അപരാജിത കുതിപ്പ് തുടർന്ന് കണ്ണൂർ വോറിയേഴ്സ്; തൃശൂർ മാജിക് എഫ്‍സിയെ 2–1ന് തോൽപ്പിച്ചു, ഒന്നാമത് തുടരുന്നു
Mail This Article
കണ്ണൂർ∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വോറിയേഴ്സ് എഫ്‍സിയുടെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്നു നടന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്‍സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കണ്ണൂർ തകർത്തു. മത്സരത്തിന്റെ നാലാം മിനിറ്റിൽത്തന്നെ ലീഡു നേടിയ തൃശൂരിനെ, പിന്നിൽനിന്ന് തിരിച്ചടിച്ചാണ് കണ്ണൂർ വീഴ്ത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.
നാലാം മിനിറ്റിൽ അർജുനാണ് തൃശൂർ മാജിക് എഫ്‍സിക്കായി ആദ്യ ഗോൾ നേടിയത്. ആദ്യ അരമണിക്കൂറോളം നേരം തൃശൂർ ലീഡ് നിലനിർത്തിയെങ്കിലും 31–ാം മിനിറ്റിൽ സാർദിനെറോയും 43–ാം മിനിറ്റിൽ റിഷാദും നേടിയ ഗോളുകൾ കണ്ണൂരിന് വിജയം സമ്മാനിച്ചു.
ആറു കളികളിൽനിന്ന് മൂന്നാം ജയം കുറിച്ച കണ്ണൂർ വോറിയേഴ്സ് എഫ്‍സി മൂന്നു സമനിലകൾ കൂടി സഹിതം ആകെ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. സീസണിലെ നാലാം തോൽവി വഴങ്ങിയ തൃശൂർ മാജിക് എഫ്‍സി, രണ്ടു പോയിന്റുമായി അവസാന സ്ഥാനത്താണ്.