ADVERTISEMENT

പാംപ്‌‌ലോന (സ്പെയിൻ) ∙ ടോൾ ഗേറ്റുകൾ കടന്ന് ‘ഓവർ സ്പീഡി’ൽ കുതിച്ച ബാർസിലോനയ്ക്ക് പെറ്റിയടിച്ച് ഒസാസൂന! സ്പാനിഷ് ലീഗ് ഫുട്ബോളിൽ തുടരെ 7 മത്സരങ്ങൾ ജയിച്ചു മുന്നേറിയ ബാർസ എട്ടാം മത്സരത്തിൽ ഒസാസൂനയോടു തോറ്റു (4–2). ഈ മത്സരം കൂടി ജയിച്ചിരുന്നെങ്കിൽ ബാർസയ്ക്ക് ലാലിഗ സീസണിൽ ക്ലബ്ബിന്റെ ഏറ്റവും മികച്ച തുടക്കം എന്ന റെക്കോർഡിന് ഒപ്പമെത്താമായിരുന്നു. 2013–14 സീസണി‍ൽ ആദ്യ 8 മത്സരങ്ങൾ ജയിച്ചതാണ് റെക്കോർഡ്. 

ഹോം ഗ്രൗണ്ടായ എൽ സദർ സ്റ്റേഡിയത്തിൽ ക്രൊയേഷ്യൻ താരം ആന്റെ ബുദിമിറിന്റെ ഇരട്ടഗോളുകളാണ് ഒസാസൂനയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ചത്. 18, 72 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ബുദിമിറിന്റെ ഗോളുകൾ. ബ്രയാൻ സരഗോസ (28), ആബേൽ ബ്രിട്ടോൺസ് (85) എന്നിവരും ഒസാസൂനയ്ക്കായി ലക്ഷ്യം കണ്ടു. പൗ വിക്ടർ (53), ലമീൻ യമാൽ (89) എന്നിവരുടെ ഗോളിൽ ബാർസ തിരിച്ചടിച്ചെങ്കിലും തോൽവി ഒഴിവാക്കാനായില്ല. തോറ്റെങ്കിലും 21 പോയിന്റുമായി ബാർസ തന്നെയാണ് ലീഗ് പട്ടികയിൽ ഒന്നാമത്. 14 പോയിന്റുള്ള ഒസാസൂന ആറാം സ്ഥാനത്താണ്. സ്വിസ് ക്ലബ് യങ് ബോയ്സിനെതിരെ നാളത്തെ ചാംപ്യൻസ് ലീഗ് മത്സരം മുന്നിൽക്കണ്ട് ലമീൻ യമാൽ, റാഫീഞ്ഞ, 

ഇനിഗോ മാർട്ടിനസ് എന്നിവരെയെല്ലാം റിസർവ് ബെഞ്ചിലിരുത്തിയാണ് ബാർസ കോച്ച് ഹാൻസി ഫ്ലിക്ക് ടീമിനെ ഇറക്കിയത്. ഒസാസൂനയുടെ ഹൈ  പ്രെസ്സിങ്ങിനു മുന്നിൽ പകച്ച ബാർസയ്ക്ക് കളിയുടെ തുടക്കത്തിൽ തന്നെ താളം തെറ്റി. ബയൺ മ്യൂണിക്കിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ എത്തിയ ഇരുപത്തിമൂന്നുകാരൻ ബ്രയാൻ സരഗോസയാണ് ബാർസ പ്രതിരോധത്തെ കൂടുതൽ വിറപ്പിച്ചത്. അര മണിക്കൂറിനുള്ളിൽ തന്നെ 2–0 ലീഡ് നേടിയ ഒസാസൂന അവസാനം വരെ ആവേശം നിലനിർത്തുകയും ചെയ്തു.

English Summary:

Barca lost against Osasuna in the Spanish league

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com