സമനില മതിയെന്ന ഈസ്റ്റ് ബംഗാൾ തന്ത്രം, തൂക്കിയടിച്ച് ക്വാമ പെപ്ര, ബ്ലാസ്റ്റേഴ്സിന് ഏഴഴകുള്ളൊരു വിജയം
Mail This Article
തിരുവോണനാളിൽ സമ്മാനിച്ച നിരാശയ്ക്കു മികായേൽ സ്റ്റാറെയുടെ കേരള ബ്ലാസ്റ്റേഴ്സ് ഏഴാം നാളിൽ പരിഹാരം കുറിച്ചു. കരുത്തുറ്റ താരനിരയും പാരമ്പര്യവുമായി വന്ന ഈസ്റ്റ് ബംഗാളിനെതിരെ ഏഴഴകുള്ളൊരു വിജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിനു തുടക്കമായിരിക്കുന്നു. പഞ്ചാബിനെതിരെ കണ്ട ബ്ലാസ്റ്റേഴ്സിനെയല്ല കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാളിനെതിരെ കണ്ടത്.
കളിയിൽ ഒത്തിണക്കം വന്നു. മുന്നേറ്റങ്ങൾക്കു മൂർച്ച വന്നു. എല്ലാറ്റിനുമുപരി ജയിക്കാൻ വേണ്ടി കളിക്കുന്നതാണെന്ന ലക്ഷ്യബോധം ഓരോ താരത്തിലും വന്നു. ക്യാപ്റ്റൻ അഡ്രിയൻ ലൂണയില്ലാതെ വീണ്ടും ഇറങ്ങേണ്ടി വന്നിട്ടും പോരാട്ടം അനുകൂലമായതിന്റെ ആദ്യ ക്രെഡിറ്റ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയ്ക്കുള്ളതാണ്.
- Noah Sadaoui 63
- Peprah 88
- PV Vishnu 59
കൊച്ചിയിൽ ഒരു ഗോളടിക്കാൻ കൊതിച്ചെത്തിയ ഡയമന്റകോസിനെയും അപകടകാരികളായ മാദി തലാൽ–സോൾ ക്രെസ്പോ കൂട്ടുകെട്ടിനെയും കളം വാഴാതെ കെട്ടിയിടത്താണു ബ്ലാസ്റ്റേഴ്സ് കളി മുറുകെപ്പിടിച്ചത്. ഡിഫൻസീവ് മിഡ്ഫീൽഡ് റോളിൽ കളം നിയന്ത്രിച്ച അലക്സാന്ദ്രേ കോയെഫും ഇരു വിങ്ങുകളിലുമായി കളം മാറി എതിരാളികളുടെ മടയിൽ തീകോരിയിട്ട നോവ സദൂയിയുമാണു ബ്ലാസ്റ്റേഴ്സ് വിജയത്തിലെ ആണിക്കല്ലുകൾ. ഒരു ഗോളിനു പിന്നിലായി മിനിറ്റുകൾക്കുള്ളിൽ നോവയുടെ ഗോൾ മാജിക്കിൽ സമനില വീണ്ടെടുത്തതാണു കളിയിലെ ടേണിങ് പോയിന്റ്.
സമനിലയിൽ ആശ്വാസം കണ്ടെത്തി സമയം തീർത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ആദ്യ കളിയും തോറ്റെത്തിയ ഈസ്റ്റ് ബംഗാൾ. ആ തന്ത്രത്തിനെ തൂക്കിയടിച്ചു കളഞ്ഞു ക്വാമ പെപ്രയെന്ന ഹൈ പ്രസിങ് സ്ട്രൈക്കറെയും ആക്രമണത്തിലേക്ക് ഇരമ്പിക്കയറുന്ന അയ്മനെയും അസ്ഹറിനെയും രംഗത്തിറക്കിയ ബ്ലാസ്റ്റേഴ്സിന്റെ ക്ലൈമാക്സ് ആളിക്കത്തൽ. ആദ്യജയം നേടിത്തന്ന സ്വീഡിഷ് കോച്ച് മികായേൽ സ്റ്റാറെയ്ക്ക് അഭിനന്ദനങ്ങൾ.