ADVERTISEMENT

ലണ്ടൻ ∙ ബയൺ മ്യൂണിക് ഗോൾകീപ്പർ മാനുവൽ നോയർക്ക് ‘ടിപ്സ്’ പറഞ്ഞു കൊടുക്കാൻ മാത്രം ധൈര്യമുള്ള ഏതെങ്കിലും ഗോൾകീപ്പർ ഇന്നു ലോകത്തുണ്ടോ? ഉണ്ട്. ആസ്‌റ്റൻ വില്ലയുടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്! ഫ്രാൻസിനെതിരെ ലോകകപ്പ് ഫൈനലിലെ പ്രകടനം ഓർമിപ്പിച്ച ഉജ്വല സേവുകളോടെ എമിലിയാനോ കൈയും കാലും വിരിച്ചു നിന്നപ്പോൾ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ബയൺ മ്യൂണിക്കിനെതിരെ ഇംഗ്ലിഷ് ക്ലബ് ആസ്റ്റൻ വില്ലയ്ക്ക് അപൂർവ സുന്ദര ജയം (1–0).

ഗോൾമുഖം കൊട്ടിയടച്ച് എമിലിയാനോ ആസ്റ്റൻ വില്ലയെ കാത്തപ്പോൾ സ്വന്തം ഏരിയ വിട്ടിറങ്ങിയ നോയറുടെ അമിത ആത്മവിശ്വാസമാണ് വില്ലയുടെ വിജയഗോളിനു വഴിയൊരുക്കിയത്. 79–ാം മിനിറ്റിൽ, ഓടിയെത്തിയ നോയറുടെ തലയ്ക്കു മുകളിലൂടെ ഇരുപതുകാരൻ കൊളംബിയൻ താരം ജോൺ ദുരാൻ പന്തിനെ വലയിലെത്തിച്ചു.

സ്പാനിഷ് ടീമുകളായ റയൽ മഡ്രിഡ്, അത്‌ലറ്റിക്കോ മഡ്രിഡ് എന്നിവരും ഇന്നലെ അപ്രതീക്ഷിത തോൽവിയേറ്റു വാങ്ങി. ഫ്രഞ്ച് ക്ലബ് ലീലിന്റെ മൈതാനത്ത് 1–0നായിരുന്നു നിലവിലെ ചാംപ്യൻമാരായ റയലിന്റെ തോൽവി.  പെനൽറ്റി കിക്കിലൂടെ ജൊനാഥൻ ഡേവിഡാണ് ലീലിന്റെ ഗോൾ നേടിയത്. ബെൻഫിക്കയ്ക്കെതിരെ അത്‌ലറ്റിക്കോ മഡ്രിഡിന്റെ തോൽവി അതിലും കടുത്തതായി (4–0).

ആൻഫീൽഡിൽ ലിവർപൂൾ, ഇറ്റാലിയൻ ക്ലബ് ബൊളോന്യയെ 2–0നു തോൽപിച്ചു. അലക്സിസ് മക്കലിസ്റ്റർ (11–ാം മിനിറ്റ്), മുഹമ്മദ് സലാ (75) എന്നിവരാണ് ഗോൾ നേടിയത്. ഗോൾകീപ്പർ മിഷേൽ ഡി ഗ്രിഗോറിയോ ചുവപ്പു കാർഡ് കണ്ടിട്ടും യുവന്റസ് 3–2ന് ലൈപ്സീഗിനെതിരെ ജയിച്ചു.  അറ്റലാന്റ 3–0ന് ഷക്തറിനെയും ഫെയനൂർദ് 3–2ന് ജിറോണയെയും തോൽപിച്ചു. മൊണക്കോ, ഡൈനമോ സാഗ്രെബിനെതിരെ സമനില നേടി (2–2). ക്ലബ് ബ്രൂഹ് 1–0ന് സ്റ്റം ഗ്രാസിനെ തോൽപിച്ചു.

English Summary:

UEFA Champions League Updates, LOSC Lille vs Real Madrid Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com