽനിന്ന് തിരിച്ചടിച്ചാണ് സിറ്റി വീഴ്ത്തിയത്.
സമനിലയിലേക്കെന്ന് ഉറപ്പിച്ച പോരാട്ടത്തിൽ മത്സരം തീരാൻ നാലു മിനിറ്റ് മാത്രം ശേഷിക്കെ പകരക്കാരൻ താരം ക്രിസ്റ്റഫർ എൻകുൻകു നേടിയ ഗോളിലാണ് ചെൽസി ബേൺമൗത്തിനെ വീഴ്ത്തിയത്. 86–ാം മിനിറ്റിൽ ജെയ്ഡൻ സാഞ്ചോയുടെ പാസിൽനിന്നായിരുന്നു എൻകുൻകുവിന്റെ ഗോൾ. ലീഗിൽ ഫുൾഹാം – വെസ്റ്റ്ഹാം മത്സരവും (1–1), ക്രിസ്റ്റൽ പാലസ് – ലെസ്റ്റർ സിറ്റി മത്സരവും (2–2) സമനിലയിൽ അവസാനിച്ചു.
സ്പാനിഷ് ലീഗിൽ റയലിനു ജയം
മഡ്രിഡ്∙ സൂപ്പർതാരങ്ങളായ കിലിയൻ എംബപ്പെ, വിനീസ്യൂസ് ജൂനിയർ എന്നിവർ ഗോളടിച്ച് തിളങ്ങിയമത്സരത്തിൽ റയൽ സോസിദാദിനെ വീഴ്ത്തി റയൽ മഡ്രിഡ്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് റയലിന്റെ വിജയം. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം പെനൽറ്റിയിൽനിന്നാണ് റയൽ രണ്ടു ഗോളുകളും നേടിയത്. 58–ാം മിനിറ്റിൽ വിനീസ്യൂസ് ജൂനിയറും 75–ാം മിനിറ്റിൽ എംബപ്പെയും പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് റയലിന് വിജയം സമ്മാനിച്ചു.
മറ്റു മത്സരങ്ങളിൽ വിയ്യാ റയൽ മയ്യോർക്കയെയും (2–1), എസ്പാന്യോൾ ഡിപോർട്ടീവോ അലാവസിെനയും (3–2), സെവിയ്യ ഗെറ്റഫെയെയും (1–0) തോൽപ്പിച്ചു. അഞ്ച് കളികളിൽനിന്ന് മൂന്നു വിജയം സഹിതം 11 പോയിന്റുമായി റയൽ മഡ്രിഡ് രണ്ടാം സ്ഥാനത്തെത്തി. കളിച്ച നാലു കളികളും ജയിച്ച ബാർസിലോനയാണ് 12 പോയിന്റുമായി ഒന്നാമത്.