ADVERTISEMENT

ഗുവാഹത്തി∙ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനായി 67–ാം മിനിറ്റിൽ നോവ സദൂയിയും നോർത്ത് ഈസ്റ്റിനു വേണ്ടി 58–ാം മിനിറ്റിൽ അജാരെയും ലക്ഷ്യം കണ്ടു. നാലു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ അഞ്ചാമതാണ്. തൊട്ടുപിന്നിലുള്ള നോർത്ത് ഈസ്റ്റിനും നാലു പോയിന്റുണ്ട്.

ഈസ്റ്റ് ബംഗാളിനെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിൽ ആദ്യ എവേ മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളത്രയും തല്ലിക്കെടുത്തുന്ന പോലെയായിരുന്നു നോർത്ത് ഈസ്റ്റിന്റെ ആദ്യ പകുതിയിലെ പ്രകടനം. ആദ്യ മിനിറ്റു മുതൽ വിങ്ങുകളിലൂടെ നോർത്ത് ഈസ്റ്റ് താരങ്ങൾ ഇരച്ചുകയറിയതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ആടിയുലഞ്ഞു. നാലാം മിനിറ്റിൽ നോവ സദൂയിയുടെ ഷോട്ട് നോർത്ത് ഈസ്റ്റ് ഗോളി രക്ഷപെടുത്തിയത് ഒഴിച്ചാൽ, ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് ആദ്യ 15 മിനിറ്റിൽ കാര്യമായ നീക്കങ്ങളൊന്നുമുണ്ടായില്ല. എന്നാൽ പിന്നീടുള്ള മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സും കളിയിൽ കത്തിക്കയറി. 

സദൂയിയും ജീസസ് ഹിമെനെയും തന്നെയായിരുന്നു മുന്നേറ്റങ്ങളിൽമുന്നിൽനിന്നത്. എന്നാൽ ആദ്യ പകുതിയിൽ ഗോളടിക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ നോർത്ത് ഈസ്റ്റിന്റെ മലയാളി താരം ജിതിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്കുപോയി. സച്ചിൻ സുരേഷിന്റെ സേവുകളും ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിനു രക്ഷയായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് ക്വാമി പെപ്രയെ കളത്തിലിറക്കി.

61-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽനിന്നാണ് നോർത്ത് ഈസ്റ്റ് മത്സരത്തിലെ ആദ്യ ലീ‍ഡെടുത്തത്. അജാരെയുടെ ബുള്ളറ്റ് ഷോട്ട് ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരങ്ങളെ മറികടന്ന് ഗോളി സച്ചിൻ സുരേഷിന്റെ കൈകളിലെത്തി. എന്നാൽ സച്ചിന് പിഴച്ചു. താരത്തിന്റെ കൈകളിൽനിന്ന് വഴുതിവീണ പന്ത് കാലുകൾക്കിടയിലൂടെ ഗോൾ ലൈൻ കടന്നു. സ്കോർ 1–0. ഗോൾ വീണതോടെ മറുപടി കണ്ടെത്താനായി ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര കുതിച്ചുകയറി. അതിന്റെ ഫലം ലഭിച്ചത് 66–ാം മിനിറ്റിൽ. ബോക്സിനു പുറത്തുനിന്ന് മൊറോക്കൻ വിങ്ങറുടെ ഇടം കാൽ ഷോട്ട് നോർത്ത് ഈസ്റ്റ് ഗോളിക്ക് സാധ്യതകൾ ബാക്കി വയ്ക്കാതെ വലയിലെത്തി. സ്കോർ 1–1. 71–ാം മിനിറ്റിൽ ഫ്രീകിക്കിൽ ഹെഡ് ചെയ്ത് ഗില്ലർമോ നോർത്ത് ഈസ്റ്റിനായി വീണ്ടും വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. 80–ാം മിനിറ്റിൽ സ്പാനിഷ് താരം ജെസൂസ് ഹിമെനെയെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ് അഡ്രിയന്‍ ലൂണയെ കളത്തിലിറക്കി.

noah-1248-1
ഗോൾ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്റ്റേഴ്സ് താരം നോവ സദൂയി. Photo: X@KBFC

81–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം സദൂയിയെ ഫൗൾ ചെയ്തതിന് നോർത്ത് ഈസ്റ്റിന്റെ അഷീർ അക്തർ ചുവപ്പുകാർഡ് കണ്ടു പുറത്തായി. ഇതോടെ നോർത്ത് ഈസ്റ്റ് പത്തു പേരായി ചുരുങ്ങി. 91-ാം മിനിറ്റില്‍ നോർത്ത് ഈസ്റ്റ് ഗോൾ കീപ്പറെയും മറികടന്ന് മുന്നേറിയ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് ഐമന് ലക്ഷ്യം കാണാനായില്ല. പ്രതിരോധ താരം സുബാക്കോ പന്ത് തട്ടിയകറ്റുകയായിരുന്നു. ഏഴു മിനിറ്റാണ് മത്സരത്തിന് ഇൻജുറി ടൈം അനുവദിച്ചത്. നോർത്ത് ഈസ്റ്റ് താരങ്ങള്‍ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നതോടെ മത്സരം 1–1 സമനിലയിൽ അവസാനിച്ചു.

noah-1248
നോവ സദൂയി മത്സരത്തിനിടെ. Photo: X@KBFC
English Summary:

Kerala Blasters vs North East United Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com