ആദ്യ പകുതിയിൽ 2–0ന് പിന്നിൽ, രണ്ടാം പകുതിയിൽ 5 ഗോൾ തിരിച്ചടിച്ച് റയൽ; ആർസനലിനും വില്ലയ്ക്കും ജയം– വിഡിയോ
Mail This Article
മഡ്രിഡ്∙ യുവേഫ ചാംപ്യൻസ് ലീഗിൽ നിലവിലെ ചാംപ്യൻമാരായ റയൽ മഡ്രിഡിന് തകർപ്പൻ ജയം. ജർമൻ കരുത്തുമായെത്തിയ ബൊറൂസിയ ഡോർട്മുണ്ടിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയൽ തകർത്തത്. ബ്രസീലിയൻ യുവതാരം വിനീസ്യൂസ് ജൂനിയർ ഹാട്രിക്കുമായി മിന്നിയ മത്സരത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ചാണ് റയലിന്റെ വിജയം. ആദ്യപകുതിയിൽ റയൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്നു.
62, 86, 90+3 മിനിറ്റുകളിലായാണ് വിനീസ്യൂസ് ജൂനിയർ ലക്ഷ്യം കണ്ടത്. അന്റോണിയോ റുഡിഗർ (60–ാം മിനിറ്റ്), ലൂക്കാസ് വാസ്ക്വസ് (83) എന്നിവരാണ് റയലിനായി ശേഷിക്കുന്ന രണ്ടു ഗോളുകൾ നേടിയത്. ആദ്യപകുതിയിൽ വെറും നാലു മിനിറ്റിനിടെ രണ്ടു ഗോൾ നേടിയാണ് ബൊറൂസിയ ഡോർട്മുണ്ട് റയലിനെതിരെ ലീഡെടുത്തത്. 30–ാം മിനിറ്റിൽ ഡോണിൽ മലനും 34–ാം മിനിറ്റിൽ ജാമി ഗിട്ടൻസുമാണ് ബൊറൂസിയയ്ക്ക് ലീഡ് സമ്മാനിച്ചത്.
അതേസമയം, ഇറ്റാലിയൻ കരുത്തരായ യുവെന്റസിനെ ജർമൻ ക്ലബ് സ്റ്റുറ്റ്ഗാർട്ട് അട്ടിമറിച്ചു. ഇൻജറി ടൈമിൽ നേടിയ ഏക ഗോളിനാണ് സ്റ്റുട്ട്ഗാർട്ടിന്റെ വിജയം. ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിൽ എൽ ബിലാൽ ടൂറേയാണ് ലക്ഷ്യം കണ്ടത്. രണ്ടാം മഞ്ഞക്കാർഡ് കണ്ട ഡാനിലോ പുറത്തുപോയതിനാൽ 10 പേരുമായാണ് യുവെ മത്സരം പൂർത്തിയാക്കിയത്.
ഫ്രഞ്ച് കരുത്തുമായെത്തിയ പിഎസ്ജിയെ ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവൻ സമനിലയിൽ തളച്ചു. ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനിലയ്ക്കു സമ്മതിച്ചത്. ആദ്യ പകുതിയിൽ നോവ ലാങ് (34–ാം മിനിറ്റ്) നേടിയ ഗോളിൽ മുന്നിൽക്കയറിയ പിഎസ്‌വിയെ, രണ്ടാം പകുതിയിൽ അച്റഫ് ഹക്കിമി (55–ാം മിനിറ്റ്) നേടിയ ഗോളിലാണ് പിഎസ്ജി സമനിലയിൽ തളച്ചത്.
മറ്റു മത്സരങ്ങളിൽ ആർസനൽ ഷാക്തർ ഡോണട്സ്കിനെയും (1–0) ആസ്റ്റൺ വില്ല ബൊലോഗ്‌നയെയും (2–0), മൊണാക്കോ റെഡ് സ്റ്റാർ ബെൽഗ്രേഡിനെയും (5–1), എസി മിലാൻ ക്ലബ് ബ്രൂഗിനെയും (3–1), ജിറോണ സ്ലോവൻ ബ്രാട്ടിസ്ലാവയെയും (2–0), തോൽപ്പിച്ചു.