ആദ്യപകുതിയിൽ പിറന്നത് 4 ഗോളുകൾ, രണ്ടാം പകുതിയിൽ പാഴാക്കിയത് അതിലേറെ; ഒഡീഷ–ബ്ലാസ്റ്റേഴ്സ് പോരാട്ടം സമാസമം (2–2)– വിഡിയോ
Mail This Article
ഭുവനേശ്വർ∙ ആദ്യ പകുതിയിൽ പിറന്ന എണ്ണം പറഞ്ഞ നാലു ഗോളുകൾ, രണ്ടാം പകുതിയിൽ പിറക്കാതെ പോയ എണ്ണമില്ലാത്ത എത്രയോ ഗോളുകൾ, ഒപ്പം ബ്ലാസ്റ്റേഴ്സിന് റഫറി അനുവദിക്കാതെ പോയ ഒരു പെനൽറ്റിയും... ഇരു ടീമുകളും കളത്തിലും കണക്കിലും ഒപ്പത്തിനൊപ്പം പൊരുതിയ ആവേശപ്പോരാട്ടത്തിൽ സമനിലയ്ക്ക് കൈകൊടുത്ത് കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്‍സിയും. ആവേശം വാനോളമുയർന്ന മത്സരത്തിൽ രണ്ടു ഗോൾ വീതം നേടിയാണ് ഇരു ടീമുകളും സമനിലയ്ക്ക് സമ്മതിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് നാലു ഗോളുകളും പിറന്നത്.
കേരള ബ്ലാസ്റ്റേഴ്സിനായി വിദേശ താരങ്ങളായ നോഹ സദൂയി (18–ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (21) എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഒഡീഷയുടെ ആദ്യ ഗോൾ 29–ാം മിനിറ്റിൽ അലക്സാണ്ടർ കോയെഫ് വക സെൽഫ് ഗോൾ. രണ്ടാം ഗോൾ 36–ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോ നേടി. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും മികച്ച ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളിലെത്തിക്കാനായില്ല. ഇതോടെ നാലു കളികളിൽനിന്ന് ഒരു വിജയവും രണ്ടു സമനിലയും സഹിതം അഞ്ച് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനതെത്തി. ഒരു ജയവും സമനിലയും ഹിതം നാലു പോയിന്റുള്ള ഒഡീഷ ഒൻപതാം സ്ഥാനത്താണ്.
∙ ഗോളുകൾ വന്ന വഴി
കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ: 18–ാം മിനിറ്റ്. തുടക്കം മുതൽ ഒഡീഷ ബോക്സിൽ ചെലുത്തിയ സമ്മർദ്ദത്തിന് ബ്ലാസ്റ്റേഴ്സിന് പ്രതിഫലം ലഭിച്ച നിമിഷം. ബോക്സിനു പുറത്തുനിന്നെത്തിയ പന്ത് ബോക്സിനുള്ളിലേക്ക് ഓടിക്കിയറിയ പ്രീതം കോട്ടാൽ ഒപ്പമോടിയെത്തിയ ഹിമെനെ ഹെസൂസിനു മറിച്ചു. ബോക്സിനു നടുവിൽ പന്തുമായി രണ്ടു ചുവടുവച്ച ഹെസൂസ്, ഇടതുവിങ്ങിലൂടെ കുത്തിച്ചെത്തിയ നോഹ സദൂയിക്ക് പന്ത് മറിച്ചു. ഇടതുവിങ്ങിൽനിന്ന് നോഹ സദൂയിയുടെ വലംകാൽ ഷോട്ട് പോസ്റ്റിന്റെ വലതു മൂലയിലേക്ക്. സ്കോർ 1–0.
കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ: മൂന്നു മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സ് ലീഡ് വർധിപ്പിച്ചു. ഇത്തവണ ഗോളടിക്കാനുള്ള നിയോഗം ആദ്യ ഗോളിനു വഴിയൊരുക്കിയ ഹെസൂസിന്. വഴിയൊരുക്കാനുള്ള ദൗത്യം ആദ്യ ഗോളടിച്ച നോഹ സദൂയിക്കും. ഇടതുവിങ്ങിലൂടെ കയറിയെത്തി സദൂയി പന്ത് നേരെ ബോക്സിന്റെ വലതുമൂലയിൽ ആളൊഴിഞ്ഞുനിന്ന ഹെസൂസിനു മറിച്ചു. ലക്ഷണമൊത്ത സ്ട്രൈക്കറുടെ മികവോടെ ഹെസൂസിന്റെ പൊള്ളുന്ന ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിൽ തുളച്ചുകയറി. സ്കോർ 2–0.
ഒഡീഷ എഫ്‍സി ആദ്യ ഗോൾ: ഒരിക്കൽക്കൂടി ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പ്രതിരോധത്തിലെ പിടിപ്പുകേടിൽനിന്ന് എതിരാളികൾ മുതലെടുക്കുന്ന കാഴ്ച. 29–ാം മിനിറ്റിൽ ഒഡീഷ എഫ്‍സിക്ക് അനുകൂലമായി കോർണർ. കോർണറിൽനിന്ന് ലഭിച്ച പന്ത് ഒഡീഷ താരം അഹമ്മദ് ജാഹു ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിലേക്ക് നീട്ടിനൽകി. പന്ത് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ കൈകളിലേക്കാണ് വന്നതെങ്കിലും താരത്തിന് പന്ത് കയ്യിലൊതുക്കാനായില്ല. തട്ടിത്തെറിച്ച പന്ത് കോയെഫിന്റെ ദേഹത്തുതട്ടി വലയിലേക്ക്. ഉടനടി കോയെഫ് പന്ത് അടിച്ചൊഴിവാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പന്ത് ഗോൾലൈൻ കടന്നതായി വിധിച്ച റഫറി ഗോൾ അനുവദിച്ചു. സ്കോർ 1–2.
ഒഡീഷ എഫ്‍സി രണ്ടാം ഗോൾ: 36–ാം മിനിറ്റിൽ ഒഡീഷ വീണ്ടും നിറയൊഴിച്ചു. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ ദൗർബല്യം ഒരിക്കൽക്കൂടി വെളിവായ നിമിഷം. മികച്ചൊരു മുന്നേറ്റത്തിലൂടെ ബ്ലാസ്റ്റേഴ്സ് പകുതിയിലേക്കെത്തിയ ഒഡീഷയുടെ അഹമ്മദ് ജാഹുവിൽനിന്ന് പന്ത് ബോക്സിനു തൊട്ടുപുറത്ത് ഡീഗോ മൗറീഷ്യോയ്‌ക്ക്. താരം പന്തു നേരെ ജെറി മാവിമിങ്താംഗയ്ക്ക് മറിച്ച ശേഷം ബോക്സിനുള്ളിലേക്ക് ഓടിക്കയറി. ജെറിയിൽനിന്ന് തിരികെ ലഭിച്ച പന്തിൽ മൗറീഷ്യയോടു ഷോട്ട്. സച്ചിൻ സുരേഷ് തടയാൻ ശ്രമിച്ചെങ്കിലും കാലുകൾക്കിടയിലൂടെ പന്ത് വലയിൽ. സ്കോർ 2–2.
∙ തുടക്കം ബ്ലാസ്റ്റേഴ്സ്, പിന്നെ ഒഡീഷ
വിസിൽ മുഴങ്ങി ആദ്യ മിനിറ്റിൽത്തന്നെ ഡീഗോ മൗറീഷ്യോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷ് രക്ഷപ്പെടുത്തുന്ന കാഴ്ചയോടെയാണ് ഗാലറികൾ ഉണർന്നതെങ്കിലും, മത്സരത്തിന്റെ ആദ്യ 15 മിനിറ്റോളം ബ്ലാസ്റ്റേഴ്സിന്റെ ‘ഷോ’യായിരുന്നു. കളത്തിൽ ഒഡീഷയുടെ വലുപ്പം കണ്ട് ഭയക്കാതെ ആക്രമിച്ചു കയറിയ ബ്ലാസ്റ്റേഴ്സ് ആദ്യ 16 മിനിറ്റിൽ നേടിയെടുത്തത് നാല് കോർണറുകൾ. ഇതിന്റെ തുടർച്ചയായിരുന്നു മത്സരത്തിന്റെ ആദ്യ ഗോളും.
5–ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ബോക്സിനുള്ളിൽ നോഹ സദൂയി ഉയർത്തി നൽകിയ പന്ത് ഡാനിഷ് ഫാറൂഖിന്റെ കാൽപ്പാകത്തിന്. പന്ത് പിടിച്ചെടുത്ത് നിറയൊഴിക്കും മുൻപേ ഒഡീഷ ഗോൾകീപ്പർ മുന്നോട്ടുകയറി വന്നു. ഷോട്ടെടുക്കാൻ ഇടമില്ലാതെ ഡാനിഷ് ബോക്സിനുള്ളിൽ വീണ്ടും വട്ടമിട്ട് വരുമ്പോഴേക്കും ഉറച്ച ഗോളവസരം നഷ്ടമായതിന്റെ ഞെട്ടലിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തലയിൽ കൈവച്ചു.
12–ാം മിനിറ്റിൽ ഹ്യൂഗോ ബോമസിന്റെ തകർപ്പൻ ബാക്ക്ഹീൽ പാസ് കൃത്യമായി ഡീഗോ മൗറീഷ്യോയെ തേടിയെത്തിയെങ്കിലും, ക്യാപ്റ്റൻ മിലൻ ഡ്രിൻസിച്ചിന്റെ ഇടപെടൽ അപകടമൊഴിവാക്കി. തൊട്ടടുത്ത മിനിറ്റിൽ വീണ്ടും ഒഡീഷയുടെ മുന്നേറ്റം. ബോക്സിനുള്ളിൽ പന്തു ലഭിച്ച ജെറി വെട്ടിത്തിരിഞ്ഞ് തൊടുത്ത ഷോട്ട് ക്രോസ്ബാറിനു മുകളിലൂടെ ഗാലറിയിലേക്ക്. 15–ാം മിനിറ്റിൽ നോഹ സദൂയിയിലൂടെ വീണ്ടും ബ്ലാസ്റ്റേഴ്സ്. ഇടതുവിങ്ങിലൂടെ മുന്നേറിയെത്തി തടയാനെത്തിയ ഒഡീഷ പ്രതിരോധനിര താരത്തിന്റെ കാലുകൾക്കിടയിലൂടെ പന്തു നിരക്കി പിടിച്ചെടുത്ത് ഹിമെനെ ഹെസൂസിനു മറിച്ചെങ്കിലും അതിനു മുൻപേ ഒഡീഷ പ്രതിരോധം വീണുകിടന്ന് അപകടം ഒഴിവാക്കി.
ആദ്യ ഗോളിനു തൊട്ടുപിന്നാലെ 23–ാം മിനിറ്റിൽ ഗാലറിയിൽ ആവേശം തീർത്ത് വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. മൈതാന മധ്യത്തിലൂടെ ഹെസൂസ് ഹിമെനെ ബോക്സിനുള്ളിലേക്ക് കടക്കുമ്പോൾ ഇരുവശത്തും ഓരോ ബ്ലാസ്റ്റേഴ്സ് താരങ്ങളും ഒപ്പമുണ്ടായിരുന്നു. ഒഡീഷ പ്രതിരോധം ചെലുത്തിയ സമ്മർദ്ദത്തിനിടെ പന്ത് പാസ് ചെയ്യാനാകാതെ ഹെസൂസ് ഷോട്ടിനു ശ്രമിച്ചെങ്കിലും വിഫലമായി. ഇരു ടീമുകളും ഗോൾമഴ തീർത്ത നിമിഷങ്ങൾക്കൊടുവിൽ ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ലീഡെടുക്കാൻ ഒഡീഷയ്ക്ക് മികച്ച അവസരം ലഭിച്ചതാണ്. ഡീഗോ മൗറീഷ്യോയുടെ ഹെഡർ സച്ചിൻ സുരേഷ് പാടുപെട്ട് കുത്തിയകറ്റിയത് ഭാഗ്യം!
∙ അവസര നഷ്ടങ്ങളുടെ രണ്ടാം പകുതി
രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ ഡീഗോ മൗറീഷ്യോയെ പിൻവലിച്ച് അപകടകാരിയായ റോയ് കൃഷ്ണയെ ഒഡീഷ പരിശീലകൻ കളത്തിലിറക്കി. ജെറിക്കു പകരം റഹിം അലിയുമെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹിമെനെ ഹെസൂസിനു ലഭിച്ച രണ്ട് അവസരങ്ങളിൽ താരത്തിന്റെ ഷോട്ട് പുറത്തുപോയി. 67-മിനിറ്റിൽ സെറ്റ് പീസിൽനിന്ന് നോഹ സദൂയി ഉയർത്തിവിട്ട പന്തിൽ മിലോസ് ഡ്രിൻസിച്ച് തൊടുത്ത ഹെഡർ നേരിയ വ്യത്യാസത്തിന് പുറത്തുപോയത് ബ്ലാസ്റ്റേഴ്സിന് നിർഭാഗ്യമായി.
മത്സരം അവസാന 20 മിനിറ്റിലേക്ക് കടന്നതോടെ തുടർച്ചയായി മൂന്ന് സബ്സ്റ്റിറ്റ്യൂഷനുകളുമായി പരിശീലകൻ മികായേൽ സ്റ്റാറെ ടീമിനെ ‘ഉണർത്തി’. ഡാനിഷ് ഫാറൂഖിനു പകരം മുഹമ്മദ് ഐമൻ, രാഹുലിനു പകരം മുഹമ്മദ് അസ്ഹർ, കോയെഫിനു പകരം അഡ്രിയൻ ലൂണ എന്നിവരാണ് കളത്തിലെത്തിയത്.
80-ാം മിനിറ്റിൽ വിബിൻ മോഹന്റെ മികച്ചൊരു പാസിന് നോഹ സദൂയി തലവച്ചെങ്കിലും പന്ത് പുറത്തുപോയി. മത്സരം അവസാന നിമിഷങ്ങളിലേക്ക് കടന്നതോടെ സന്ദീപ് സിങ്ങിനെ പിൻവലിച്ച് ഹോർമിപാമിനെയും ഹെസൂസിനെ പിൻവലിച്ച് ക്വാമി പെപ്രയെയും കളത്തിലിറക്കി. 88–ാം മിനിറ്റിൽ ഒഡീഷ താരം ഗോൾകീപ്പറിനു നൽകിയ മൈനസ് പാസ് പാളിയതോടെ ലൂണ ഓടിയെത്തിയെങ്കിലും, ഗോളിയുമായുള്ള കൂട്ടപ്പൊരിച്ചിലിൽ പന്ത് പോസ്റ്റിൽച്ചാരി പുറത്തുപോയി. 90–ാം മിനിറ്റിൽ ഒഡീഷ ബോക്സിനുള്ളിൽ നോഹ സദൂയിയെ ഒഡീഷ താരം വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സ് പെനൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.
ഇൻജറി ടൈമിൽ റോയ് കൃഷ്ണയുടെ ഒരു തകർപ്പൻ മുന്നേറ്റം ഗോളാകാതെ പോയത് ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യം. മറുവശത്ത്, നോഹ സദൂയിയുടെ ഒരു തകർപ്പൻ പാസിന് കാൽവച്ചാൽ ഗോളാകുമായിരുന്നെങ്കിലും, ഒഡീഷ താരങ്ങളുടെ പ്രസിങ്ങിൽ ക്വാമി പെപ്ര വീണുപോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.