ഗോൾമഴ സൃഷ്ടിച്ച് ഡോർട്മുണ്ടിനും സിറ്റിക്കും ബാർസയ്ക്കും ജയം; പിഎസ്ജിയെ വീഴ്ത്തി ആർസനൽ (2–0)
Mail This Article
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്കെതിരെ തകർപ്പൻ വിജയവുമായി ആർസനൽ. ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ആർസനൽ പിഎസ്ജിയെ വീഴ്ത്തിയത്. ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 20–ാം മിനിറ്റിൽ കയ് ഹാവർട്സും 35–ാം മിനിറ്റിൽ ബുകായോ സാകയുമാണ് ആർസനലിനായി ലക്ഷ്യം കണ്ടത്. ആദ്യ മത്സരത്തിൽ അറ്റലാന്റ ആർസലിനെ സമനിലയിൽ കുരുക്കിയിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച പിഎസ്ജി രണ്ടു തവണ ഗോളിന് തൊട്ടടുത്തെത്തിയതാണ്. ആദ്യ പകുതിയിൽ ന്യൂനോ മെൻഡസിന്റെയും രണ്ടാം പകുതിയിൽ ജാവോ നെവെസിന്റെയും ഷോട്ടുകൾ പോസ്റ്റിൽത്തട്ടി തെറിച്ചത് തിരിച്ചടിയായി.
മറ്റൊരു മത്സരത്തിൽ ബാർസിലോന സ്വിസ് ക്ലബ് യങ് ബോയ്സിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു. സൂപ്പർതാരം റോബർട്ടോ ലെവൻഡോവിസ്കി മത്സരത്തിന്റെ ഇരുപകുതികളിലുമായി നേടിയ ഗോളുകളാണ് അവർക്ക് അനായാസ വിജയം സമ്മാനിച്ചത്. 8, 51 മിനിറ്റുകളിലായിരുന്നു ലെവൻഡോവിസ്കിയുടെ ഗോളുകൾ. റാഫീഞ്ഞ (34), ഇനിഗോ മാർട്ടിനസ് (37) എന്നിവരാണ് ബാർസയുടെ മറ്റു ഗോളുകൾ നേടിയത്. മുഹമ്മദ് അലി കമാറ 81–ാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളോടെ ബാർസയുടെ ഗോൾപട്ടിക പൂർണം.
ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ട് സ്കോട്‌ലൻഡിൽ നിന്നുള്ള സെൽറ്റിക്കിനെ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് തകർത്തു. ഡോർട്മുണ്ടിനായി കരിം അഡെയേമി ഹാട്രിക് നേടി. 11, 29, 42 മിനിറ്റുകളിലായിരുന്നു അഡെയേമിയുടെ ഹാട്രിക് ഗോളുകൾ. സെർഹു ഗ്വിറാസിയുടെ ഇരട്ടഗോളുകളും ഡോർട്മുണ്ടിന് കരുത്തായി. 40 (പെനൽറ്റി), 66 മിനിറ്റുകളിലായിരുന്നു ഗ്വിറാസിയുടെ ഗോളുകൾ. ആദ്യ ഗോൾ എംറി കാനും (7, പെനൽറ്റി), ഏഴാം ഗോൾ എൻമെച്ചയും (79) നേടി. സെൽറ്റിക്കിന്റെ ആശ്വാസഗോൾ 9–ാം മിനിറ്റിൽ ഡയ്സൻ മയേഡ നേടി.
മാഞ്ചസ്റ്റർ സിറ്റി സ്ലൊവാക്യൻ ക്ലബ് സ്ലൊവാൻ ബ്രാട്ടിസ്ലാവയ്‌ക്കെതിരെയും തകർപ്പൻ വിജയം നേടി. ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. ഇയാൻ ഗുണ്ടോഗൻ (8–ാം മിനിറ്റ്), ഫിൽ ഫോഡൻ (15), എർലിങ് ഹാലണ്ട് (58), മക്കാറ്റീ (74) എന്നിവരാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്.
മറ്റു മത്സരങ്ങളിൽ ബയേർ ലെവർക്യൂസൻ എസി മിലാനെയും (1–0), ബ്രെസ്റ്റ് റെഡ് ബുൾ സാൽസ്ബർഗിനെയും (4–0), ഇന്റർ മിലാൻ റെഡ് സ്റ്റാർ ബെൽഗ്രേഡിനെയും (4–0) തോൽപ്പിച്ചു. പിഎസ്‌വി – സ്പോർട്ടിങ് സിപി മത്സരവും (1–1), സ്റ്റുട്ഗാർട്ട് – സ്പാർട്ട പ്രേഗ് മത്സരവും (1–1) സമനിലയിൽ അവസാനിച്ചു.