ADVERTISEMENT

കൊൽക്കത്ത ∙ മധ്യപൂർവദേശത്തു തുടരുന്ന സംഘർഷം ഇന്ത്യൻ ഫുട്ബോളിനെയും ബാധിച്ചു! സുരക്ഷാ ഭീഷണി മൂലം ഇറാൻ ക്ലബ് ട്രാക്ടർ എസ്‌സിയുമായുള്ള മത്സരത്തിൽ നിന്നു വിട്ടുനിന്ന കൊൽക്കത്ത ക്ലബ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്, എഎഫ്സി ചാംപ്യൻസ് ലീഗ് 2 ചാംപ്യൻഷിപ്പിൽ നിന്നു പുറത്തായി. ഏഷ്യയിലെ രണ്ടാം നിര ക്ലബ് ചാംപ്യൻഷിപ്പിലെ മത്സരത്തിന് ഇറാനിലേക്കു പോകാതിരുന്നതോടെ ബഗാന്റെ മറ്റു മത്സരങ്ങളും ‘ഫലമില്ല’ എന്ന കണക്കിൽപ്പെടുത്തിയെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) അറിയിച്ചു.

ബഗാൻ ചാംപ്യൻഷിപ്പിൽ നിന്നു പിൻമാറിയതായും ഔദ്യോഗിക രേഖകളിലുണ്ടാവും. തീരുമാനത്തിൽ ബഗാൻ മാനേജ്മെന്റോ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനോ പ്രതികരിച്ചിട്ടില്ല. 

  • Also Read

മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് ഒക്ടോബർ 2ന് ഇറാൻ നഗരമായ തബ്രിസിൽ നടക്കേണ്ടിയിരുന്ന മത്സരത്തിൽ നിന്ന് ബഗാൻ പിന്മ‍ാറിയത്. ഇസ്രയേലുമായി തുടരുന്ന സംഘർഷാവസ്ഥ മൂലം ഇറാനിലെ സുരക്ഷാ സാഹചര്യങ്ങളിൽ കളിക്കാർ ആശങ്ക പ്രകടിപ്പിച്ചതു കൊണ്ടാണ് പിൻമാറ്റമെന്ന് നേരത്തേ എഎഫ്സിക്കയച്ച കത്തിൽ ബഗാൻ വ്യക്തമാക്കിയിരുന്നു.

മത്സരം നിഷ്പക്ഷവേദിയിലേക്കു മാറ്റുകയോ തീയതി മാറ്റുകയോ ചെയ്യണം എന്നായിരുന്നു ബഗാന്റെ ആവശ്യം. ബഗാൻ പിന്മ‍ാറ്റം പ്രഖ്യാപിച്ചതിനു പിറ്റേന്നാണ് ഇറാൻ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയത്. എന്നാൽ ഇക്കാര്യങ്ങളൊന്നും എഎഫ്സി പരിഗണിച്ചില്ല. 

എഎഫ്സി ചാംപ്യൻസ് ലീഗ് 2വിൽ ട്രാക്ടർ എസ്‌സി, ഖത്തർ ക്ലബ് അൽ വക്ര, തജിക്കിസ്ഥാ‍ൻ ക്ലബ് എഫ്സി റവ്‌ഷൻ കുലോബ് എന്നിവർക്കൊപ്പമായിരുന്നു ബഗാൻ. ആദ്യ മത്സരത്തിൽ ബഗാൻ എഫ്സി റവ്‌ഷനോടു ഗോൾരഹിത സമനില വഴങ്ങിയിരുന്നു. എന്നാൽ ഈ മത്സരവും ഫലമില്ല എന്ന രീതിയിലാവും ഇനി പരിഗണിക്കുക.

English Summary:

Mohun Bagan out of AFC Champions League for skipping match in Iran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com